ഇനി സൂചിയില്ലാ വാക്‌സിനും; 'സൈകോവ്-ഡി'ക്ക് കേന്ദ്രാനുമതി
കോവാക്‌സിനുശേഷം പൂർണമായും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് സൈകോവ്-ഡി
രാജ്യത്തെ രണ്ടാമത്തെ സമ്പൂർണ തദ്ദേശീയ വാക്സിനായ 'സൈകോവ്-ഡി'ക്ക് കേന്ദ്രാനുമതി. അഹ്‌മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്നു നിർമാതാക്കളായ സൈഡസ് കാഡിലയുടെ സൂചിയില്ലാ വാക്സിന് അടിയന്തര ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. വിദഗ്ധ സമിതിയുടെ ശിപാർശപ്രകാരം ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ) ആണ് അംഗീകാരം നൽകിയത്.
കോവാക്‌സിനുശേഷം പൂർണമായും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് സൈകോവ്-ഡി. 12 വയസിനുമുകളിലുള്ളവരിൽ പരീക്ഷിച്ച് ഫലപ്രദമാണെന്നു കണ്ടെത്തിയ വാക്‌സിൻ മൂന്ന് ഡോസാണ് എടുക്കേണ്ടത്. 66 ശതമാനമാണ് വാക്സിന്റെ ഫലപ്രാപ്തി. അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനി നേരത്തെ ഡിസിജിഐക്ക് അപേക്ഷ നൽകിയിരുന്നു.
DBT-BIRAC supported ZyCoV-D developed by Zydus Cadila receives emergency use authorization
— PIB India (@PIB_India) August 20, 2021
It is the world's first and India's indigenously developed DNA based #COVID19 vaccine to be administered in humans including children and adults 12 years & abovehttps://t.co/AYBgVBB6Nf
മനുഷ്യരിൽ ഉപയോഗിക്കുന്ന ആദ്യത്തെ ഡിഎൻഎ വാക്സിൻ കൂടിയാണ് സൈകോവ്-ഡി. സൂചിയില്ലാതെയാകും വാക്സിൻ നൽകുക. ട്രോപിസ് എന്ന സംവിധാനം വഴിയായിരിക്കും വാക്‌സിനേഷൻ നടക്കുക. സാധാരണ സൂചിവഴിയുള്ള വാക്സിൻ കുത്തിവയ്പ്പിന്റെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. 12 വയസിനുമുകളിലുള്ള 1,000 കുട്ടികളിൽ വാക്‌സിൻ പരീക്ഷിച്ചിരുന്നു. അവസാനഘട്ടത്തിൽ 27,000ത്തോളം സന്നദ്ധപ്രവർത്തകരിലും പരീക്ഷിച്ചു വിജയം കണ്ടു.
രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന ആറാമത്തെ വാക്‌സിനാണ് സൈകോവ്-ഡി. ജോൺസൻ ആൻഡ് ജോൺസന്റെ ജാൻസെൻ വാക്‌സിനാണ് ഒടുവിൽ അനുമതി ലഭിച്ചത്. കോവാക്‌സിൻ, കോവിഷീൽഡ്, സ്പുട്‌നിക്, മൊഡേണ എന്നിവയാണ് മറ്റ് അംഗീകൃത വാക്‌സിനുകൾ.
Adjust Story Font
16