പ്രണയവും ഗസലും മഴയായി പെയ്യുമ്പോള്‍: റാസയും ബീഗവും പറയുന്നു....
തങ്ങളുടെ ഗസല്‍ വഴികളെ കുറിച്ച് ഇതുവരെ പറയാത്ത വിശേഷങ്ങളുമായി റാസയും ബീഗവും.. മീഡിയ വണ്‍ വെബ്ബ് എക്സ്‍ക്ലൂസീവ്..
മഴചാറുന്ന ഇടവഴികളില്‍ ഓമലാളെ കിനാവുകാണുന്ന ഓരോ പ്രണയിനിയുടെ മനസ്സിലേക്കും അറിയാതെ കയറി വരുന്ന ഒരു ശബ്ദമുണ്ട്... സംഗീതമുണ്ട്... ഒരു പേരുണ്ട്... റാസ ബീഗം...
ആ പേരിന് പിന്നിലുള്ളത് ഒരാളല്ല, രണ്ടു പേരാണ്.. ഒരു പ്രണയമാണ്.. സംഗീതത്തെ പ്രണയിച്ച രണ്ട് ജീവിതങ്ങളാണ്... റാസയും ബീഗവും...
തങ്ങളുടെ ഗസല്‍ വഴികളെ കുറിച്ച് ഇതുവരെ പറയാത്ത വിശേഷങ്ങളുമായി റാസയും ബീഗവും.. മീഡിയ വണ്‍ വെബ്ബ് എക്സ്‍ക്ലൂസീവ്..
റാസ ആന്‍റ് ബീഗമെന്നാണ്... റാസയെന്ന് കേള്‍ക്കുമ്പോള്‍ സ്ത്രീയുടെ പേരായും ഇംതിയാസ് എന്ന് കേള്‍ക്കുമ്പോള്‍ പുരുഷന്‍റെ പേരായും തെറ്റിദ്ധരിക്കപ്പെടാറുണ്ടോ?
റാസ എന്നുള്ള പേരും ഇംതിയാസ് എന്നു പേരും നമ്മുടെ കേരളത്തിലുള്ള ആളുകള്‍ക്ക് കേട്ടുപരിചയമില്ലാത്തതിനാലാവും അത്... ബീഗത്തിന്‍റെ മുഴുവന്‍ പേര് ഇംതിയാസ് ബീഗമെന്നാണ്... എന്‍റേത് അബ്ദുല്‍ റസാഖ് എന്നും. ഇംതിയാസ് ബീഗം, ഷംസാദ് ബീഗം എന്നതൊക്കെ നോര്‍ത്തിന്ത്യയിലും പാകിസ്ഥാനിലുമൊക്കെ സ്ഥിരമായി വിളിച്ചുവരുന്ന പേരുകളാണ്... ഷംസാദ് ബീഗം എന്ന പേരില്‍ പ്രശസ്തയായ ഒരു ഗായിക പോലും ഉണ്ടായിരുന്നു. പക്ഷേ, ഷംസാദ്, ഇംതിയാസ് എന്നുള്ള പേരുകളൊക്കെ നമ്മുടെ നാട്ടില്‍ ആണുങ്ങളുടെ പേരായിട്ടാണ് സാധാരണ ഉപയോഗിച്ച് വരുന്നത്.. അതിന്‍റെ ഒരു കണ്‍ഫ്യൂഷനാവും അത്.
റാസ എന്നുള്ള പേര്, അബ്ദുല്‍ റസാഖ് എന്ന എന്‍റെ പേര് വളരെ ചുരുങ്ങി റാസ ആയതാണ്... ബീഗം എന്നെ ചുരുക്കി വിളിച്ച പേരാണ് റാസ. ഇംതിയാസ് ബീഗത്തെ വീട്ടില്‍ വിളിച്ചിരുന്നത് ബീഗം എന്നും ആയിരുന്നു,. അപ്പോള്‍ രണ്ടാള്‍ക്കും ആ പേരുകളില്‍ തന്നെ പുറത്തും അറിയപ്പെട്ടോട്ടെ എന്നൊരു ഇഷ്ടമുണ്ടായി ഉള്ളില്‍.. റാസയെന്ന് അറിയപ്പെടാനുള്ള ആഗ്രഹത്തിന് പിന്നില്‍ മറ്റൊരു ഇഷ്ടം കൂടിയുണ്ട്. സെയ്ദ് ഹൈദര്‍ റാസ എന്ന ഇന്ത്യയിലെ ഏറ്റവും തലമുതിര്‍ന്ന, ടാലന്‍റഡ് ആയ ലോക പ്രശസ്തനായ ചിത്രകാരന്‍റെ വലിയൊരു ആരാധകനാണ് ഞാന്‍. പേരിലൂടെയെങ്കിലും അദ്ദേഹത്തിന്‍റെ പേരിന്‍റെ ഭാഗമാകാന്‍ കഴിയുന്നത് വലിയ ഭാഗ്യമായും ഞാന്‍ കരുതി.. അങ്ങനെ ഫെയ്സ്ബുക്ക് പേജിലും മറ്റും റാസ റസാഖ് എന്നാക്കി മാറ്റി പേര്...
എനിക്ക് റസാഖ് എന്നൊരു പേര് ഇട്ടതിന് പിന്നില്‍ മറ്റൊരു കൌതുകം കൂടിയുണ്ടായിരുന്നു.. എന്നെ മൂന്നുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഉമ്മ ഒരു സ്വപ്നം കാണുന്നത്.. ജനിക്കാന്‍ പോണ കുട്ടി ആണാണെന്നും അവന് അബ്ദുല്‍ റസാഖ് എന്ന് പേരിടണമെന്നും ആയിരുന്നു ആ സ്വപ്നം.. ഇന്നും അത് ഓര്‍മ്മിക്കുമ്പോള്‍ അതൊരു രസകരമായ സംഭവമായി തോന്നാറുണ്ട്. ഉമ്മ പറഞ്ഞ ആ കഥയുടെ കൌതുകത്തിന്‍റെ പുറത്താണ് റസാഖ് എന്ന പേര് ഒഴിവാക്കാതെ വാലായി കൊണ്ടുനടക്കുന്നത്.. അങ്ങനെയാണ് റാസ റസാഖ് എന്ന പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതും പതിയെ പതിയെ ആ പേര് ഒരു ബ്രാന്‍ഡായി കൊണ്ടുവരുന്നതും..
കണ്ണൂരിന്‍റെ പാട്ടുവഴികളിലാണ് ഒരു തിരുവനന്തപുരത്തുകാരിയും കണ്ണൂരുകാരനും പരസ്പരം കണ്ടെത്തുന്നത്. സംഗീതത്തിനൊപ്പം ഒരുമിച്ച് യാത്ര തുടരാമെന്ന് തീരുമാനിക്കുന്നത്.... ആ ജീവിതത്തെ കുറിച്ച്..
കച്ചവടത്തിനായി കേരളത്തിന് പുറത്ത് നിന്ന് ഇങ്ങോട്ടു വന്നവര്‍, പ്രത്യേകിച്ച് നോര്‍ത്ത് ഇന്ത്യയില്‍ നിന്നൊക്കെ കപ്പലുകളില്‍ വന്നവര്‍, അവര്‍ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും അവര്‍ക്കൊപ്പം ഹിന്ദുസ്ഥാനി സംഗീതത്തെയും കൂടെ കൊണ്ടുവന്നിരുന്നു.. അവരില്‍ പലരും ഗായകന്മാരായിരുന്നു.. അങ്ങനെയാണ് നമ്മുടെ നാട്ടിലെ വൈകുന്നേരങ്ങളിലെ പാട്ടുസദസ്സുകളില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെയും ഗസലിന്‍റെയും ഖവാലിയുടെയും ഒക്കെ സ്വാധീനമുണ്ടായത്, പ്രത്യേകിച്ചും കേരളത്തിലെ തീരപ്രദേശങ്ങളില്‍.. ഇത് കേരളത്തിലെ എല്ലാ സംഗീത വിദ്യാര്‍ത്ഥികള്‍ക്കും അല്ലെങ്കില്‍ അതിനെ കുറിച്ച് വായിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
അതുകൊണ്ട് ഒരു കണ്ണൂരുകാരന് ഹിന്ദുസ്ഥാനി സംഗീതത്തോടും മെഹ്ഫിലുകളോടും ഗസലുകളോടും ഇഷ്ടം തോന്നുന്നതില്‍ വലിയ അത്ഭുതമില്ല... എന്നാല്‍ തിരുവനന്തുപുരത്തുകാരിയായ ബീഗം എങ്ങനെ ആ പാട്ടുവഴിയിലെത്തി എന്നതിന്‍റെ ഉത്തരം, ബീഗത്തിന്‍റെ ബാപ്പ പതിവായി കൊണ്ടുക്കൊടുക്കുന്ന ഗസലിന്‍റെ കാസറ്റുകളിലായിരുന്നു... അങ്ങനെ ഒരുപാട് പഴയ ഹിന്ദി പാട്ടുകള്‍, ഗസലുകള്‍ കേട്ടാണ് ബീഗം വളര്‍ന്നുവന്നത്... മ്യൂസിക്കുമായി ബന്ധപ്പെട്ടാണ് ബീഗത്തിന്‍റെ ചെറുപ്പകാലങ്ങള്‍ മുഴുവന്‍ കടന്നുപോകുന്നത്.. അങ്ങനെയാണ് ബീഗത്തിന് പാട്ടുവഴികളോട് സ്നേഹമുണ്ടാകുന്നതും താത്പര്യമുണ്ടാകുന്നതും... പിന്നീട് ഞങ്ങള്‍ രണ്ടുപേരും കണ്ടുമുട്ടുകയും രണ്ടുപേര്‍ക്കും ഒരേ ഇഷ്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.. ഇപ്പോള്‍ ഒരു മോളുമുണ്ട് കൂടെ, സൈനബുല്‍ യുസ്‌റ. ദയാപുരത്ത് ഒന്നാം ക്ലാസില്‍ പഠിക്കുന്നു.
റാസയെയും ബീഗത്തെയും ആളുകള്‍ അറിഞ്ഞുതുടങ്ങുന്നത് ആരാധിച്ചു തുടങ്ങുന്നത് എപ്പോള്‍ മുതലാണ്? കാരണമായത് ഏത് പാട്ട്, ഏത് വേദി, ഏത് വ്യക്തി എന്ന് ഓര്‍മയുണ്ടോ?
ഗസലുമായി ബന്ധപ്പെട്ട് ഞങ്ങളിങ്ങനെ പാടിനടക്കാന്‍ തുടങ്ങിയിട്ട് ഏകദേശം പത്തുവര്‍ഷത്തിലധികമായി.. ഒരു രണ്ടുവര്‍ഷത്തിനുള്ളിലായിട്ടാണ് സോഷ്യല്‍മീഡിയ വഴി കൂടുതല്‍ ആളുകള്‍ ഞങ്ങളെ അറിയുന്നതും റാസ ആന്‍റ് ബീഗം എന്ന പേര് ശ്രദ്ധിച്ചുതുടങ്ങുന്നതും. പ്രത്യേകിച്ചും ഓമലാളെ എന്ന പാട്ടുമുതല്‍... ആ പാട്ടിന്‍റെ പേരിലാണ് ഇപ്പോഴും ആളുകള്‍ അറിയുന്നത്. പിന്നെ മറ്റുള്ള സോംഗുകള്‍, ഹൃദയങ്ങളൊന്നാകും, മഴചാറുമിടവഴിയില്‍, കരയകലും കപ്പലുപോലെ, എവിടെയോ ഒരാളെന്നേ - ഈ പാട്ടുകളിലൂടെയൊക്കെ ഇപ്പോള്‍ ആളുകള്‍ ഞങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നത്. ഏതായിരുന്നു ആളുകള്‍ തിരിച്ചറിഞ്ഞ ആദ്യത്തെ ഒരു വേദി എന്ന് ചോദിച്ചാല്‍ അത് ഓര്‍മകിട്ടുന്നില്ല... നമ്മുടെ ഈ പാട്ടുവഴിയില്‍ ഒരുപാട് സുഹൃത്തുക്കള്‍, ഗുരുക്കന്മാര്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. ഗുരുക്കന്മാരോടും രക്ഷിതാക്കളോടും നമ്മള്‍ എന്തായോ അതിന്‍റെ കടപ്പാടുമുണ്ട്.. അവരുടെ ഏതൊരു പ്രതികൂല സാഹചര്യത്തില്‍പോലും നമ്മുടെ പാട്ടിനെ, നമ്മുടെ കലയെ, കഴിവുകളെ വളര്‍ത്തുന്നതില്‍ വളരെയധികം താത്പര്യം കാണിച്ചിരുന്നു അവര്‍...
ഓമലാളെ നിന്നെയോര്‍ത്ത്, മഴചാറുമിടവഴിയില്‍- തുടങ്ങി ഓരോ പാട്ടും ആസ്വാദകരെ ഒരു വല്ലാത്ത തലത്തിലേക്ക് കൊണ്ടുപോകുന്നവയാണ്.. പാട്ടുകള്‍, വരികള്‍ എന്നിവ തെരഞ്ഞെടുക്കുമ്പോള്‍ എന്ത് സൂക്ഷ്മതയാണ് പുലര്‍ത്തുന്നത്...
ഞങ്ങളുടെ പാട്ടുകള്‍ ആളുകള്‍ ആസ്വദിക്കുന്നു... അത് അവരെ വല്ലാത്ത ഒരു തലത്തിലേക്ക് എത്തിക്കുന്നു എന്ന് കേള്‍ക്കുന്നത് ഒക്കെ വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്... അത്രമാത്രം ആളുകള്‍ ഞങ്ങളുടെ ഈ പാട്ടുകളെയെല്ലാം മനസ്സില്‍ സൂക്ഷിക്കുന്നു, അല്ലെങ്കില്‍ അത്രമാത്രം വിലകല്‍പ്പിക്കുന്നു, വല്ലാത്ത ഒരു അനുഭവമാണത്..
പാട്ടുകളും വരികളും തെരഞ്ഞെടുക്കുമ്പോള്‍ തുടക്കത്തില്‍ പ്രത്യേകിച്ച് അങ്ങനെയൊരു ശ്രദ്ധയൊന്നും നല്‍കിയിരുന്നില്ല. വളരെ സാധാരണ ജനങ്ങള്‍ക്ക് ആസ്വാദ്യകരമാകുന്ന, ഓര്‍മയില്‍ നില്‍ക്കുന്ന വരികള്‍, അല്ലെങ്കില്‍ അതിന്‍റെ ട്യൂണ്‍.. എന്നാല്‍ ഒരു ശരാശരി നിലവാരത്തിന് താഴെ പോകരുത് എന്നൊക്കെയുള്ള ഒരു നിര്‍ബന്ധബുദ്ധി വരികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് നമ്മളൊക്കെ ഭാസ്കരന്‍ മാഷിന്‍റെയും യൂസഫലി കേച്ചേരിയുടെയും ശ്രീകുമാരന്‍ തമ്പിയുടെയും ഒക്കെ വരികളുടെ വലിയ ഒരു ആരാധകരാണ്. പ്രത്യേകിച്ച് ഭാസ്കരന്‍ മാഷിന്‍റെ വരികളുടെ.. ഒരേ സമയം വളരെ സാധാരണ ജനങ്ങളോട് സംസാരിക്കുന്ന എന്നാല്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന വരികളാണ് ഭാസ്കരന്‍മാഷിന്‍റേതെന്ന് എല്ലാവര്‍ക്കുമറിയാം. അപ്പോള്‍ സ്വാഭാവികമായും നമ്മള്‍ ഓരോ വരികളിലും അതിന്‍റെ ചെറിയൊരു ശതമാനമെങ്കിലും കണ്ടെത്താനുള്ള ഒരു ശ്രമം നടത്താറുണ്ട്.. സുഹൃത്ത് യൂനുസ് സലീമിന്‍റെ ഓമലാളെ നിന്നെയോര്‍ത്ത് എന്ന വരികളോടൊക്കെ തോന്നിയത് അങ്ങനെയൊരു ഇഷ്ടമായിരുന്നു. റഷീദ് പാറക്കല്‍ ഒരു പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ഒരു ആല്‍ബത്തിലെ പാട്ടാണ് മഴചാറുമിടവഴിയില്‍.. ശിവറാമിന്‍റെ സംഗീത സംവിധാനത്തില്‍ വിദ്യാധരന്‍ മാഷാണ് അന്ന് ആ പാട്ട് പാടിയത്. പിന്നീട് ആ പാട്ട് ഞങ്ങള്‍ ഒരു കവര്‍ വേര്‍ഷന്‍ പോലെ പാടുകയായിരുന്നു.. അതിന് വന്‍ സ്വീകാര്യത കിട്ടി..
മലയാളത്തിലെ ഗസലുകളെ പ്രണയഗീതങ്ങള്‍ എന്നാണ് വിളിക്കേണ്ടത് എന്ന് ഒരിക്കല്‍ പറഞ്ഞില്ലേ.. പ്രണയമില്ലാതെ ഗസല്‍ സാധ്യമല്ലേ?
പ്രണയമില്ലാതെയും ഗസല്‍ സാധ്യമാണ്... സത്യത്തില്‍ ഉറുദു ഗസലുകളില്‍ പ്രണയം മാത്രമല്ല, ഭക്തി, രാഷ്ട്രീയം, വിരഹം, നൊസ്റ്റാള്‍ജിയ ഇതൊക്കെ വിഷയങ്ങളായി വന്നിട്ടുണ്ട്. അന്നത്തെ പല ഗസല്‍ ഗായകര്‍ക്കും തങ്ങളുടെ ശബ്ദം വര്‍ഗീയതയ്‍ക്കെതിരെയും രാഷ്ട്രീയപ്രശ്നങ്ങള്‍ക്കെതിരെയും ഉള്ള ഒരു കലാപ്രവര്‍ത്തനവും, സാഹിത്യത്തിലൂടെയുള്ള ഒരു ഇടപെടലും ഒക്കെയായിരുന്നു... ഉറുദുകവികളില്‍ പ്രത്യേകിച്ച് അഹമ്മദ് ഫറാസിന്‍റെ കവിതകള്‍, അഹമ്മദ് ഫറാസൊക്കെ ചില രാഷ്ട്രീയ ഇടപെടലുകളൊക്കെ നടത്തിയതിന്‍റെ പേരില്‍ കുറേ ജയിലിലൊക്കെ കിടന്ന ആളാണ്. ഗസലുകളില്‍ പ്രണയം മാത്രമല്ല വിഷയമായിട്ടുള്ളത്..
മലയാളത്തിലെ ഗസലുകളെ പ്രണയഗീതങ്ങള്‍ എന്നാണ് വിളിക്കേണ്ടത് എന്നല്ല ഞാന്‍ പറഞ്ഞത്.. അത് വ്യക്തിപരമായ ഒരു കാഴ്ചപ്പാട് മാത്രമാണ്... ഗസല്‍ എന്നാല്‍ അത് ഉറുദുവാണ്.. ഉറുദുഭാഷയുമായി ബന്ധപ്പെട്ട ഒരു കവിതാ രൂപമാണത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ മറ്റൊരു ശാഖയാണത്.. മലയാളത്തില്‍ നമ്മള്‍ ഗസല്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.. ഉദാഹരണത്തിന് ഹിന്ദിയില്‍ എങ്ങനെ മാപ്പിളപ്പാട്ട് രചിക്കാം എന്ന് പറയുന്ന ഒരു വിരോധാഭാസമാണ് അതിലുമുള്ളത്..
എന്നുകരുതി ഉമ്പായിക്കായും ഷഹബാസ്ക്കായും ഇതിനകം നമുക്ക് സമ്മാനിച്ചിട്ടുള്ള ഒരുപാടൊരുപാട് നല്ല പ്രണയഗീതങ്ങള്‍ നമുക്ക് ഒരിക്കലും മാറ്റാനും മറക്കാനും കഴിയുകയുമില്ല.. അതിനെയാണ് ആളുകള്‍ സ്നേഹത്തോടെ മലയാളം ഗസലുകള്‍ എന്ന് വിചാരിക്കുന്നതിനെ നമ്മള്‍ കുറ്റം പറയേണ്ടതുമില്ല.. അവര്‍ അത്രമാത്രം മനസ്സില്‍ ഏറ്റെടുത്തതാണ് അത്. ആ പാട്ടുകള്‍ പലര്‍ക്കും സാന്ത്വനമാകുന്നുണ്ട്.. ജീവിതത്തില്‍ എന്തെങ്കിലും വിഷമം വരുമ്പോള്‍ ഉമ്പായിക്കയുടെ ഗസലുകള്‍ കേള്‍ക്കുന്ന ഒരുപാട് ആളുകളുണ്ട്.. അതുകൊണ്ട് മലയാളത്തില്‍ ഗസലുകളില്ല എന്നൊന്നും പറഞ്ഞ് തള്ളിക്കളയാനും നമുക്ക് കഴിയില്ല.. അത് കേള്‍ക്കുന്നവരുടെ, ആസ്വദിക്കുന്നവരുടെ ഒരു വൈകാരിക തലം കൂടി കണക്കിലെടുത്ത് കൊണ്ട് അത് അങ്ങനെ വിട്ടുകൊടുക്കുന്നതാണ് നല്ലത്. മലയാളം ഗസലുകള്‍ കേള്‍ക്കുന്ന, ആസ്വദിക്കുന്നവരെ വിഷമിപ്പിക്കുന്ന തരത്തിലുള്ള ഒരു ചര്‍ച്ചയുടെ ആവശ്യമില്ല എന്തായാലും..
വേദിയിലവതരിപ്പിക്കുന്ന എല്ലാ പാട്ടുകളും യൂട്യൂബില്‍ ഇടുന്നത് കാണുന്നില്ലല്ലോ.. മറ്റു പല അക്കൌണ്ടുകളിലായാണ് വേദിയില്‍ അവതരിപ്പിക്കുന്ന പാട്ടുകള്‍ അപ്‍ലോഡ് ചെയ്ത് കാണുന്നത്. അതിന് എന്തെങ്കിലും മാനദണ്ഡങ്ങളുണ്ടോ?
ഇല്ല... ഒന്ന്, സ്റ്റുഡിയോയില്‍ നിന്ന് പുറത്തുവരുന്ന ഒരു മ്യൂസിക് പ്രൊഡക്ടാണ്. മറ്റേത് ലൈവായി വേദിയില്‍ അവതരിപ്പിക്കുന്ന ഒരു മ്യൂസിക് പ്രൊഡക്ടാണ്. രണ്ടും രണ്ടാണ്. വേദിയിലവതരിപ്പിക്കുന്ന പരിപാടി വിചാരിക്കുന്ന പോലെ വിജയിക്കണമെന്നില്ല. അല്ലെങ്കില്‍ ആസ്വാദ്യകരമാകണമെന്നില്ല. ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുന്നതിലും വലിയ വിജയവും നല്ല ആസ്വാദ്യകരമാകുകയും ചെയ്യും.പ്രത്യേകിച്ച് ലൈവില്‍ സംവിധാനിച്ച ലൈവ് സിസ്റ്റത്തിന് വന്ന പരിമിതികളും അവിടുത്തെ ഓഡിയന്‍സും അന്ന് നമ്മുടെ കൂടെയുണ്ടായിട്ടുള്ള ആര്‍ട്ടിസ്റ്റുകളും ഒക്കെ അന്നത്തെ പരിപാടിയുടെ വിജയത്തെയും തോല്‍വിയെയും ഒക്കെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടാണ് എല്ലാ ലൈവ് പ്രോഗ്രാമുകളും ഞങ്ങളുടെ ചാനലില്‍ ഇടാത്തത്. എന്നാല്‍ സ്റ്റുഡിയോ വേര്‍ഷന്‍ ആകുമ്പോള്‍ നമ്മളത് എല്ലാ ഒരുക്കങ്ങളോടും കൂടി ചെയ്യുന്ന ഒരു മ്യൂസിക് പ്രൊഡക്ഷനാണ്. അതുകൊണ്ടാണ് നമ്മുടെ യൂട്യൂബ് ചാനലില്‍ കൂടുതല്‍ സ്റ്റുഡിയോ വേര്‍ഷനുകള്‍ നല്‍കുന്നതും ലൈവ് വേര്‍ഷന്‍ നല്‍കാത്തതും.
ഗസലെന്നാല്‍ മലയാളികള്‍ക്ക് ഉറുദുഭാഷയും, ഹിന്ദുസ്ഥാനി രാഗവുമായിരുന്നു.. ഗസലിനെ മലയാളത്തിലേക്ക് ചേര്‍ത്തുനിര്‍ത്തിയത് ഉമ്പായിയാണ്.. ഉമ്പായിയെ നേരിട്ടു പരിചയമുണ്ടോ?
ഗസലിനെ മനസ്സിലാക്കുന്നവര്‍ക്കറിയാം, അത് ഉറുദുഭാഷയിലാണ് അധികവുമുള്ളത്. എന്നാലിപ്പോള്‍ ഹിന്ദിയിലും തമിഴിലും മലയാളത്തിലും ഗസലുകള്‍ രചിക്കപ്പെടുന്നുവെന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അത് വിശദീകരിച്ചുപറയുകയാണെങ്കില്‍ ഒരുപാടുണ്ട്.. അതിലേക്കൊന്നും കടക്കുന്നില്ല.
ഉമ്പായിക്ക ശരിക്കും നമ്മുടെ മലയാളം ഗസലിന്‍റെ ഒരു ഐക്കണാണ്.. ഗസല്‍ കിംഗ് മെഹ്‌ദി ഹസന്‍ സാഹിബ്, ബീഗം അക്തര്‍ എന്നൊക്കെ പറയുന്നത് പോലെത്തന്നെ ശരിക്കും മലയാളത്തിന്‍റെ ഒരു ഗസല്‍ കിംഗ് എന്നൊക്കെ ഉമ്പായിക്കയെ വിശേഷിപ്പിക്കാം.. അത് വെറും വിശേഷണമല്ല.. ഉമ്പായിക്ക തന്നെയാണ് അത് ശരിക്കും. ഉമ്പായിക്കയുടെ അതേ കാലത്ത് തന്നെ കോഴിക്കോട് അബ്ദുല്‍ ഖാദറിന്‍റെ മകന്‍ നജ്‍മല്‍ ബാബുവും ഫിലിപ്പ് വി ഫ്രാന്‍സിസും ഒക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും മലയാളികള്‍ അംഗീകരിച്ച മലയാളിയായ ഒരു ഗസല്‍ ഗായകന്‍ ഉമ്പായിക്കയാണ്. ഉമ്പായിക്കയുടെ ഗസലിന് പറ്റുന്ന ശബ്ദം, ആലാപനത്തിലുള്ള, അവതരണരീതിയിലുള്ള ഒരു ഭംഗി, അതുപോലെ ഉറുദുഭാഷയിലുള്ള അവഗാഹവും, ഹിന്ദുസ്ഥാനി സംഗീതത്തിലുള്ള അറിവും ഒക്കെ വെച്ച് നോക്കുമ്പോള്‍ ടോട്ടാലിറ്റിയില്‍ ഉമ്പായിക്ക തന്നെയാണ് എല്ലാവരെയും ആകര്‍ഷിച്ചിട്ടുള്ളത്. അതുമാത്രമല്ല, ഒരുപാട് നല്ല പ്രണയകവിതകളും, പ്രണയഗീതങ്ങളും നമ്മള്‍ മലയാളികള്‍ക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്...
പക്ഷേ മലയാളികള്‍ ഒരുപാട് വൈകിയാണ് ഉമ്പായിക്കയെ കണ്ടെത്തിയത് എന്നുള്ളത് നിര്‍ഭാഗ്യകരമായ ഒരു കാര്യമാണ്.. ശരിക്കും ഉമ്പായിക്കയുടെ ഒരു നാല്‍പത്, നാല്‍പത്തഞ്ച് വയസ്സിന് ശേഷമാണ് നമ്മള്‍ ശരിക്കും ഉമ്പായിക്കയെ കേള്‍ക്കുന്നത്... അതിന് മുമ്പുള്ള നാളുകള്‍ ശരിക്കും നമുക്ക് നഷ്ടമായിരുന്നു എന്നേ പറയാന്‍ പറ്റുകയുള്ളൂ... ഉമ്പായിക്കയെ നേരിട്ട് പലതവണ കണ്ടിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമയത്ത്, ഒരു എട്ടുപത്ത് വര്‍ഷം മുമ്പ്, ഷാര്‍ജയില്‍ ഒരു കണ്‍സേര്‍ട്ടിന് വന്നപ്പോഴാണ് എന്‍റെ ഒരു സുഹൃത്തു വഴി ഉമ്പായിക്ക താമസിക്കുന്ന ഫ്ലാറ്റില്‍ പോകുകയും, അവിടെ മെഹ്‍ഫിലില്‍ പങ്കെടുക്കുകയും ഉമ്പായിക്കയുടെ മുമ്പില്‍ ഒരു ഗസലു പാടാന്‍ സാധിക്കുകയും ചെയ്തു. അത് ഇന്നും വലിയൊരു ഭാഗ്യമായി ഓര്‍മയിലുണ്ട്... ഒന്നൂകൂടി അടുക്കണം എന്നൊക്കെ മനസ്സിലുണ്ടായിരുന്നുവെങ്കിലും അതിന് സമയം ഒത്തുവന്നില്ല.. അപ്പോഴേക്കാണ് ഉമ്പായിക്ക നമ്മളോടൊക്കെ വിടപറഞ്ഞത്. മലയാളികള്‍ക്ക് എപ്പോഴും ഒരു തീരാനഷ്ടം തന്നെയാണ് ഉമ്പായിക്കയുടെ ഒരു അസാന്നിധ്യം.. എന്നാലും ഉമ്പായിക്കയുടെ ആ ഗാനങ്ങളിലൂടെ ഇന്നും എല്ലാവരുടെയും ഓര്‍മകളില്‍ ഉമ്പായിക്ക ജീവിക്കുന്നുണ്ട്...
ഉമ്പായിക്ക് ശേഷം ഗസലിനെ ജനകീയമാക്കിയ മറ്റൊരാള്‍ ഷഹബാസ് അമനാണ്.. ഷഹബാസ് അമനുമായുള്ള ബന്ധം....
അത് ഒരു പരിധിവരെ ശരിയാണ്. ഉമ്പായിക്കാ കഴിഞ്ഞാല്‍ നമ്മള്‍ മലയാളികള്‍ ഒരുപരിധിവരെ അംഗീകരിക്കുന്ന, നമ്മളൊക്കെ മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു ഗസല്‍ ഗായകനാണ് ഷഹബാസ് അമന്‍. ഞങ്ങള്‍ക്ക് ഷഹബാസ്ക്ക... ഷഹബാസ്ക്കായെ വ്യക്തിപരമായി അറിയാം. ഷഹബാസ്ക്കാക്ക് ഞങ്ങളെയും അറിയാം.
ഷഹബാസ്‍ക്കാ അറിയപ്പെട്ട് വരുന്ന ആ കാലഘട്ടത്തില്‍ ഷഹബാസ്ക്കായുടെ തബലിസ്റ്റായ റോഷന്‍ ഹാരിസിന്‍റെ കൂത്തുപറമ്പിലുള്ള വീട്ടിലെ മെഹ്‍ഫിലുകളില്‍ ഞങ്ങളും സജീവമായിട്ടുണ്ടായിരുന്നു. രാത്രി തുടങ്ങിയാല്‍ പുലരുവോളം നീണ്ടു പോകുന്ന മെഹ്‍ഫില്‍ രാവുകള്‍... പിന്നെ ഷഹബാസ്ക്കാ, ഷഹബാസ്ക്കായുടെ കരിയറുമൊക്കെയായി ഓരോരോ തിരക്കുകളിലായി.. എന്നാലും ഇടയ്‍ക്കൊക്കെ വിളിക്കുന്ന ഒരു ബന്ധമാണ് ഇപ്പോഴുള്ളത്. പക്ഷേ, ഷഹബാസ്ക്കായുടെ പാട്ടും അദ്ദേഹത്തിന്‍റെ മ്യൂസിക്കുമായുള്ള ഓരോ ചലനവും എപ്പോഴും ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്.
ഷഹബാസ്ക്കാ ശരിക്കും നല്ലൊരു കേള്‍വിക്കാരനാണ്. നല്ല നിരീക്ഷകനാണ്. പാട്ടുകളെ, പ്രത്യേകിച്ച് ബാബുക്കായുടെ പാട്ടുകളെ ഇത്ര മനോഹരമായി പാടുന്നത് ശരിക്കും ഷഹബാസ്ക്കായും ഉമ്പായിക്കായുമാണ് ഞാന്‍ കണ്ടത്. ബാബുക്കായുടെ, ''തെളിഞ്ഞു പ്രേമ യമുന വീണ്ടും'' എന്ന ഗാനത്തില്‍ ''കിനാവിന്‍ തോണിയേറി ഞാന്‍ കേളിയാടുമൊരു ഗാനഗന്ധര്‍വന്‍പോല്‍ '' എന്ന് ഷഹബാസ്ക്കാ പാടുമ്പോള്‍ കേള്‍വിക്കാരില്‍ അത് ഉണ്ടാക്കിവെക്കുന്ന ഒരു ലോകം ഭയങ്കരമാണ്... അവിടെ നമുക്ക് ഷഹബാസ്ക്കായുടെ ഒരു അളവ് മനസ്സിലാക്കാന്‍ പറ്റും... അത് ഗള്‍ഫില്‍ വെച്ച് ഷഹബാസ്ക്കയും റോഷനും മാത്രമുള്ള ഒരു സ്റ്റേജില്‍, ഷഹബാസ്ക്കാ ഒരു കുറ്റിമുടിയും വെള്ള ജുബ്ബയുമൊക്കെയിട്ട് പാടുന്ന ആ പാട്ട് യൂട്യൂബില്‍ നോക്കിയാല്‍ കിട്ടും. ഒന്ന് കേട്ട് നോക്കണം...
മറ്റൊരു പ്രത്യേകത, ഒരു അമ്വച്ചര്‍ സിംഗര്‍, അക്കാദമിക്കലായിട്ടൊന്നും പഠിക്കാത്ത ഒരാള്‍ക്ക് സംഗീതത്തിന്‍റെ ഏതറ്റംവരെയും പോകാന്‍ കഴിയുമെന്നതിനുള്ള ഉദാഹരണമാണ് ഷഹബാസ്ക്കാ.. ശരിക്കും നല്ല ട്രെയിന്‍ഡ് ആയിട്ടുള്ള ഒരു വോക്കലിസ്റ്റാണ് അത് പാടുന്നത് എന്നല്ലാതെ ചിന്തിക്കാന്‍ കഴിയുമോ ഷഹബാസ്ക്കാ പാടുന്നത് കേട്ടാല്‍... പിന്നെ ആ ശബ്ദത്തിന്‍റെ ഒരു പ്രത്യേകത... ചില വിഷാദഗാനങ്ങള്‍ പാടുമ്പോള്‍ നമ്മുടെ ഉദയഭാനുവൊക്കെ പാടുന്നതുപോലെയുള്ള ചില മോഡുലേഷനും... എനിക്ക് തോന്നിയിട്ടുള്ളത്. മലയാളികള്‍ക്ക് കിട്ടിയിട്ടുള്ള പ്രത്യേകതരം ശബ്ദവും പ്രത്യേക തരം ആലാപനവുമൊക്കെയാണ് ഷഹബാസ്ക്കാ..
സമകാലികരായി ഒരുപാട് പേരുണ്ട് ഇപ്പോള്‍ ഗസല്‍ ഗായകന്മാരായും, ഗായികമാരായും- സമീര്‍ ബിന്‍സി, ശബ്ന റിയാസ്...
ഇവരില്‍ പലരും സോഷ്യല്‍മീഡിയ വഴിയും അല്ലാതെ നേരിട്ടും പരിചയമുള്ള നമ്മുടെ സുഹൃത്തുക്കളാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട, സമകാലികനായ ഒരു ഗസല്‍ ഗായകന്‍ ചാവക്കാടുള്ള സിറാജ് അമനാണ്.. ശരിക്കും മെഹ്‍ദി ഉസ്താദിന്‍റെയും ഗുലാം അലിയുടെയും ജഗ്‍ജിത്‍ സിംഗിന്‍റെയും ഒക്കെ ഗസലുകള്‍ വളരെ തന്മയത്വത്തോടുകൂടി ആലപിക്കാന്‍ കഴിയുന്ന, ഇപ്പം നിലവിലുള്ള ഒരു നല്ലൊരു ഗായകനാണ് സിറാജ് അമന്‍. ഞങ്ങളൊക്കെ ആരാധനയോടെ കാണുന്ന, ഒരു ഗായകനാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയും അല്ലാത്ത മീഡിയയും ഒന്നും വല്ലാതെയങ്ങ് ആഘോഷിക്കാത്ത ഗായകനാണ്. അത്രയും റെയ്ഞ്ച് ഉള്ള ഒരു ഗായകനാണ്.
അതുപോലെ എറണാകുളത്തുള്ള ഹമ്പിള്‍ ഷൈന്‍, നല്ല ട്രെയിന്‍ഡ് ആയിട്ടുള്ള ഗസല്‍ ഗായകനാണ് ഷൈന്‍. അതുപോലെ തിരൂരുള്ള ശ്രീനാഥ്... വളരെ ചെറിയ പ്രായമാണ്.. കല്‍ക്കത്തയില്‍ ആയിരുന്നു, ഇപ്പോള്‍ ഇവിടെ നാട്ടിലുണ്ട്.. അങ്ങനെ ഒരുപാട്.. നമുക്ക് അറിയുന്നതും അറിയാത്തതുമായ ഒരുപാട് ഗസല്‍ ഗായകര്‍ ഞങ്ങളുടെ സമകാലികരായിട്ടുണ്ട്.. പക്ഷേ ഇപ്പോള്‍ നിലവില്‍ ഷഹബാസ്ക്കാ, മഞ്ജരി, ഗായത്രി ഇവരെയൊക്കെയാണ് ഇപ്പോള്‍ എല്ലാവരും അറിയുന്നവരായിട്ടുള്ളത്.
ഗോപീ സുന്ദര്‍ വരെ അഭിനന്ദിച്ച ആ മ്യൂസിക് ഇന്‍സ്ട്രുമെന്‍റ് എന്താണ്? അതുപോലെ തുമ്രി എന്നൊരു വാക്ക് ഇടയ്ക്ക് എഫ് ബി പേജില്‍ കണ്ടിരുന്നു.. അതെന്താണ്?
ഗോപീസുന്ദര്‍ അഭിനന്ദിച്ച ആ മ്യൂസിക് ഇന്‍സ്‍ട്രുമെന്‍റിന്‍റെ പേരാണ് മെലോഡിക്ക. നമ്മുടെ ശ്വാസക്രമീകരണങ്ങളിലൂടെ വായിക്കുന്ന ഒരു ഉപകരണമാണ് മെലോഡിക്ക.. ആര്‍ക്കും വായിക്കാം.. പക്ഷേ, അതിന്‍റെ സസ്‌റ്റൈന്‍ ഒക്കെ തീരുമാനിക്കുന്നത് ശ്വാസനിയന്ത്രണത്തിലൂടെയാണ്..
നമ്മുടെ ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഒരുപാട് ശാഖകളുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ തന്നെ മറ്റൊരു ശാഖയാണ് ഖവാലികള്‍.. ദൈവവുമായുള്ള ഒരു കമ്യൂണിക്കേഷന്‍, കൂടുതല്‍ ഭക്തി അടങ്ങിയിട്ടുള്ളതാണ് നമ്മുടെ ഖവാലികള്‍. പിന്നെ ഗസലുകള്‍.. കവിതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു സംഗീതശാഖയാണ് ഗസലുകള്‍.. എന്നാല്‍ തുമ്രി എന്ന് പറയുന്നത് ഗസലുപോലെ ലളിതവുമല്ല, ബഡാ ഖയാല്‍ ഛോട്ടാ ഹയാല്‍ എന്ന് പറയുന്നതുപോലെ അത്രത്തോളം ബുദ്ധിമുട്ട് ഉള്ളതുമല്ല.. അതിന് രണ്ടിനും ഇടയില്‍ നില്‍ക്കുന്ന സംഗീത ശാഖയാണ് തുമ്രി. തുമ്രിയിലും പ്രണയമൊക്കെ തന്നെയാണ് എപ്പോഴും വിഷയമായി വരുന്നത്.
ഹാര്‍മോണിയവും തബലയും വേദിയില്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്, ഏതാണ് കൂടുതല്‍ ഇഷ്ടം?
തബലയാണ് സത്യം പറഞ്ഞാല്‍ ഏറ്റവും ഇഷ്ടപ്പെട്ട മ്യൂസിക് ഇന്‍സ്‍ട്രുമെന്‍റ്. കുട്ടിക്കാലത്തു തന്നെ അത് പഠിക്കണമെന്നും വായിക്കണമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിന്‍റെ ബാലപാഠങ്ങള്‍ ഗുരുവായ മഹമ്മൂദിക്കാ പറഞ്ഞുതന്നിരുന്നു.. തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞില്ല. നമ്മുടെ മെഹ്‍ഫിലുകളിലൊക്കെ വല്ലപ്പോഴുമൊക്കെ വായിക്കും എന്നേ പറയാന്‍ പറ്റൂ.. അത്രത്തോളം അതില്‍ വിദഗ്ധനാണ് എന്നൊന്നും പറയാന്‍ കഴിയില്ല..
സിനിമയിലേക്ക് വരാന്‍ സാധ്യതയുണ്ടോ?
ഒരു വലിയ ഒരു ആള്‍ക്കൂട്ടത്തിലേക്ക് നമ്മളെ ബ്രാന്‍ഡ് ചെയ്യപ്പെടാന്‍, നമ്മള്‍ എത്തിപ്പെടാന്‍ നല്ലൊരു മീഡിയമാണ് സിനിമ. ആ തരത്തില്‍ അതിനെ കാണുന്നു, ബഹുമാനിക്കുന്നു.. എന്നുകരുതി അത് നമ്മുടെ പ്രധാന പരിഗണനയില്‍ ഇല്ല താനും. ഞങ്ങള്‍ക്കിഷ്ടം, ഞങ്ങളുടെ ഓഡിയന്‍സുമായി ഡയറക്ട് കമ്യൂണിക്കേറ്റ് ചെയ്ത് ലൈവ് കണ്‍സേര്‍ട്ടുകള്‍ ചെയ്തു പോകുക എന്നുള്ളതാണ്. അതിനിടയ്ക്ക് നല്ല പ്രൊജക്ടുകള്‍, നല്ല ടീമുകള്‍ വരികയാണെങ്കില്‍ അവരുടെ ഭാഗമായി മാറണം എന്നൊരു ആഗ്രഹമുണ്ട്.. അത് എപ്പോഴെങ്കിലും സംഭവിക്കുമായിരിക്കും.. അതുപോലുള്ള ഒന്നുരണ്ട് പ്രൊജക്ടുകളില്‍ നിലവില്‍തന്നെ ഞങ്ങള്‍ ഭാഗമായിട്ടുണ്ട്. അത് അടുത്ത് തന്നെ റിലീസ് ആകും... അത് അപ്പോള്‍ ഞങ്ങളുടെ ആസ്വാദകര്‍ അറിയട്ടെ, അതാവും നന്നാവുക എന്ന് തോന്നുന്നു.
ഫണ്ട് റൈസിംഗ് ചാരിറ്റി പ്രോഗ്രാമുകളുടെ ഭാഗമാകാറുണ്ടല്ലോ? അത്തരം അനുഭവങ്ങള്‍..
ശരിയാണ്, ഒരുപാട് അത്തരം പ്രോഗ്രാമുകളുടെ ഭാഗമാകാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. എല്ലാരും പറയുന്നതുപോലെ തന്നെ കലാകാരന് എപ്പോഴും, ഒരു സാമൂഹ്യപ്രതിബദ്ധത എന്തായാലും ഉണ്ടാവണം. നമ്മുടെ കയ്യിലുള്ള കല, അതിന്‍റെ ഒരു സ്വഭാവം അങ്ങനെയാണ്. നമ്മളൊരു പാട്ട് പാടുമ്പോള്‍ സ്വാഭാവികമായും അതിനൊരു സാമൂഹ്യപ്രതിബദ്ധതയുണ്ട്... ആ പാട്ടിന് സമൂഹത്തെ ആര്‍ദ്രമാക്കാന്‍ കഴിയണം. ഒരു പാട്ട് കേള്‍ക്കുന്നവര്‍ക്ക് എന്തെങ്കിലുമൊക്കെ റിലാക്സേഷന്‍ അതില്‍ നിന്ന് കിട്ടണം. സന്തോഷം കിട്ടണം... അതുതന്നെയാണ് അതിന്‍റെ അടിസ്ഥാനമായ ചിന്ത... അതുകൊണ്ടാണ് ഇത്തരം ഫണ്ട്‍റൈസിംഗ് പ്രോഗ്രാമുകളുടെ ഭാഗമാകാന്‍ മാക്സിമം ശ്രമിക്കുന്നത്. അത്തരം ഒരുപാട് പ്രോഗ്രാമുകളുടെ ഭാഗമാകാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്.
ഭാവി പരിപാടികള്‍
ഭാവി പരിപാടികള്‍, അങ്ങനെയൊന്ന് ജീവിതത്തിലില്ല... ഓരോ സമയത്തും ഓരോ പ്ലാനുണ്ടാവും.... ഇന്നത്തെ ദിവസം ഒരു പ്ലാനുണ്ടാവും, ഇന്നത്തെ ഓരോ കാര്യങ്ങള്‍ തീര്‍ക്കുക എന്നുള്ള പ്ലാനുകള്‍.. അതാത് ദിവസങ്ങളില്‍ കൃത്യമായി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുക എന്നു മാത്രം...
പിന്നെ എല്ലാ കലാകാരന്മാരുടെയും ഉള്ളിലും ഒരു ആഗ്രഹമുണ്ടാവും, നമ്മളില്‍ നിന്ന് പുറത്തേക്ക് വരുന്നത് നല്ല പ്രൊഡക്ടാവണമെന്ന്.. നല്ല ഗ്രേറ്റ് ആര്‍ട്ടിസ്റ്റുകളുടെ കൂടെ, കോര്‍പ്പറേറ്റ് ഇവന്‍റുകളുടെയൊക്കെ ഭാഗമാകണമെന്ന്... അത്തരം ആഗ്രഹങ്ങളൊക്കെയുള്ള ഒരു സാധാരണ കലാകാരന്മാരാണ് ഞങ്ങളും..
Adjust Story Font
16