ഓര്‍ഡിനറി ബൌളറില്‍ നിന്ന് ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റിലേക്ക്; ഇത് സിറാജ് മാജിക്
ഒരു സാധാരണ ബൌളര്‍ എന്ന ലേബലില്‍ നിന്നും ഏറ്റവും മികച്ച ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് എന്ന സിംഹാസനത്തിലേക്കാണ് സിറാജിന്‍റെ ഇപ്പോഴത്തെ കുതിപ്പ്.
ഈ ഐ.പി.എല്ലില്‍ അധികമാരും കൊട്ടിഘോഷിക്കപ്പെടാതെ വന്ന താരമാണ് മുഹമ്മദ് സിറാജ്. എന്നാല്‍ സീസണ്‍ തുടങ്ങിയപ്പോഴേക്കും കഥ മാറി. ഒരു സാധാരണ ബൌളര്‍ എന്ന ലേബലില്‍ നിന്നും ഏറ്റവും മികച്ച ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് എന്ന സിംഹാസനത്തിലേക്കാണ് സിറാജിന്‍റെ ഇപ്പോഴത്തെ കുതിപ്പ്. ബാംഗ്ലൂരില്‍ കോഹ്‍ലിയുടെ വിശ്വസ്തന്‍ ആയി മാറിയിരിക്കുകയാണ് മുഹമ്മദ് സിറാജ്. ഇന്ത്യന്‍ നായകന്‍ കൂടിയായ കോഹ്‍ലി ഐ.പി.എല്ലിലെ നിര്‍ണായക ഡെത്ത് ഓവറുകളില്‍ രക്ഷാ ദൌത്യം വിശ്വസിച്ചേല്‍പ്പിക്കുന്ന ബൌളറായി മാറിയെന്നതാണ് ഇക്കാലയളവിലെ സിറാജിന്‍റെ ഏറ്റവും വലിയ നേട്ടവും.
ഇന്നലെ നടന്ന ഡല്‍ഹി ബാംഗ്ലൂര്‍ മത്സരത്തില്‍ ഒരു റണ്‍സിനാണ് ബാംഗ്ലൂര്‍ ജയിച്ചത്. ത്രില്ലര്‍ പോരാട്ടത്തില്‍ ഡല്‍ഹിയെ അവസാന ഓവറില്‍ വിജയ റണ്‍സ് എടുക്കുന്നതില്‍ നിന്നും തടഞ്ഞത് സിറാജിന്‍റെ ബൌളിങ്ങാണ്.14 റണ്‍സായിരുന്നു അവസാന ഓവറില്‍ ഡല്‍ഹിയ്ക്ക് വിജയിക്കുവാന്‍ വേണ്ടിയിരുന്നത്. ക്രീസില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന ഡല്‍ഹി ക്യാപ്റ്റന്‍ പന്തും വെടിക്കെട്ട് താരം ഹെറ്റ്മെയറും. വിരാട് കോഹ്‍ലി തന്‍റെ ടീമിന്‍റെ രക്ഷാ ദൌത്യം ഏറ്റെടുക്കാന്‍ പന്ത് ഏല്പിച്ചത് മുഹമ്മദ് സിറാജിനെയും. സിറാജ് എറിഞ്ഞ ഓവറിലെ ആദ്യ നാല് പന്തുകള്‍ കളിയുടെ ഗതി നിര്‍ണയിച്ചു. ഇതോടെ ഡല്‍ഹിയ്ക്ക് അവസാന രണ്ട് പന്തില്‍ വിജയലക്ഷ്യം പത്ത് റണ്‍സായി മാറി. രണ്ട് ബൗണ്ടറി നേടുവാന്‍ പന്തിന് സാധിച്ചുവെങ്കിലും ഒരു റണ്‍സിന് ബാംഗ്ലൂര്‍ വിജയം സ്വന്തമാക്കി. ഇതോടെയാണ് സിറാജ് വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.
കൊല്‍ക്കത്തക്കെതിരായ മത്സരത്തിലും ഡെത്ത് ഓവറില്‍ ബാംഗ്ലൂരിന്‍റെ വിജയശില്‍പിയായത് സിറാജ് ആണ്. കൊല്‍ക്കത്തയുടെ ഇന്നിങ്സില്‍ പത്തൊമ്പതാം ഓവർ എറിയാൻ സിറാജ് എത്തുമ്പോൾ രണ്ട് ഓവറില്‍ കൊല്‍ക്കത്തക്ക് ജയിക്കാന്‍ വേണ്ടത് 44 റണ്‍സ്. ബാറ്റിങ് എന്‍ഡില്‍ ആന്ദ്രേ റസൽ. എങ്ങനെയും പരമാവധി പന്തുകള്‍ അതിര്‍ത്തി കടത്തുക എന്ന ലക്ഷ്യത്തില്‍ സര്‍വ പ്രഹരശേഷിയും എടുത്ത് കലിതുള്ളി നിൽക്കുന്ന റസലിന് മുന്നിലാണ് മുഹമ്മദ് സിറാജ് 19ാംഓവര്‍ എറിയാനെത്തുന്നത്. 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റുമായി 14 പന്തില്‍ 30 റണ്‍സ് നേടിയാണ് റസല്‍ ആ സമയത്ത് ക്രീസില്‍ നില്‍ക്കുന്നത്. പക്ഷേ പിന്നീടുകണ്ട കാഴ്ച ബാംഗ്ലൂര്‍ നായകന്‍ കോഹ്‍ലിയുടെ മുഖത്ത് പുഞ്ചിരി വിരിയുന്നതാണ്. കാരണം, യോർക്കറുകൾ ഉത്പാദിപ്പിക്കുന്ന മെഷീനെപ്പോലെയാണ് സിറാജ് ആ ഓവര്‍ എറിഞ്ഞു തീര്‍ത്തത്. എറിഞ്ഞ ആറ് പന്തില്‍ അഞ്ചും ഡോട്ട് ബോള്‍..! അതില്‍ നാലു പന്തുകളും വൈഡ് യോര്‍ക്കറുകള്‍. സ്വാഭാവികമായും യോര്‍ക്കര്‍ പ്രതീക്ഷിച്ച അഞ്ചാം പന്തില്‍ ആകട്ടെ സിറാജ് എറിഞ്ഞത് ഒരു ഷോര്‍ട് ബോളും. ചുരുക്കത്തില്‍ യോർക്കർ പ്രതീക്ഷിച്ച് ഷോട്ടിന് തയ്യാറെടുത്തുനിന്ന റസലിന് അഞ്ചാം പന്തും പാഴായി. നിര്‍ണായക ഘട്ടത്തില്‍ പവര്‍ഹിറ്റിങിന് പേരുകേട്ട റസലിനെ റണ്‍സെടുക്കാന്‍ വിടാതെ അഞ്ച് ബോള്‍ സിറാജ് എറിഞ്ഞു തീര്‍ത്തു. ഓവറിലെ അവസാന പന്ത് ഫുള്‍ടോസ് എറിഞ്ഞിട്ടും റസലിന് അത് മുതലെടുക്കാന്‍ ആയില്ല. ഒരുപാട് നല്ല പന്തുകൾക്ക് ശേഷം എറിയുന്ന ഫുള്‍ടോസ് ആയതുകൊണ്ടാകാം ആ പന്തിനെ പ്രഹരിക്കാനും റസലിനായില്ല. ഒരോവറില്‍ 20ന് മുകളില്‍ റണ്‍സ് വേണ്ട ഘട്ടത്തില്‍ ഡെത്ത് ഓവര്‍ എറിയെനെത്തിയ സിറാജിനെതിരെ റസലിന് നേടാനായത് ഒരു റണ്‍സ് മാത്രം. അഞ്ച് ഡോട്ട് ബോള്‍ വീണ ആ ഓവറില്‍ ബാംഗ്ലൂരിന്‍റെ വിജയവും ഉറപ്പായി.
നിലവില്‍ ഐ.പി.എല്ലിലെ തന്നെ ഏറ്റവും മികച്ച സ്പെല്ലുകളാണ് ഡെത്ത് ഓവറുകളില്‍ സിറാജ് എറിയുന്നത്. ഇതിനെക്കുറിച്ച് സിറാജ് പറയുന്നത് ഇങ്ങനെ. ഹെറ്റ്മെയറിനും പന്തിനും എതിരെ തനിക്ക് യോര്‍ക്കറുകള്‍ എറിയുവാന്‍ ആകുമെന്ന വിശ്വാസമുണ്ടായിരുന്നുവെന്നു. അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ തനിക്ക് സാധിച്ചു. ഇന്ത്യക്കായി ടെസ്റ്റ് പരമ്പര കളിക്കുവാന്‍ സാധിച്ചതാണ് തന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. തന്‍റെ ലൈനും ലെങ്തും വലിയ തോതില്‍ മെച്ചപ്പെടാന്‍ കാരണമിതാണ്. ഇഷാന്ത് ശര്‍മ്മയ്ക്കും ജസ്പ്രീത് ബുംറയ്ക്കുമൊപ്പം ഡ്രസ്സിംഗ് റൂം ഷെയര്‍ ചെയ്യാനായതും തനിക്ക് ഗുണം ചെയ്തു. മുഹമ്മദ് സിറാജ് പറഞ്ഞു.
Adjust Story Font
16