Quantcast

'ഗോൾ അനുവദിച്ച തീരുമാനം തെറ്റ്'; ക്രിസ്റ്റൽ ജോണിനെതിരെ മുൻ റഫറിമാർ

"വീണ്ടും കിക്കെടുക്കാൻ ക്രിസ്റ്റൽ ജോൺ ആവശ്യപ്പെടണമായിരുന്നു"

MediaOne Logo

abs

  • Updated:

    2023-03-05 08:57:37.0

Published:

5 March 2023 8:53 AM GMT

cristal john
X

ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ സുനിൽ ഛേത്രിയുടെ ഗോൾ അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിന്റെ തീരുമാനത്തിനെതിരെ മുൻ റഫറിമാർ. റഫറിയുടെ തീരുമാനം സമ്പൂർണമായി തെറ്റാണെന്ന് റഫറിമാർ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

'അത് സുവ്യക്തമായ റഫറിയുടെ അബദ്ധമാണ്. എതിർ ടീമിന്റെ അപകടകമായ ഏരിയയിൽനിന്നായിരുന്നു ആ ഫ്രീകിക്ക്. പ്രതിരോധ മതിലും ഗോൾകീപ്പറും തയ്യാറായി നിന്ന ശേഷം മാത്രമാണ് കിക്ക് എടുക്കാൻ അനുവദിക്കേണ്ടിയിരുന്നത്. റഫറി ചെയ്തത് തെറ്റാണ്' - ഒരു മുൻ റഫറി പത്രത്തോട് പറഞ്ഞു. ഐഎസ്എല്ലിൽ വീഡിയോ അസിസ്റ്റന്റ് റഫറിമാർ (വാർ) ഇതുവരെ വരാത്തത് എന്തു കൊണ്ടാണ് എന്നും അദ്ദേഹം ചോദിച്ചു. വാര്‍ ഉണ്ടായിരുന്നെങ്കിൽ ആ തീരുമാനം റദ്ദാക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വീണ്ടും കിക്കെടുക്കാൻ ക്രിസ്റ്റൽ ജോൺ ആവശ്യപ്പെടണമായിരുന്നു എന്നാണ് മറ്റൊരു റഫറി അഭിപ്രായപ്പെട്ടത്. ' പല കോണുകളിൽനിന്നും ഉയരുന്നതു പോലെ ഇത് ക്വിക്ക് റീ സ്റ്റാർട്ട് അല്ല. ഛേത്രി ഒരു തവണ കിക്ക് എടുക്കുന്നതായി അഭിനയിച്ചിരുന്നു. ആ സമയത്തു തന്നെ റഫറി പ്രതികരിക്കേണ്ടിയിരുന്നു. വിസിലിന് കാത്തുനിൽക്കാൻ കളിക്കാരനോട് പറയണമായിരുന്നു. എനിക്ക് വിസിലും പ്രതിരോധ മതിലും വേണ്ട എന്ന് ഛേത്രി പറയരുത്. അത് അദ്ദേഹത്തിന്റെ അധികാരത്തിൽപ്പെട്ടതല്ല.' - അദ്ദേഹം കൂട്ടിച്ചേർത്തു.



'അത് റഫറിയുടെ തീരുമാനത്തിൽപ്പെട്ടതാണ്. അദ്ദേഹം പന്ത് വയ്ക്കുന്ന സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. വിസിൽ വേണ്ട എന്ന ഓപ്ഷൻ നിലനിൽക്കുന്നതല്ല. വിസിൽ നിർബന്ധമാണ്. ഫ്രീകിക്ക് അനുവദിച്ച ആ മേഖലയിൽ പ്രത്യേകിച്ചും. പ്രതിരോധ മതിൽ തയ്യാറായ ശേഷം റഫറി മികച്ച പൊസിഷൻ സ്വീകരിക്കണം. എന്നിട്ട് വിസിൽ ഊതണം.' - റഫറി കൂട്ടിച്ചേർത്തു.

ഗോൾ അനുവദിച്ച ക്രിസ്റ്റൽ ജോണിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ബഹിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെ ബംഗളൂരു എഫ്.സിയെ വിജയികളാക്കി പ്രഖ്യാപിക്കുകയും ചെയ്തു. ബഹിഷ്‌കരണത്തിൽ ബ്ലാസ്റ്റേഴ്‌സ് നടപടി നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ട്. എന്നാൽ ക്ലബ്ബോ ഐഎസ്എൽ അധികൃതരോ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.




TAGS :

Next Story