ജപ്പാനിൽ നിന്ന് ആളെയെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്; അവസാന വിദേശ സൈനിങ്
ജപ്പാൻ അണ്ടർ 17, അണ്ടർ 20 താരത്തെയാണ് കേരള ടീം സ്വന്തമാക്കിയത്
കൊച്ചി: ഏഷ്യൻ ക്വോട്ടയിലെ വിദേശതാരത്തെ സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. 26കാരനായ അറ്റാക്കർ ദൈസുകെ സകായ് ആണ് ബ്ലാസ്‌റ്റേഴ്‌സുമായി കരാർ ഒപ്പിട്ടത്. സൈനിങ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പുറത്തുവിട്ടു. ഏഷ്യൻ ക്വാട്ടയിൽ നേരത്തെ എത്തിച്ച ആസ്‌ട്രേലിയൻ താരം ജോഷ്വാ സെറ്റീരി പരിക്കിനെ തുടർന്ന് ക്ലബ് വിട്ടിരുന്നു. ജോഷ്വായ്ക്ക് പകരമായാണ് ജപ്പാനീസ് താരത്തിന്റെ വരവ്.
തായ് ലീഗ് 2വിൽ കസ്റ്റംസ് യുണൈറ്റഡിന് വേണ്ടി കഴിഞ്ഞ സീസൺ കളിച്ച താരമാണ് സകായ്. 37 കളിയിൽ 10 ഗോൾ സ്വന്തമാക്കിയിട്ടുണ്ട്. ജപ്പാൻ അണ്ടർ 17, അണ്ടർ 20 താരമായിരുന്നു.
ടീമിൽ സമ്പൂർണ അഴിച്ചുപണി ലക്ഷ്യമിട്ട് ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. പ്രീതം കോട്ടാൽ, ലാറ ശർമ, നവോച്ച സിങ്, ഐബൻ ഡോഹ്ലിങ്, പ്രബീർദാസ്, ഇഷാൻ പണ്ഡി, ബികാശ് സിങ്, ഫ്രെഡ്ഡി ലാലമ്മാവ, കോറു സിങ്, അമൻ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയ ഇന്ത്യൻ താരങ്ങൾ.
വിദേശത്തു നിന്ന് ക്വാമെ പെപ്ര, മിലോസ് ഡ്രിൻകിച് എന്നിവരാണ് ഇത്തവണ ടീമിലെത്തിയത്. മാർകോ ലെസ്‌കോവിച്ച്, അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമെന്റകോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിൽ നിലവിലുള്ള വിദേശകളിക്കാർ. കഴിഞ്ഞ തവണ ഗോളടിച്ചു കൂട്ടിയ ഡയമന്റകോസ് പരിക്കു മൂലം ഇപ്പോൾ നാട്ടിലാണുള്ളത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ കളികൾക്ക് സ്‌ട്രൈക്കറുടെ സേവനമുണ്ടാകില്ല.
Adjust Story Font
16