Quantcast

ഇസ്‌ലാമിക ഫെമിനിസം; മതപരതയും മതേതരത്വവും തമ്മിലെ സംവാദങ്ങള്‍

ഉമ്മുൽ ഫായിസയുടെ "ഇസ്‌ലാമിക ഫെമിനിസം" എന്ന പുസ്തകത്തെ കുറിച്ച് ...

MediaOne Logo

  • Published:

    7 Jan 2021 2:03 PM GMT

ഇസ്‌ലാമിക ഫെമിനിസം; മതപരതയും മതേതരത്വവും തമ്മിലെ സംവാദങ്ങള്‍
X

മതം/മതേതരത്വം എന്ന ദ്വന്ദ്വത്തിനു പുറത്തു കടന്നു കൊണ്ട് ആണ്‍കോയ്മ എന്ന വ്യവഹാരത്തെ പ്രശ്നവത്കരിക്കുകയും ഒപ്പം ഫെമിനിസത്തെ ആണ്‍കോയ്മയോടുള്ള വിമര്‍ശന പദ്ധതി മാത്രമായി ലളിത വ്യാഖ്യാനം നടത്തുന്ന വരേണ്യ/ ഉപരിവര്‍ഗ്ഗ/ വെളുത്ത സ്ത്രീ വാദങ്ങളോട് നേരിട്ട് സംഘര്‍ഷപ്പെടുകയും ചെയ്യുന്നുണ്ട് ഉമ്മുല്‍ ഫായിസ എഴുതിയ “ഇസ്‌ലാമിക ഫെമിനിസം: വൈവിധ്യം, സങ്കീര്‍ണത, ഭാവി” എന്ന പുസ്തകം. സാമൂഹ്യശാസ്ത്രപരമായും ദൈവശാസ്ത്രപരമായും ഭാഷാപരമായും വികസിച്ചു വന്ന ഇസ്ലാമിക ഫെമിനിസം എന്ന വ്യവഹാരത്തെ, വിവിധ കാലഘട്ടങ്ങളില്‍ നടന്ന സംവാദങ്ങളെ മുന്‍നിര്‍ത്തി അവതരിപ്പിക്കുകയാണ് പ്രസ്തുത പുസ്തകത്തിലൂടെ ഫായിസ ചെയ്യുന്നത്. ഇസ്‍ലാമിക ഫെമിനിസം എന്ന വൈജ്ഞാനിക മണ്ഡലം കൊളോണിയല്‍ ആധുനികതയോടും സമകാലീന സാമ്രാജ്യത്വ ഭരണകൂടങ്ങളോടും സംഘര്‍ഷത്തിലാവുന്നതിന്‍റെ രാഷ്ട്രീയ പശ്ചാത്തലം പുസ്തകത്തിന്‍റെ മുഖ്യ പ്രമേയങ്ങളില്‍ ഒന്നാണ്.

ഇസ്‌ലാമും ഫെമിനിസവും എന്ന വ്യത്യസ്ത വിജ്ഞാനശാഖകളെ രീതിശാസ്ത്രപരമായി സമീപിക്കുകയും ഇസ്‌ലാമിക ഫെമിനിസം എന്ന വ്യവഹാര രൂപത്തെ ആധുനിക യാഥാസ്ഥിതിക കാഴ്ചയായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ലിബറല്‍ മതേതര വ്യവഹാരങ്ങളെ പ്രശ്നവത്കരിക്കുകയും ചെയ്യുന്ന വിശകലനങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. മുസ്‌ലിം സ്ത്രീകളുടെ സാമൂഹ്യ, രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വലിയ ചരിത്രം തന്നെ ഉണ്ടെങ്കിലും 1980കള്‍ മുതലുള്ള പഠനങ്ങളിലൂടെയാണ് ഇസ്‍ലാമിക ഫെമിനിസം സംബന്ധിച്ച രാഷ്ട്രീയ ആലോചനകള്‍ രചയിതാവ് വികസിപ്പിക്കുന്നത്. രീതിശാസ്ത്രപരമായ പരിണാമങ്ങളും ഇസ്‌ലാമിക ഫെമിനിസം എന്ന വിജ്ഞാനശാസ്ത്രത്തില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളും സംഘര്‍ഷങ്ങളും ഒരു സംവാദമായി രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ ഫായിസ ഇവിടെ നടത്തുന്നുണ്ട്. 9/11ന് ശേഷം നടന്ന പോസ്റ്റ് കൊളോണിയല്‍ ഇസ്‌ലാമിക ഫെമിനിസ്റ്റ് ചര്‍ച്ചകള്‍ ഈ വൈജ്ഞാനിക മണ്ഡലത്തിന്‍റെ വികാസത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ളതായി പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. പാശ്ചാത്യ ഫെമിനിസം, മുസ്‌ലിം ആണ്‍കോയ്മ, ലിബറല്‍-മതേതര വ്യവഹാരങ്ങള്‍ എന്നിവയോടുള്ള വിമര്‍ശനപരമായ സമീപനങ്ങളും, നൈതികതയുടെ പ്രശ്നങ്ങളും വിവിധ അദ്ധ്യായങ്ങളിലൂടെ നടത്തുന്ന വിശകലനങ്ങളിലൂടെ വായനക്കാര്‍ക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുണ്ട്. മുഖ്യധാര സംവാദങ്ങളില്‍ അന്യമായ ഇസ്‌ലാമിക ഫെമിനിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ നിന്ന് കൊണ്ട് വിശാലമായ മറ്റൊരു ആശയ പ്രപഞ്ചത്തിലേക്കുള്ള സഞ്ചാരമാണ് പുസ്തകം സാധ്യമാക്കുന്നതെന്ന് പറയാം.

മതേതര വ്യവഹാരങ്ങളുടെ സംഘര്‍ഷങ്ങള്‍

മതേതരത്വം അടിസ്ഥാന ആശയമായി കരുതുന്ന മുഖ്യധാര ഫെമിനിസ്റ്റ് രാഷ്ട്രീയവും മതേതരാനന്തരം വികസിച്ചു വന്ന ഇസ്ലാമിക ഫെമിനിസ്റ്റ് രാഷ്ട്രീയവും സംബന്ധിച്ച് അക്കാദമിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നടന്നിട്ടുള്ള ആശയ സംഘടനങ്ങള്‍ക്ക് കൊളോണിയല്‍ നിര്‍മിത വൈജ്ഞാനിക ശാഖകളുടെ അപ:നിര്‍മാണ വായനയില്‍ കാര്യമായ പങ്കുണ്ട്. മതം, മതേതരത്വം, ഫെമിനിസം എന്നീ വ്യവഹാരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്നഅധികാര ബന്ധത്തെ പുനര്‍വിചിന്തനം നടത്തുന്നത് മുസ്‌ലിം സ്ത്രീയുടെ സാമൂഹ്യ, രാഷ്ട്രീയ സ്വത്വ പ്രകാശനത്തിന്‍റെ തലത്തില്‍ മനസിലാക്കേണ്ടതുണ്ട്. മുസ്‌ലിം, സ്ത്രീ എന്ന വ്യത്യസ്തമായ രണ്ട് സാമൂഹ്യസ്ഥാനങ്ങളെ ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകളില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണതകളെ അക്കാദമിക വിശദീകരണങ്ങളിലൂടെ സുതാര്യമാക്കാനുള്ള ഇടപെടലുകള്‍ പുസ്തകത്തില്‍ കാണാവുന്നതാണ്. സ്വയം നിര്‍ണയാവകാശം അല്ലെങ്കില്‍ തിരഞ്ഞെടുപ്പുമായി (Choice) ബന്ധപ്പെട്ടാണ് മുസ്‌ലിം സ്ത്രീവാദ രാഷ്ട്രീയത്തെ പ്രതിസന്ധിയിലാക്കാന്‍ പലപ്പോഴും ലിബറല്‍, മതേതര വ്യവഹാരങ്ങള്‍ ശ്രമിക്കാറുള്ളത്. സിദ്ധാന്തങ്ങള്‍ തീര്‍ന്നു പോകുന്ന ഒരു വിഷയമായാണ് മുസ്‌ലിം സ്ത്രീയെ അധീശ വ്യവഹാരങ്ങളും മുഖ്യധാര ഫെമിനിസ്റ്റ് സൈദ്ധാന്തികരും മനസിലാക്കുന്നതെന്ന് ഫായിസ അഭിപ്രായപ്പെടുന്നു. എന്നാല്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് എന്നൊരു സാധ്യത വാസ്തവത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്നാണ് അവര്‍ ഉന്നയിക്കുന്ന കാതലായ ചോദ്യം. ഏതെങ്കിലും ഘടനക്കുള്ളില്‍ നിന്ന് കൊണ്ട് മാത്രമേ തിരഞ്ഞെടുപ്പുകള്‍ സംഭവിക്കാറുള്ളൂ എന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കൂടെയാണ് ഇത്തരമൊരു ചോദ്യം അവര്‍ ഉന്നയിക്കുന്നത്.തിരഞ്ഞെടുപ്പിന് അതിര്‍ത്തികള്‍ നിര്‍ണയിക്കുന്ന ലിബറല്‍, മതേതര വ്യവഹാരത്തിന്‍റെ കാഴ്ചകളെ പ്രശ്നവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഫായിസ ഇവിടെ നടത്തുന്നത്.

ഉമ്മുല്‍ ഫായിസ

വസ്ത്രധാരണവും ലിംഗഭേദവും തമ്മിലെ ചര്‍ച്ചകളെ ഈ സാഹചര്യത്തില്‍ പരിശോധിച്ചു നോക്കാം. Exposed(?) ആയ വസ്ത്രങ്ങള്‍ധരിക്കാനുള്ള ചോയ്സ് പോലെ തന്നെ non exposed(?) ആയ വസ്ത്രങ്ങൾ ധരിക്കാനുള്ള ചോയ്സും സ്വാതന്ത്ര്യവും അനുവദിക്കപ്പെടേണ്ടത് അല്ലേ? പക്ഷേ ആരാണ് ഇതെല്ലാം അനുവദിക്കുന്നത് എന്ന ചോദ്യവും അനുബന്ധമായി ഉയർന്നു വരുന്നുണ്ട്. ബിക്കിനി പോലുള്ള വസ്ത്രങ്ങളിൽ പുരുഷ കാമനകൾ, കാഴ്ചകൾ ഉള്ളടങ്ങിയിട്ടില്ലെ? സമാനമായ പ്രശ്നം മറ്റൊരു അർത്ഥത്തിൽ നിഖാബ്, ബുര്‍ഖ പോലുള്ള വസ്ത്രങ്ങളിലും ഉണ്ടാകാം? പക്ഷേ ഇതൊന്നും വസ്ത്രത്തെ ഒരു ചോയ്സായി കാണുന്ന സ്ത്രീകളുടെ നിർണയാവകാശത്തെ റദ്ദ് ചെയ്യാനുള്ള കാരണമല്ലലോ? എന്നാല്‍ non exposed ആയ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പ് മാത്രം പുരുഷ കാഴ്ചകളെ/ ആധിപത്യത്തെ മുൻനിർത്തി എതിർക്കുന്നതിന്‍റെ യുക്തി എന്താണ്?മതപരതയിലെ പുരുഷ കാഴ്ചകൾ മാത്രം അപകടകരമായി അവതരിപ്പിക്കുന്നത് പുരുഷാധിപത്യത്തോടുള്ള പ്രശ്നത്തെക്കാൾ ഉപരി മതത്തോടുള്ള മതേതര വ്യവഹാരങ്ങളുടെ പ്രശ്നമായാണ് മനസ്സിലാക്കേണ്ടത്. മതം, വസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള മുസ്‌ലിം സ്ത്രീകളുടെ തിരഞ്ഞെടുപ്പ് പൊതുവ്യവഹാരങ്ങളില്‍ നിന്നും അവരെ പുറന്തള്ളാനാണ് മതേതര അധികാര വ്യവസ്ഥ ഉപയോഗിക്കുന്നത്. സ്ത്രീകളുടെ തിരഞ്ഞെടുപ്പ് എന്നതില്‍ നിന്നും ഒരു പ്രത്യേക മതം തിരഞ്ഞെടുക്കുന്നവര്‍ മാത്രം പുറത്താക്കപ്പെടുന്നത്തിലെഅപകടങ്ങളും ഇരട്ടത്താപ്പുകളും ഇവിടെ കൃത്യമായും പ്രശ്നവത്കരിക്കപ്പെടുന്നുണ്ട്.

മതത്തിനു മുകളിലുള്ള നിയന്ത്രണങ്ങള്‍ പുരോഗതിയുടെ ലക്ഷണമായി കരുതുന്ന ആധുനിക ദേശ-രാഷ്ട്രങ്ങളെല്ലാം തന്നെ മതേതരത്വത്തിന്‍റെ മേല്‍ക്കോയ്മയില്‍ അധിഷ്ടിതമായ സമാനമായ ജനാധിപത്യ വിരുദ്ധത വെച്ചു പുലര്‍ത്തുന്നതായി നമുക്ക് കാണാന്‍ സാധിക്കും. 1980കള്‍ക്ക് ശേഷം മാത്രമാണ് മതേതരത്വത്തിന്‍റെ തീര്‍പ്പുകളെ മറികടന്നുകൊണ്ട് ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍ മതവുമായും ഇസ്‌ലാമുമായുമൊക്കെ ക്രിയാത്മകമായ സംവാദങ്ങള്‍ക്ക് തയ്യാറാകുന്നത്.

ഇസ്‍ലാമും ഫെമിനിസവും

ഇറാൻ വിപ്ലവത്തിൽ സ്ത്രീകളെ വഴി തെറ്റിയവരായും തല മറക്കാൻ സമരം നടത്തുന്നവരുമായാണ് സൈമൺ ദി ബുവ (Simone de Beauvoir) അടയാളപ്പെടുത്തുന്നത്. സമാനമായി കേരളത്തിലെ ലിബറൽ ഫെമിനിസ്റ്റുകളും മതപരതയുള്ള സ്ത്രീകളുടെ പൊതുമണ്ഡലത്തിലേക്കുള്ള കടന്നു വരവിനെ ആശങ്കയോടെയാണ് കാണാൻ ശ്രമിക്കുന്നത്. മത-സമുദായ സംഘടനകളിലൂടെ സമരമുഖത്തെത്തുന്ന സ്ത്രീകളുടെ എണ്ണം പേടിപ്പെടുത്തുവെന്നാണ് കേരളത്തിലെ ആദ്യകാല ഫെമിനിസ്റ്റുകളില്‍ ഒരാളായ ശ്രീജ ആറങ്ങോട്ടുകരഈ അടുത്ത കാലത്ത് സൂചിപ്പിച്ചത്. ഇത് വ്യകതമാക്കുന്നത് ആഗോള തലത്തില്‍ തന്നെ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിനു മതപരതയോടുള്ള സമീപനത്തില്‍ ഘടനാപരമായ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ്. മതപരതയുള്ള സ്ത്രീകളുടെ നിര്‍വാഹകത്വവും തെരഞ്ഞെടുപ്പും റദ്ദ് ചെയ്യുന്ന മതേതര ഫെമിനിസ്റ്റ് വ്യവഹാരങ്ങളുടെ അപ:നിര്‍മാണം കൂടെയാണ് ഒരര്‍ത്ഥത്തില്‍ ഇസ്‌ലാമിക ഫെമിനിസം സാധ്യമാക്കുന്നതെന്ന് കാണാം. മതേതര വ്യവഹാരങ്ങളുടെ ജ്ഞാനശാസ്ത്രപരമായ ഈ മേല്‍ക്കോയ്മയെ ചോദ്യം ചെയ്തു കൊണ്ട് നിരവധി പഠനങ്ങള്‍ അടുത്ത കാലങ്ങളിലായി ഉയര്‍ന്നു വന്നിട്ടുണ്ട്. പോസ്റ്റ് സെക്യുലര്‍ ഫെമിനിസ്റ്റ് ചിന്തകരില്‍ പ്രധാനികളായ ജൂഡിത് ബട്ലറും (Judith Butler) ജോവാന്‍ വല്ലക് സ്കോട്ടും (Joan Wallach Scott) ഇത്തരം മേല്‍ക്കോയ്മകളെ പ്രശ്നവത്കരിച്ചു കൊണ്ട് ഫെമിനിസം മതവുമായും മതേതരത്വവുമായും ഒരുപോലെ നീക്കുപോക്കുകള്‍ നടത്താന്‍ തയാറാകണമെന്ന് വാദിക്കുന്നതായി ഫായിസ ചൂണ്ടികാണിക്കുന്നുണ്ട്.

9/11ന് ശേഷം നടന്ന പോസ്റ്റ് കൊളോണിയല്‍ ഇസ്‌ലാമിക ഫെമിനിസ്റ്റ് ചര്‍ച്ചകള്‍ ഈ വൈജ്ഞാനിക മണ്ഡലത്തിന്‍റെ വികാസത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ളതായി പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. പാശ്ചാത്യ ഫെമിനിസം, മുസ്‌ലിം ആണ്‍കോയ്മ, ലിബറല്‍-മതേതര വ്യവഹാരങ്ങള്‍ എന്നിവയോടുള്ള വിമര്‍ശനപരമായ സമീപനങ്ങളും, നൈതികതയുടെ പ്രശ്നങ്ങളും വിവിധ അദ്ധ്യായങ്ങളിലൂടെ നടത്തുന്ന വിശകലനങ്ങളിലൂടെ വായനക്കാര്‍ക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുണ്ട്

മതത്തെ പൊതുവായും ഇസ്‌ലാമിനെ സവിശേഷമായും ഘടനാപരമായി പുറന്തള്ളുന്ന ഫ്രഞ്ച് മതേതരത്വത്തിന്‍റെ ജനാധിപത്യ വിരുദ്ധതയെ സ്കോട്ടിന്‍റെ ‘The Politics of the Veil’ എന്ന പഠനത്തെ ഉദ്ദരിച്ചു കൊണ്ട് രചയിതാവ് വ്യക്തമാക്കുന്നുണ്ട്. മതത്തിനു മുകളിലുള്ള നിയന്ത്രണങ്ങള്‍ പുരോഗതിയുടെ ലക്ഷണമായി കരുതുന്ന ആധുനിക ദേശ-രാഷ്ട്രങ്ങളെല്ലാം തന്നെ മതേതരത്വത്തിന്‍റെ മേല്‍ക്കോയ്മയില്‍ അധിഷ്ടിതമായ സമാനമായ ജനാധിപത്യ വിരുദ്ധത വെച്ചു പുലര്‍ത്തുന്നതായി നമുക്ക് കാണാന്‍ സാധിക്കും. 1980കള്‍ക്ക് ശേഷം മാത്രമാണ് മതേതരത്വത്തിന്‍റെ തീര്‍പ്പുകളെ മറികടന്നുകൊണ്ട് ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍ മതവുമായും ഇസ്‌ലാമുമായുമൊക്കെ ക്രിയാത്മകമായ സംവാദങ്ങള്‍ക്ക് തയ്യാറാകുന്നത്.

ഫാത്തിമ മെര്‍നീസി, ലൈല അഹ്മദ്, ആമിന വദൂദ് തുടങ്ങിയവര്‍ തൊണ്ണൂറുകളില്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ഇസ്‌ലാമിലെ ലിംഗനീതിയെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഇസ്‍ലാമിക ഫെമിനിസം എന്ന ജ്ഞാനരൂപമായി വികസിച്ചതെന്ന് ഫായിസ നിരീക്ഷിക്കുന്നു. ഇസ്‌ലാമിക ഫെമിനിസത്തിന്‍റെ മേഖലയില്‍ നടന്നിട്ടുള്ള സംവാദങ്ങള്‍, സംഘര്‍ഷങ്ങള്‍, വൈരുധ്യങ്ങള്‍ തുടങ്ങിയവ വിവിധ പഠനങ്ങളെ ഉദ്ധരിച്ചുകൊണ്ട് വളരെ വിശദമായി തന്നെ ‘ഇസ്‌ലാമും ഫെമിനിസവും: വാക്കും വ്യാഖ്യാനവും” എന്ന അധ്യായത്തില്‍ അവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ പുസ്തകത്തിന്‍റെ തന്നെ അടിസ്ഥാന രാഷ്ട്രീയത്തിന്‍റെ വികാസ, പരിണാമ ചര്‍ച്ചകളുടെ സുപ്രധാന ഭാഗമായാണ് പ്രസ്തുത അദ്ധ്യായം വായനക്കാരന് അനുഭവപ്പെടുന്നത്. ഇസ്‌ലാമിക ഫെമിനിസ്റ്റ് എന്ന വിശേഷണത്തോടുള്ള പ്രശ്നങ്ങള്‍, അത് ഉള്‍ക്കൊള്ളുന്നതിനു മുന്നോടിയായി നടക്കുന്ന ആശയ സംവാദങ്ങള്‍, ഇസ്ലാമിനോടും ഫെമിനിസത്തോടുമുള്ള കലഹങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ അദ്ധ്യായം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. മുസ്‌ലിം സ്ത്രീചിന്തയുടെ മേഖലയിലെ വൈവിധ്യങ്ങളെയും അതിന്‍റെ വികാസത്തെയും കൃത്യമായി ഇവിടെ അടയാളപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമിക ഫെമിനിസവും ഇസ്ലാമിക സ്ത്രീപഠന മേഖലയും ഒരുപോലെ പ്രശ്നഭരിതമാണെന്ന രാഷ്ട്രീയ ബോധ്യത്തിലേക്കാണ് ഈ അദ്ധ്യായം നമ്മെ എത്തിക്കുന്നത്. വിശദമായ അന്വേഷണങ്ങളും പഠനങ്ങളും ആവശ്യമായ സംവാദ മേഖലയായാണ് ഇസ്ലാമിക ഫെമിനിസം എന്ന വ്യവഹാര മണ്ഡലം നമുക്ക് അനുഭവപ്പെടുക. പോസ്റ്റ് സെക്യുലര്‍ ഫെമിനിസ്റ്റ് രാഷ്ട്രീയം മതത്തിനകത്തെ സ്ത്രീകള്‍ക്ക് നിര്‍ണയാവകാശങ്ങള്‍ സാധ്യമാണെന്ന് വാദിക്കുമ്പോഴും നിരവധി സൈദ്ധാന്തിക പ്രശ്നങ്ങള്‍ ഇവിടെ സ്വാഭാവികമായും ഉയര്‍ന്നു വരുന്നുണ്ട്. സങ്കീര്‍ണമായ ഇത്തരം വിഷയങ്ങള്‍ അക്കാദമിക ലോകത്തിന്‍റെ കൂടുതല്‍ ശ്രദ്ധയും ഇടപെടലുകളും ആവശ്യപ്പെടുന്നതായി നമുക്ക് കാണാന്‍ സാധിക്കും.

കൊളോണിയലാനന്തര, അപ:കോളനീകരണ വായനകളിലെ ഫെമിനിസം

പോസ്റ്റ്‌ കൊളോണിയല്‍ സംവാദങ്ങള്‍ക്കുള്ളില്‍ ഇസ്‌ലാമിക ഫെമിനിസത്തെ വായിക്കാന്‍ അക്കാദമിക, രാഷ്ട്രീയ മേഖലകളില്‍ നടന്നിട്ടുള്ള ശ്രമങ്ങളും പുസ്തകം അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഉത്തരഘടനാവാദം, ഇന്‍റര്‍സെക്ഷണല്‍ ഫെമിനിസം, ബ്ലാക്ക് ഫെമിനിസം, ഒറിയന്‍റലിസം, പോസ്റ്റ് സെക്യുലര്‍ പഠനങ്ങള്‍ അടക്കമുള്ള മേഖലകള്‍ കൊളോണിയലാനന്തര ഇസ്ലാമിക ചിന്തകളെ വിപുലമാക്കിയിട്ടുണ്ടെന്നു ഫരീദ് ഇസാക്ക്, സല്‍മാന്‍ സയ്യിദ്, ലൈല അഹ്മദ് തുടങ്ങിയ ഗവേഷകരുടെ നിരീക്ഷണങ്ങളെ മുന്‍നിര്‍ത്തി പുസ്തകം വ്യക്തമാക്കുന്നു.1985-95 കാലയളവില്‍ സംഘടിത രാഷ്ട്രീയ രൂപം കൈവരിക്കുന്ന ഇസ്‌ലാമിക ഫെമിനിസ്റ്റ് ചിന്ത ശീതയുദ്ധാനന്തരമാണ് പോസ്റ്റ്‌ കൊളോണിയലിസവുമായി ആശയ സംവാദങ്ങളും ബന്ധങ്ങളും സ്ഥാപിതമാക്കുന്നത്. തൊണ്ണൂറുകളില്‍ വികസിച്ചു വന്ന പച്ചപ്പേടി (Green Scare) എന്ന ആഗോള അധീശ വ്യവഹാരം എങ്ങനെയാണ് മുസ്‌ലിം ഭൂരുപക്ഷ രാഷ്ട്രങ്ങളില്‍ അധിനിവേശം നടത്താന്‍ ഉപയോഗിക്കപ്പെട്ടതെന്നുള്ള ചര്‍ച്ചക്ക് സമകാലീന രാഷ്ട്രീയ സാഹചര്യത്തില്‍ അതീവ പ്രാധാന്യമുണ്ട്. ഉപരിവര്‍ഗ്ഗ/വെളുത്ത സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഫെമിനിസ്റ്റ് കൂട്ടായ്മകള്‍ മുസ്‌ലിം ആണ്‍കോയ്മയില്‍ നിന്നും മുസ്‌ലിം സ്ത്രീകളെ രക്ഷിക്കാനെന്ന പേരില്‍ മുതലാളിത്ത രാജ്യങ്ങള്‍ നടത്തുന്ന അധിനിവേശത്തെ പിന്തുണക്കുകയാണ് ഉണ്ടായത്. ഇത്തരം പാശ്ചാത്യ ഫെമിനിസ്റ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ മുസ്‌ലിം ആണ്‍കോയ്മയുടെ വിമര്‍ശനം സാധ്യമാകുമെന്നാണ് അന്‍വര്‍ മാജിദ്, ലൈല അഹ്മദ് പോലുള്ള ചിന്തകര്‍ കരുതുന്നത്. ആണ്‍കോയ്മയെ ഒരു സാര്‍വ്വലൌകിക പ്രതിഭാസമായി കാണുന്ന ഇവര്‍ ഇസ്‌ലാമിക ഫെമിനിസം ഒരേസമയം ആണ്‍കോയ്മാവിരുദ്ധവും മുതലാളിത്തവിരുദ്ധവും ജനാധിപത്യപരവുമാണെന്ന് നിരീക്ഷിക്കുന്നുണ്ട്. സ്ത്രീവിമോചനത്തിന്‍റെ പേരില്‍ അഫ്ഘാനിസ്ഥാനില്‍ നടന്ന അമേരിക്കന്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരില്‍ എഴുപത്തഞ്ചു ശതമാനം സ്ത്രീകളും കുട്ടികളുമായിരുന്നു എന്ന വസ്തുത ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ടെന്നും ഫായിസ സൂചിപ്പിക്കുന്നുണ്ട്.

തൊണ്ണൂറുകളില്‍ വികസിച്ചു വന്ന പച്ചപ്പേടി (Green Scare) എന്ന ആഗോള അധീശ വ്യവഹാരം എങ്ങനെയാണ് മുസ്‌ലിം ഭൂരുപക്ഷ രാഷ്ട്രങ്ങളില്‍ അധിനിവേശം നടത്താന്‍ ഉപയോഗിക്കപ്പെട്ടതെന്നുള്ള ചര്‍ച്ചക്ക് സമകാലീന രാഷ്ട്രീയ സാഹചര്യത്തില്‍ അതീവ പ്രാധാന്യമുണ്ട്.

ഈ ചര്‍ച്ചകള്‍ സാമ്രാജ്യത്വ ഫെമിനിസം എന്ന മറ്റൊരു അധീശ വ്യവഹാരത്തിന്‍റെ വിമര്‍ശനത്തിലേക്കാണ് വായനക്കാരനെ എത്തിക്കുന്നത്. കോളനിവത്കരണത്തെ ന്യായീകരിക്കാന്‍ കൊളോണിയല്‍ ഭരണകൂടങ്ങള്‍ നിര്‍മിച്ച ഒരു വ്യവഹാരമാണിത്. 2002ലെ അഫ്ഘാന്‍ അധിനിവേശത്തെ ന്യായീകരിച്ചു കൊണ്ട് ജോര്‍ജ്ജ് ബുഷിന്‍റെ ഭാര്യ ലോറ ബുഷ്‌ പറഞ്ഞത് അഫ്ഘാനിലെ സ്ത്രീകളുടെ വിമോചനമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ്. സാമ്രാജ്യത്വ അനുകൂല വ്യവഹാരമായി നടത്തുന്ന ഫെമിനിസത്തിന്‍റെ പ്രയോഗവത്കരണത്തെ സാമ്രാജ്യത്വ/അധിനിവേശ ഫെമിനിസം (Imperialist/Colonial Feminism) എന്നാണ് ലൈല അഹ്മദിനെ പോലുള്ള ഗവേഷകര്‍ നിര്‍വചിക്കുന്നതെന്ന് ഫായിസ വ്യക്തമാക്കുന്നുണ്ട്. പാശ്ചാത്യ സ്ത്രീവീക്ഷണം ഇതര സ്ത്രീകളുടെ അനുഭവത്തെയും അറിവിനെയും റദ്ദ് ചെയ്തുകൊണ്ട് അടിച്ചേല്‍പ്പിക്കുന്നതാണെന്ന സാദിയ ഷെയ്ഖിന്‍റെ നിരീക്ഷണങ്ങളെയും ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാന്‍ ഫായിസ ശ്രദ്ധിക്കുന്നതായി കാണാം. ഫെമിനിസത്തിന്‍റെ സാര്‍വ്വലൗകികവത്കരണത്തെയും ഗ്ലോബല്‍ സിസ്റ്റര്‍ഹൂഡ് (Global Sisterhood) പോലുള്ള സങ്കല്പങ്ങളെയും പ്രശ്നവത്കരിക്കുകയാണ് ഇത്തരം ചര്‍ച്ചകള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ലിബറല്‍, മതേതര വ്യവഹാരങ്ങളുടെ മേല്‍ക്കോയ്മകളെ ചോദ്യം ചെയ്തു കൊണ്ട് ഈ ചര്‍ച്ചകളിലേക്ക് പിന്നീട് ഡീകൊളോണിയല്‍ ഇസ്ലാമിക ഫെമിനിസത്തിന്‍റെ ആലോചനകളെയും രചയിതാവ് കൊണ്ട് വരുന്നുണ്ട്.

പോസ്റ്റ് കൊളോണിയല്‍ വ്യവഹാരങ്ങളിലെ ലിബറല്‍, മതേതര സങ്കല്പങ്ങളുടെ ആധിപത്യവും, ഇന്‍റര്‍സെക്ഷണല്‍ ഫെമിനിസം സാമുദായികതയെ അഭിമുഖീകരിക്കുന്നതില്‍ നേരിടുന്ന പ്രതിസന്ധികളും ഡീകൊളോണിയല്‍ ചിന്തകര്‍ ചൂണ്ടികാട്ടുന്നുണ്ട്. ഹൂറിയ ബൂതല്‍ജ, റമോണ്‍ ഗ്രൂസ്ഫുഗല്‍ തുടങ്ങിയ ഡീകൊളോണിയല്‍ ചിന്തകരുടെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ സാഹചര്യത്തിലെ മുസ്‌ലിം സ്ത്രീയുടെ ദൃശ്യതയെ ഇന്‍റര്‍സെക്ഷണാലിറ്റി നിരാകരിക്കുന്നതായി പുസ്തകം സൂചിപ്പിക്കുന്നു.സാമുദായികമായി നേരിടുന്ന അടിച്ചമര്‍ത്തലുകളെ മനസിലാക്കുന്നതില്‍ പരാജയപ്പെടുന്ന ഇന്‍റര്‍സെക്ഷണാലിറ്റി ഘടനാപരമായ പ്രശ്നങ്ങളെ വ്യക്തിപരതയിലേക്ക് ചുരുക്കുന്നുവെന്നാണ് ഡീകൊളോണിയല്‍ ചിന്തകര്‍ ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം.ഇത്തരത്തില്‍ ഹൂറിയ ബൂതല്‍ജയുടെ ഡീകൊളോണിയല്‍ ഫെമിനിസ്റ്റ് പഠനങ്ങളെ വളരെ ഗൗരവത്തോടെ പുസ്തകം സമീപിക്കുന്നത് കാണാം. സാര്‍വ്വലൗകികത, ഫെമിനിസ്റ്റ് ഐക്യത്തിന്‍റെ രാഷ്ട്രീയം, മാനവിക ഫെമിനിസം തുടങ്ങിയ സങ്കല്പങ്ങളെ വിമര്‍ശനപരമായാണ് ബൂതല്‍ജ വീക്ഷിക്കുന്നത്. സ്വയം അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം സ്ത്രീ എന്ന പാശ്ചാത്യ, അധികാര ഫെമിനിസത്തിന്‍റെ വീക്ഷണങ്ങളെ നിരാകരിക്കുന്ന അവര്‍ അധിനിവേശം ചെയ്യപ്പെട്ട മുസ്‌ലിം സ്ത്രീ ജീവിതങ്ങളാണ് സമകാലിക യാഥാര്‍ത്ഥ്യമായി അംഗീകരിക്കുന്നത്. കൊളോണിയല്‍ ദേശ-രാഷ്ട്രങ്ങള്‍ നടത്തുന്ന വംശീയതയെ കുറിച്ച് വെളുത്ത സ്ത്രീകളുടെ അധികാര ഫെമിനിസം നിശബ്ദമാകുന്നത് കൊണ്ട് തന്നെ ലിംഗഭേദങ്ങളെ കുറിച്ചുള്ള അവരുടെ നിലപാടുകള്‍ തനിക്ക് പ്രധാനമല്ലെന്നു കൂടെ ബൂതല്‍ജ പ്രഖ്യാപിക്കുന്നുണ്ട്.

ഹൂറിയ ബൂതല്‍ജ

ആഗോള തലത്തില്‍ തന്നെ നടന്നു കൊണ്ടിരിക്കുന്ന ഫെമിനിസ്റ്റ് ചര്‍ച്ചകളേയും മത, മതേതര വ്യവഹാരങ്ങളുടെ സംഘര്‍ഷങ്ങളെയും ഒരുപോലെ അക്കാദമികമായും രാഷ്ട്രീയമായും സംവാദങ്ങള്‍ക്ക് വിധേയമാക്കുകയാണ് ഉമ്മുല്‍ ഫായിസ ഇവിടെ ചെയ്യുന്നത്. മതത്തെ പൊതുവായും, മുസ്‌ലിം സ്ത്രീകളെ സവിശേഷമായും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്ന ലിബറല്‍ ഉത്കണ്ഠകളെ കൃത്യമായും ചോദ്യം ചെയ്യുകയാണ് “ഇസ്‌ലാമിക ഫെമിനിസം: വൈവിധ്യം, സങ്കീര്‍ണത, ഭാവി” എന്ന പുസ്തകം. കൊളോണിയല്‍ ആധുനികത യുക്തിക്ക് അപരമായി പ്രതിഷ്ഠിക്കുന്ന ഇസ്‌ലാമിക കാഴ്ചകളെയും ലിംഗഭേദങ്ങളെയും ചരിത്രത്തില്‍ നടന്നിട്ടുള്ളതും ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നതുമായ ഇസ്‌ലാമിക ഫെമിനിസ്റ്റ് പഠനങ്ങളുടെയും വ്യവഹാരങ്ങളുടെയും പശ്ചാത്തലത്തില്‍ പുനര്‍വിചിന്തനം നടത്തുകയാണ് ഈ പുസ്തകത്തിലൂടെ ഫായിസ ചെയ്യുന്നതെന്ന് കാണാം.

TAGS :

Next Story