വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് തിരിച്ചടി
പത്തു വർഷത്തെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചെങ്കിലും കുറ്റക്കാരനാണെന്ന കണ്ടെത്തലിന് സ്റ്റേ ഇല്ല
കൊച്ചി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് തിരിച്ചടി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കവരത്തി സെഷൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കേസിൽ പത്ത് വർഷത്തെ തടവ് ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു.
വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിനെതിരെ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കവരത്തി സെഷൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും, ശിക്ഷ റദ്ദാക്കണമെന്നുമായിരുന്നു ഫൈസലിന്റെ ആവശ്യം. പത്ത് വർഷത്തെ ശിക്ഷ മരവിപ്പിച്ചെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാൻ നിലവിൽ കഴിയില്ലെന്ന് ജസ്റ്റിസ് നഗരേഷ് വ്യക്തമാക്കി.
സുപ്രിംകോടതി നിർദേശ പ്രകാരമാണ് ഹൈക്കോടതി വീണ്ടും കേസിൽ വാദം കേട്ടത്. സാക്ഷിമൊഴികൾ കൃത്യമായി പരിശോധിക്കാതെയാണ് കവരത്തി സെഷൻസ് കോടതിയുടെ ഉത്തരവെന്നായിരുന്നു കേസിൽ ഫൈസലിന്റെ പ്രധാനപ്പെട്ട വാദം. എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല.
പരിക്കേറ്റവരെ പരിശോധിച്ച ഡോക്ടറുടെ നിർണായകമായ മൊഴി കോടതി പരിശോധിച്ചില്ലെന്നും മാരകായുധങ്ങൾ ഉപയോഗിച്ചെന്ന വാദം തെറ്റാണെന്നും ഫൈസൽ വാദിച്ചിരുന്നു. സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഫൈസലിനായി ഹാജരായത്. ഫൈസലിന്റെ വാദത്തെ ശക്തമായി ലക്ഷദ്വീപ് ഭരണകൂടവും എതിർകക്ഷികളും എതിർത്തു.
ജനപ്രാതിനിധ്യ നിയമപ്രകാരം ഏതെങ്കിലും കുറ്റത്തിന് രണ്ടുവർഷത്തിനുമേൽ തടവിന് ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനിധി അയോഗ്യനാകും. മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണ് എന്ന കണ്ടെത്തൽ നിലനിൽക്കുന്നതിനാൽ ഫൈസിന്റെ എം.പി സ്ഥാനം വീണ്ടും തുലാസിലായി.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മുൻ കേന്ദ്രമന്ത്രി പി.എം സഈദിന്റെ മരുമകനും കോൺഗ്രസ് പ്രവർത്തകനുമായ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്നതാണ് കേസ്.
Summary: The Kerala High Court rejects Lakshadweep MP Mohammed Faizal's plea to stay the Kavaratti Sessions Court order in which he was found guilty in the murder attempt case
Adjust Story Font
16