'ദിവ്യയെ അറസ്റ്റ് ചെയ്തതല്ല, കീഴടങ്ങിയതാണ്, ഒളിച്ചത് പാർട്ടി ഗ്രാമത്തിൽ'; വി.ഡി.സതീശൻ
വിഐപി പ്രതിയായതിനാലാണ് മാധ്യമങ്ങൾക്ക് മുന്നിൽ കാണിക്കാതെ കൊണ്ടുപോയതെന്ന് പരിഹാസം
ചേലക്കര പി.പി.ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നത് തെറ്റായ വാദമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പാർട്ടി ഗ്രാമത്തിലായിരുന്ന ദിവ്യ കീഴടങ്ങുകയാണ് ചെയ്തത്. ഇതോടെ പ്രതിപക്ഷത്തിന്റെ ആരോപണം കൃത്യമാണെന്ന് തെളിഞ്ഞെന്നും അദേഹം കൂട്ടിച്ചേർത്തു.
കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസ് പറഞ്ഞാൽ ദിവ്യ പൊലീസിന്റെ മുൻപിലുണ്ടായിരുന്നു എന്നാണ് അർഥം. ദിവ്യ എവിടെയെന്ന് പൊലീസിന് നേരത്തേത്തന്നെ അറിയുമായിരുന്നു.
ദിവ്യയുടെ അറസ്റ്റ് തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ്. ദിവ്യയെ രക്ഷപ്പെടുത്താനുള്ള മുഴുവൻ ശ്രമവും നടത്തി.
സാധാരണ കേസിൽ കോടതി നോട്ട് ടു അറസ്റ്റ് എന്ന് മുൻകൂർ ജാമ്യ അപേക്ഷ കേൾക്കുമ്പോൾ തന്നെ പറയാറുണ്ട്, എന്നാൽ ഈ കേസിൽ അങ്ങനെ പറഞ്ഞിട്ടില്ല. എന്നിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാതിരുന്നത് ഒത്തുകളിയുടെ ഭാഗമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ദിവ്യയുടെ കീഴടങ്ങൽ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദേഹം കൂട്ടിച്ചേർത്തു.
ഒരു കുടുംബത്തിന് നീതി കൊടുക്കാൻ കഴിയാത്ത ആളാണ് മുഖ്യമന്ത്രിയെന്ന് വിമർശിച്ച പ്രതിപക്ഷനേതാവ് ദിവ്യയെ മാധ്യങ്ങളുടെ മുന്നിൽ പെടാതെ പൊലീസ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചത് ദിവ്യ വിഐപി പ്രതിയായതിനാലാണെന്ന് പരിഹസിച്ചു.
Adjust Story Font
16