'മരണ സർട്ടിഫിക്കറ്റ് ചോദിച്ചപ്പോഴാണ് പോസ്റ്റ്‌മോർട്ടം നടത്താത്ത വിവരം അറിയുന്നത്, ദുരൂഹത ഒഴിയുമെന്നാണ് പ്രതീക്ഷ': റിഫയുടെ പിതാവ്
'മൃതദേഹം കൊണ്ടുവരുമ്പോൾ ഉണ്ടായിരുന്ന രേഖകൾ പലതും നഷ്ടപ്പെട്ടു.അതിലും ദുരൂഹതയുണ്ട്'
കോഴിക്കോട്: ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിഫാ മെഹ്നുവിന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോഴാണ് പോസ്റ്റ്‌മോർട്ടം നടത്താത്ത വിവരം അറിയുന്നതെന്ന് പിതാവ് റാഷിദ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് പ്രതീക്ഷയെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
'പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുന്നതോടെ ദുരൂഹത ഒഴിയുമെന്നാണ് പ്രതീക്ഷ. റിഫയെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ട്. മൃതദേഹം കൊണ്ടുവരുമ്പോൾ ഉണ്ടായിരുന്ന രേഖകൾ പലതും നഷ്ടപ്പെട്ടു.അതിലും ദുരൂഹതയുണ്ട്. റിഫയുടെ വസ്ത്രങ്ങളും ഫോണും എവിടെ ആണെന്ന് അറിയില്ല. മകൾ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണ്. ആത്മഹത്യയാണെങ്കിൽ അതിന് ബലമായ കാരണമുണ്ടാകുമെന്നും പിതാവ് പറഞ്ഞു.
അതേ സമയം റിഫയുടെ മരണത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായി റിഫയുടെ ഭർത്താവ് മെഹ്നാസിനെ ഉടൻ ചോദ്യം ചെയ്യും. അന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിക്കുകയാണ് പൊലീസ്.
ആർ.ഡി.ഒയുടെ അനുമതി വാങ്ങി ഇന്നലെ മൃതദേഹം പുറത്തെടുത്തത്. റിഫയുടെ അന്തരികാവയവങ്ങളുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം ഫോറൻസിക് വിഭാഗത്തിന് കൈമാറും. റിഫയുടെ കഴുത്തിൽ കണ്ടെത്തിയ അടയാളം കേസന്വേഷണത്തിൽ വഴിത്തിരിവാണ്. അന്വേഷണ സംഘത്തിന്റെ സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോ നടന്നതെന്ന് കണ്ടെത്താനാകൂ.
Adjust Story Font
16