''എന്നെ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ ആക്കൂ, മോഡിഫിക്കേഷന് അനുമതി ഞാന്‍ തരാം''; മല്ലുട്രാവലറുടെ പഴയ വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
''വണ്ടി ഞാന്‍ മോഡിഫിക്കേഷന്‍ ചെയ്യും, എന്താ ഞാന്‍ പൈസ കൊടുത്ത് വാങ്ങിച്ചിട്ട് ടാക്സും കൊടുത്തും വാങ്ങിച്ചിട്ട് മോഡിഫിക്കേഷന്‍ ചെയ്യാന്‍ എനിക്ക് അവകാശമില്ലേ. പോയി പണി നോക്കാന്‍ പറയ്''
തന്നെ ഗതാഗത മന്ത്രിയാക്കിയാല്‍ വണ്ടി ഏതു തരത്തിലും മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി നല്‍കാമെന്ന് മല്ലു ട്രാവലര്‍ എന്ന പേരില്‍ പ്രശസ്തനായ വീഡിയോ വ്ലോഗര്‍ ഷാക്കിര്‍ സുബ്ഹാന്‍. മാസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്ക് ലൈവിലായി നടത്തിയ വീഡിയോ ആണ് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നിരവധി രാജ്യങ്ങളിലായി യാത്ര നടത്തിയ തന്‍റെ ആമിന എന്ന ബൈക്ക് വീട്ടിലേക്ക് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ടുള്ള വീഡിയോയിലാണ് ഷാക്കിര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്.
പൈസയും ടാക്സും കൊടുത്തു വാങ്ങിയ തന്‍റെ വണ്ടി മോഡിഫിക്കേഷന്‍ നടത്താന്‍ തനിക്ക് അവകാശമുണ്ടെന്നും എറണാകുളത്ത് നിന്നും കൊണ്ടു വരുന്ന വഴി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെങ്ങാനും ബൈക്ക് കസ്റ്റഡിയിലെടുത്താല്‍ അവരാകും കേരളത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും നാണം കെടുന്നവരെന്നും ഷാക്കിര്‍ വീഡിയോയില്‍ വെല്ലുവിളിക്കുന്നുണ്ട്. അഞ്ചു രാജ്യങ്ങളില്‍ ഓടിയ ബൈക്ക് കേരളത്തില്‍ പിടിച്ചാല്‍ അതിന് താനെന്താ പറയേണ്ടതെന്നും ഷാക്കിര്‍ ക്ഷുഭിതനാകുന്നുണ്ട്. തന്നെ ഗതാഗത മന്ത്രിയാക്കിയാല്‍ ഏതു നിറത്തിലും നിറമില്ലാതെയും ബംപര്‍ വെച്ചോ അല്ലാതെയോ കസ്റ്റമൈസ് ചെയ്യാനുള്ള അനുമതി താന്‍ നല്‍കുമെന്നും ഷാക്കിര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ വണ്ടികളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള വാദപ്രതിവാദങ്ങള്‍ കനക്കുന്നത്. മല്ലുട്രാവലറുടെ പഴയ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നിരിക്കുന്നത്.
മല്ലു ട്രാവലറുടെ വാക്കുകള്‍ ഇങ്ങനെ:
വണ്ടി ഞാന്‍ മോഡിഫിക്കേഷന്‍ ചെയ്യും, ഞാന്‍ ചെയ്യും. എന്താ ഞാന്‍ പൈസ കൊടുത്ത് വാങ്ങിച്ചിട്ട് ടാക്സും കൊടുത്തും വാങ്ങിച്ചിട്ട് മോഡിഫിക്കേഷന്‍ ചെയ്യാന്‍ എനിക്ക് അവകാശമില്ലേ. പോയി പണി നോക്കാന്‍ പറയ്. നാട്ടില് വന്നിട്ട് പച്ചക്ക് ഞാന്‍ ചെയ്യും. ബാക്കി വരുന്നടത്ത് വെച്ച് കാണാം. ആമിന(ബൈക്ക്) എറണാകുളത്തിന്ന് എടുത്ത് വരുമ്പോ പൊക്കുന്ന എം.വി.ഡിയാകും കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും നാണംക്കെടുന്നവന്‍. ഞാനാ വണ്ടി എറണാകുളത്തിന്ന് ഓട്ടീട്ട് തന്നെ വരും. ആ വണ്ടിയുടെ എഴുപത് ശതമാനത്തോളം മോഡിഫിക്കേഷനാണ്. കസ്റ്റമൈസിഡ് മോഡിഫിക്കേഷന്‍. അഞ്ചു രാജ്യങ്ങളില്‍ ഓടീട്ട് പിടിച്ചിട്ടില്ല. എന്നിട്ട് കേരളത്തിലെത്തീട്ട് പിടിച്ച് കഴിഞ്ഞാല് പിന്നെ അയ്ന് ഞാനെന്താ പറയണ്ടത്. സേഫ്റ്റിയാണെങ്കില്‍ ഇത്രയും രാജ്യങ്ങളില്‍ ഓടിയിട്ട് എനിക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇത്രേം ടെറൈനിലും ക്ലൈമറ്റിലും ഓടീട്ട് എനിക്ക് ഒരു സേഫ്റ്റി പ്രശ്നങ്ങളുമുണ്ടായിട്ടില്ല. നമ്മളത് കസ്റ്റമൈസ് ചെയ്യുന്നത് More comfort more safetyക്ക് വേണ്ടിയാണ്. എന്നിട്ട് ആ വണ്ടി എന്തെങ്കിലും മോഡിഫിക്കേഷന്‍ എന്നും പറഞ്ഞ് എം.വി.ഡി കൈക്കാണിച്ച് പിടിച്ചു ഫൈനിട്ട് കഴിഞ്ഞാല് പിന്നെ തീര്‍ന്നു അതോടെ.
നിങ്ങളെല്ലാരും എന്നെ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ ആക്കി തരോ കേരളത്തിലെ. അടുത്ത ഇലക്ഷനില്‍ ഞാന്‍ നിന്നാല്. നിങ്ങളെന്നെ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ ആക്കിയാല് ഞാന്‍ നിങ്ങള്‍ക്ക് തിരിച്ചുതരുന്ന പ്രോമിസ് നിങ്ങളുടെ വണ്ടി ഏതു തരത്തിലും കസ്റ്റമൈസ് ചെയ്യാന്‍ പറ്റും. ആ രീതിയില് ഞാന്‍ പുതിയ നിയമം കൊണ്ടുവരും. നിങ്ങളുടെ വണ്ടിയില് പത്ത് ടയറ് കേറ്റണോ ഇരുപത് ടയറ് കേറ്റണോ പച്ച പെയിന്‍റോ നീല പെയിന്‍റോ അതോ ഇനി പെയിന്‍റേ വേണ്ടേ....ഇനി അതല്ല ബംപര്‍ വേണോ, അതല്ല എന്താ വേണ്ടത്...ഇഷ്ടള്ള പോലെ നിങ്ങളുടെ വണ്ടി കസ്റ്റമൈസ് ചെയ്ത് കൊണ്ടുവരാനുള്ള നിയമം ഞാന്‍ കൊണ്ടുവരും. ഇത് സത്യം.
Adjust Story Font
16