Quantcast

'വരുമാനത്തിന്റെ 10 ശതമാനം മാറ്റിവയ്ക്കണം': പെൻഷൻ വിതരണം ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ഹരജിക്കാർക്ക് അടിയന്തരമായി 50 ശതമാനം ആനുകൂല്യമെങ്കിലും നൽകിയേ പറ്റൂ എന്നാണ് കോടതി നിർദേശം

MediaOne Logo

Web Desk

  • Updated:

    2023-02-14 12:08:40.0

Published:

14 Feb 2023 10:10 AM GMT

HC tells KSRTC to distribute pension
X

കൊച്ചി: ജീവനക്കാരുടെ പെൻഷൻ വിതരണം ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി. കഴിഞ്ഞ മാസത്തെ വരുമാനത്തിന്റെ 10 ശതമാനം പെൻഷൻ ആനുകൂല്യങ്ങൾക്കായി മാറ്റി വയ്ക്കണമെന്നും സമാശ്വാസം രണ്ട് ലക്ഷമെങ്കിലും നൽകണമെന്നും പെൻഷൻ ആനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേ ഹൈക്കോടതി പറഞ്ഞു.

ഹരജിക്കാർക്ക് അടിയന്തരമായി 50 ശതമാനം ആനുകൂല്യമെങ്കിലും നൽകിയേ പറ്റൂ എന്നാണ് കോടതി കെഎസ്ആർടിസിയെ അറിയിച്ചിരിക്കുന്നത്. ബാങ്ക് ബാധ്യതയടക്കം എങ്ങനെ പരിഹരിക്കുമെന്നതിൽ വ്യക്തതയില്ലാത്തത് നിർഭാഗ്യകരമായ സാഹചര്യമാണെന്നും മോശം മാനേജ്‌മെന്റ് ആണ് കെഎസ്ആർടിസിയെ നശിപ്പിച്ചതെന്നും കോടതി കൂട്ടിച്ചേർത്തു.

എന്നാൽ കിട്ടിയ വരുമാനമത്രയും ശമ്പള വിതരണത്തിനായി ഉപയോഗിച്ചു കഴിഞ്ഞുവെന്നാണ് കെഎസ്ആർടിസി കോടതിയെ അറിയിച്ചിരിക്കുന്നത്. സമാശ്വാസം 2 ലക്ഷം നൽകാൻ നിവൃത്തിയില്ലെന്നും കെഎസ്ആർടിസി കോടതിയിൽ വ്യക്തമാക്കി.

ജീവനക്കാർക്ക് ഏപ്രിൽ മുതൽ ശമ്പളം വരുമാനത്തിനനുസരിച്ച് മാത്രമാണെന്നായിരുന്നു അധികൃതർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നത്. കൂടുതൽ വരുമാനം ലഭിച്ചാൽ അതിനനുസൃതമായി ശമ്പളം നൽകുമെന്നും ഫണ്ടില്ലാത്തതിനെ കുറിച്ച് ഒരു ജീവനക്കാരൻ പോലും വേവലാതിപ്പെടുന്നില്ലെന്നും ഹൈക്കോടതിയിൽ സമർച്ച സത്യവാങ്മൂലത്തിൽ കെഎസ്ആർടിസി വ്യക്തമാക്കിയിരുന്നു.

വിരമിച്ച ജീവനക്കാർക്ക് മൂന്ന് ബ്ലോക്കുകളായി തിരിച്ച് ആനുകൂല്യം വിതരണം ചെയ്യാമെന്ന് രേഖാമൂലം KSRTC ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആദ്യ ബ്ലോക്കിൽ ഉള്ളവർക്കുള്ള ആനുകൂല്യ വിതരണത്തിനായി മാത്രം 12 കോടി വേണമെന്നും, എന്നാൽ പത്തു കോടി കണ്ടെത്താനെ കഴിയൂവെന്നും കെഎസ്ആർടിസി വ്യക്തമാക്കി. സമാശ്വാസമായി ആനുകൂല്യങ്ങൾ ലഭിക്കാനുള്ള എല്ലാവർക്കും ഒരു ലക്ഷം രൂപ വീതം നൽകാമെന്നും കെഎസ്ആർടിസി അറിയിച്ചിരുന്നു.

അതേ സമയം കോടതിയെ സമീപിച്ച 82 പേർക്ക് പെൻഷൻ വിതരണം ചെയ്യണമെന്ന കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ അപ്പീലിനൊരുങ്ങുകയാണ് കെഎസ്ആർടിസി. കോടതിയെ സമീപിച്ചവർക്ക് മാത്രം ആനുകൂല്യ വിതരണം നടത്തുന്നത് വിവേചനപരമാണെന്നാണ് കെഎസ്ആർടിസിയുടെ വാദം.

TAGS :

Next Story