Quantcast

രോഗം ഭേദമായിട്ടും ആരും എത്തിയില്ല: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ബന്ധുക്കളേറ്റെടുക്കാതെ 100 പേർ

രോഗം ഭേദമായ 43 സ്ത്രീകളെയും 57 പുരുഷൻമാരെയും ബന്ധുക്കൾ ഏറ്റെടുത്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്

MediaOne Logo

അര്‍ച്ചന പാറക്കല്‍ തമ്പി

  • Updated:

    2023-02-16 13:07:53.0

Published:

16 Feb 2023 12:56 PM GMT

Perurkkada mental health hospital
X

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ പൂർത്തിയാക്കി രോഗം ഭേദമായ 100 പേരെ ബന്ധുക്കൾ ഏറ്റെടുത്തില്ലെന്ന് ആരോഗ്യ വകുപ്പ്. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകി. 100 പേരിൽ 66 പേർ ഇതര സംസ്ഥാനക്കാരാണെന്നും റിപോർട്ടിലുണ്ട്. ബന്ധുക്കൾ ഏറ്റെടുക്കാത്തവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകി.

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ പൂർത്തിയാക്കി രോഗം ഭേദമായ 43 സ്ത്രീകളെയും 57 പുരുഷൻമാരെയും ബന്ധുക്കൾ ഏറ്റെടുത്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്. ഇതിൽ 24 സത്രീകളും 42 പുരുഷൻമാരും ഇതര സംസ്ഥാനക്കാരാണ് . നവംബർ 17ന് ജസ്റ്റിസ് ആൻറണി ഡൊമിനിക് പേരൂർക്കട മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ച് നിരവധി നിർദ്ദേശങ്ങൾ സർക്കാരിന് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ജനുവരി 5 ന് ഉന്നതതല യോഗം വിളിച്ചു ചേർക്കുകയും ചെയ്തു. കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

റിപോർട്ട് പരിശോധിച്ച ശേഷം ഇവരെ സർക്കാർ നിയോഗിച്ചിട്ടുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ നടപ്പിലാക്കുന്ന മാസ്റ്റർ പ്ലാനിന് എസ്റ്റിമേറ്റ് തയ്യാറാക്കാനും അടുത്ത വർഷത്തെ പ്ലാൻ ഫണ്ടിൽ തുക വകയിരുത്താനും തീരുമാനിച്ചതായി ഡയറക്ടറും കമ്മീഷനെ അറിയിച്ചു. ആശുപത്രിയിലെ സുരക്ഷാ സംവിധാനം സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ ഏൽപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്.

TAGS :

Next Story