Quantcast

നൂറാംദിന പ്രതിഷേധം കടുപ്പിക്കാൻ മൽസ്യത്തൊഴിലാളികൾ; വിഴിഞ്ഞത്ത് വൻ പൊലീസ് സന്നാഹം

ജൂലൈ 20നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ മൽസ്യത്തൊഴിലാളികൾ സമരം ആരംഭിച്ചത്

MediaOne Logo

Web Desk

  • Published:

    27 Oct 2022 4:21 AM GMT

നൂറാംദിന പ്രതിഷേധം കടുപ്പിക്കാൻ മൽസ്യത്തൊഴിലാളികൾ; വിഴിഞ്ഞത്ത് വൻ പൊലീസ് സന്നാഹം
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ നടത്തുന്ന സമരം നൂറാം ദിവസത്തേക്ക്. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകാത്തതിനാൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ഇന്ന് കടലിലും കരയിലും പ്രതിഷേധം സംഘടിപ്പിക്കും.

ജൂലൈ 20നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ വിഴിഞ്ഞം തുറമുഖത്തിനെതിരെ മൽസ്യത്തൊഴിലാളികൾ സമരം ആരംഭിച്ചത്. പിന്നാലെ ആഗസ്ത് 16ന് മുല്ലൂരിലെ വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിൽ സമരപ്പന്തൽ കെട്ടി. തുറമുഖ നിർമാണം തുടങ്ങിയപ്പോൾ മുതൽ കാണാത്ത സമരരീതിയാണ് പിന്നീട് കണ്ടത്.

പ്രതിഷേധക്കാർ പലതവണ തുറമുഖ കവാടത്തിന്റെ പൂട്ട് പൊളിച്ച് പദ്ധതി പ്രദേശത്ത് കടന്നുകയറി കൊടിനാട്ടി. അതീവ സുരക്ഷാ മേഖലയെന്ന് പ്രഖ്യാപിച്ച സ്ഥലത്ത് പോലും പ്രതിഷേധക്കാർ ഇരച്ചുകയറി. കടലും കരയും പ്രതിഷേധത്തിന് വേദിയാക്കി. ആ സമരമാണ് ഇന്ന് നൂറാം ദിനത്തിൽ എത്തി നിൽക്കുന്നത്.

ഉന്നയിക്കപ്പെട്ട ഏഴ് ആവശ്യങ്ങളിൽ ഒന്നിലും പരിഹാരമായില്ലെന്നാണ് സമരസമിതി പറയുന്നത്. സർക്കാർ വാഗ്‌ദാനങ്ങൾ നൽകി കബളിപ്പിക്കുന്നു. നാലുതവണയാണ് മന്ത്രിസഭാ ഉപസമിതിയുമായി ചർച്ച നടത്തിയത്. ഒരു തവണ മുഖ്യമന്ത്രിയുമായും ലത്തീൻ അതിരൂപതാ പ്രതിനിധികളും സമരസമിതി നേതാക്കളും ചർച്ച നടത്തി.

സർക്കാറിന് നിഷേധാത്മക നിലപാടാണെന്നാണ് സമരസമിതിയുടെ പക്ഷം. സമരത്തിനെതിരെ അദാനി ഹൈക്കോടതിയെ സമീപിച്ചപ്പോഴും മൽസ്യത്തൊഴിലാളികൾ പിന്നോട്ട് പോകാൻ കൂട്ടാക്കിയില്ല. സമരപ്പന്തൽ പൊളിച്ചുനീക്കാനുള്ള കോടതി ഉത്തരവ് പാലിക്കാനും പ്രതിഷേധക്കാർ തയ്യാറായില്ല. മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം ശക്തമായി തുടരാനാണ് മത്സ്യത്തൊഴിലാളികളുടെയും ലത്തീൻ അതിരൂപതയുടെയും തീരുമാനം.

TAGS :

Next Story