പ്രായം ഒരു പ്രശ്നമേയല്ല; വാക്സിന് സ്വീകരിച്ച് മാതൃകയായി 104കാരി
സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും പ്രായമേറിയ ഒരാള്‍ കോവിഡ് വാക്സിന് സ്വീകരിക്കുന്നത്.
പ്രായത്തെ വെല്ലുന്ന കരുത്തോടെ, വാര്‍ധക്യ അവശതകളെ അവഗണിച്ച് 104കാരി അന്നം കോവിഡ് വാക്സിന് സ്വീകരിച്ചത് വേറിട്ട കാഴ്ചയായി. അങ്കമാലി കറുകുറ്റി പഞ്ചായത്തിലെ കരയാംപറമ്പ് പുതിയാട്ടില്‍ വീട്ടില്‍ വര്‍ക്കിയുടെ ഭാര്യയായ അന്നം മക്കളോടൊപ്പം അങ്കമാലി താലൂക്കാശുപത്രിയിലെത്തിയാണ് കോവിഡ് വാക്സിന് സ്വീകരിച്ചത്.
104 കാരി കോവിഡ് വാക്സിന് എടുക്കാനെത്തിയതറിഞ്ഞ് താലൂക്കാശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. നസീമ നജീബിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പധികൃതര്‍ അവരെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കോവിഡ് മഹാമാരിയെ തുരത്താന്‍ മടി കാണിക്കാതെ എല്ലാവരും വാക്സിന് എടുക്കണമെന്ന വീഡിയോ സന്ദേശവും നല്‍കിയാണ് അന്നം ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.
സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും പ്രായമേറിയ ഒരാള്‍ കോവിഡ് വാക്സിന് സ്വീകരിച്ചതെന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു. ഏഴ് മക്കളും 14 കൊച്ചുമക്കളും 22 പേരക്കുട്ടികളുമുള്ള അന്നം പണ്ടു കാലത്ത് നാട്ടില്‍ ഭീതിപരത്തിയ വിവിധങ്ങളായ മഹാമാരികളുടെ അനുഭവങ്ങള്‍ പാഠമാക്കിയയാളാണ്.
Adjust Story Font
16