Quantcast

'12 മണിക്കൂർ ഡ്യൂട്ടി അംഗീകരിക്കില്ല': നിലപാടിലുറച്ച് കെ.എസ്.ആർ.ടി.സി യൂണിയനുകൾ

ശക്തമായ എതിർപ്പിനിടെ നാളത്തെ ചർച്ചയിൽ വിഷയങ്ങൾക്ക് എങ്ങനെ തീർപ്പ് കൽപിക്കുമെന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി

MediaOne Logo

Web Desk

  • Published:

    17 Aug 2022 7:50 AM GMT

12 മണിക്കൂർ ഡ്യൂട്ടി അംഗീകരിക്കില്ല: നിലപാടിലുറച്ച് കെ.എസ്.ആർ.ടി.സി യൂണിയനുകൾ
X

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യൂണിയനുകളുമായി മന്ത്രിമാർ നടത്തിയ ചർച്ച പരാജയം. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് തൊഴിലാളി യൂണിയൻ പ്രതിനിധികൾ പ്രതികരിച്ചു. നാളെ ഒൻപത് മണിക്ക് തൊഴിലാളി യൂണിയനുകളുമായി സർക്കാർ വീണ്ടും ചർച്ച നടത്തും.

രണ്ട് പ്രധാന അജണ്ടകളാണ് ഇന്നത്തെ ചർച്ചയിൽ ഉയർന്നുവന്നത്. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുകയായിരുന്നു ഇതിൽ പ്രധാനം. ഈ വിഷയം കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് മന്ത്രിമാർക്ക് മുന്നിൽ സമർപ്പിച്ചു. ചർച്ച നടത്തിയെങ്കിലും മൂന്ന് അംഗീകൃത യൂണിയനുകളും ഇത് തള്ളുകയായിരുന്നു. എട്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടി എന്ന നിലപാടിൽ ഉറച്ച് നിന്ന യൂണിയൻ പ്രതിനിധികൾ എട്ട് മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂർ ഡ്യൂട്ടിക്കും അധികവേതനം നൽകുകയാണെങ്കിൽ 12 മണിക്കൂർ എന്ന നിർദ്ദേശം അംഗീകരിക്കാമെന്നും വ്യക്തമാക്കി.

യൂണിയൻ സംരക്ഷണം വെട്ടിക്കുറക്കുക എന്ന രണ്ടാമത്തെ അജണ്ടയും പ്രതിനിധികൾ ശക്തമായി എതിർത്തു. റഫറണ്ടം അഥവാ യൂണിയനുകളുടെ വോട്ട് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ഒരു കാരണവശാലും യൂണിയൻ സംരക്ഷണം വെട്ടിക്കുറക്കാനാകില്ലെന്ന നിലപാടിലാണ് പ്രതിനിധികൾ.

ഗതാഗത മന്ത്രി ആന്റണി രാജുവിന് പുറമെ തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയും ചർച്ചയിൽ പങ്കെടുത്തു. ശക്തമായ എതിർപ്പിനിടെ നാളത്തെ ചർച്ചയിൽ വിഷയങ്ങൾക്ക് എങ്ങനെ തീർപ്പ് കൽപിക്കുമെന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി. സമവായതിനുള്ള ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്.

TAGS :

Next Story