Quantcast

ലക്ഷദ്വീപില്‍ തിങ്കളാഴ്ച 12 മണിക്കൂർ ജനകീയ നിരാഹാര സമരം

പ്രതിഷേധങ്ങൾക്കൊപ്പം ഹൈക്കോടതിയിൽ നിയമ പോരാട്ടം തുടരും

MediaOne Logo

Web Desk

  • Updated:

    2021-06-03 03:47:44.0

Published:

3 Jun 2021 1:29 AM GMT

ലക്ഷദ്വീപില്‍ തിങ്കളാഴ്ച  12 മണിക്കൂർ   ജനകീയ നിരാഹാര സമരം
X

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് നിവാസികളുടെ 12 മണിക്കൂർ ജനകീയ നിരാഹാരം. സമരത്തിന് പുറമെ ഹൈക്കോടതിയിൽ നിയമ പോരാട്ടം തുടരാനും കൊച്ചിയിൽ ചേർന്ന സേവ് ലക്ഷദ്വീപ് ഫോറം യോഗം തീരുമാനിച്ചു. ലക്ഷദ്വീപുകളിലെ മുഴുവൻ ജനങ്ങളെയും പ്രതിഷേധ സമരങ്ങളിലേക്ക് ഇറക്കാനാണ് ലക്ഷദ്വീപ് ഫോറത്തിന്‍റെ തീരുമാനം. ഇതിനായി ഓരോ ദ്വീപുകൾ കേന്ദ്രീകരിച്ചും ഫോറത്തിന്‍റെ കമ്മിറ്റികൾക്ക് രൂപം നൽകും. ജില്ലാ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ആകും കമ്മിറ്റികൾ രൂപീകരിക്കുക.

അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടും ഭരണപരിഷ്കാരങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഏഴാം തീയതി മുഴുവൻ ദ്വീപുകളിലെയും ജനങ്ങളെ പങ്കെടുപ്പിച്ചു നിരാഹാര സമരം നടത്തുക. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്നും സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ പറഞ്ഞു.

പ്രതിഷേധങ്ങൾക്കൊപ്പം ഹൈക്കോടതിയിൽ നിയമ പോരാട്ടം തുടരും. ഇതിനായി നിയമവിദഗ്ധരെ ഉൾപ്പെടുത്തി വിവിധ കമ്മിറ്റികൾക്ക് രൂപം നൽകും. ദേശീയതലത്തിലും സമരം ശ്രദ്ധിക്കപ്പെട്ടു. അതിനാൽ ലക്ഷദ്വീപിന്‌ അനുകൂല തീരുമാനം കേന്ദ്രത്തിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നു സേവ് ലക്ഷദ്വീപ് ഭാരവാഹികൾ കരുതുന്നു .

അതേസമയം ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫ് നടത്തുന്ന പ്രതിഷേധ സമരം ഇന്ന്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ജനാധിപത്യവിരുദ്ധ വർഗ്ഗീയ നിലപാടുകളിൽ നിന്ന് പിന്‍തിരിയണമെന്നാണ് ഇടത് മുന്നണിയുടെ നിലപാട്.വിവിധ സമരകേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളും, എംൽഎമാരും ജനപ്രതിനിധികളും സമരത്തിന് നേതൃത്വം നൽകും.എൽഡിഎഫ് സംസ്ഥാന കൺവീനർ എ വിജയരാഘവൻ,സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സമരത്തിന് നേതൃത്വം നല്‍കും.

TAGS :

Next Story