റോഡിൽ മാത്രമല്ല വീടിനുള്ളിലും രക്ഷയില്ല; തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി പത്തനംതിട്ട
റാന്നി പെരുന്നാടില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തെരുവു നായ ആക്രമണത്തിൽ 13 പേർക്കാണ് പരിക്കേറ്റത്
പത്തനംതിട്ട: പത്തനംതിട്ട റാന്നി പെരുന്നാടില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തെരുവു നായ ആക്രമണത്തിൽ 13 പേർക്ക് പരുക്ക്. 12 വയസുകാരി പേ വിഷ ബാധയേറ്റ് മരിച്ച് ഒരു വർഷം തികയും മുമ്പാണ് വീണ്ടും തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പെരുന്നാടില്‍ നാട്ടുകാരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.
പെരുനാട് ചന്ത ജംക്‌ഷനിൽ ലോട്ടറി നടത്തുമ്പോഴാണ് പ്രദേശവാസിയായ ഉഷയ്ക്ക് തെരുവു നായ ആക്രമണം ഏൽക്കുന്നത്. ആദ്യം ചുരിദാറിൽ കടിച്ചു. നായയെ ഓടിക്കാൻ കുനിയുന്നതിനിടെ ഉഷയുടെ കഴുത്തിൽ കടിക്കുകയായിരുന്നു. കഴുത്തിനും തുടയ്ക്കും പരുക്കേറ്റ ഉഷയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വീടിനുള്ളിൽ കടന്നാണ് നായ പെരുനാട് സ്വദേശി കുഞ്ഞമ്മയെ കടിച്ചത്. കൊച്ചുമകൾ ലിജിക്കും കടിയേറ്റു. രണ്ടു ദിവസങ്ങളിലായുണ്ടായ തെരുവുനായ ആക്രമണത്തിൽ ഇട്ടിയപ്പാറ ടൗണിലും പെരുനാട് പഞ്ചായത്തിലും 13 പേർക്കാണ് കടിയേറ്റത്.
ഇന്നലെ നാലുപേർക്ക് നേരെ തെരുവുനായ ആക്രമണം ഉണ്ടായി. ടാപ്പിങ് തൊഴിലാളികൾക്കും അതിഥിത്തൊഴിലാളിക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റുണ്ട്. അക്രമാസക്തനായ തെരുവുനായയെ നാട്ടുകാർ പിന്നീട് തല്ലിക്കൊന്നു. ലാക്ടറൽ ഫ്ലോ പരിശോധനയില്‍ നായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചു.
Adjust Story Font
16