വോട്ടെണ്ണല്‍; കോഴിക്കോട് റൂറൽ പൊലീസ് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ഇന്ന് വൈകീട്ട് ആറു മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ.
കോഴിക്കോട് ജില്ലയിലെ റൂറൽ പൊലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി ഇന്ന് വൈകീട്ട് ആറു മുതല്‍ ഏഴു ദിവസത്തേക്കാണ് ജില്ലാ കലക്ടര്‍ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
റൂറൽ പരിധിയിൽ കൗണ്ടിംഗ് സെന്‍ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ യാതൊരുവിധ ആൾകൂട്ടങ്ങളോ കടകൾ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അല്ലാത്തവർക്ക് കൗണ്ടിംഗ് സെന്‍ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ പ്രവേശനമില്ല.
ബൈക്ക് റാലി, ഡി.ജെ തുടങ്ങി യാതൊരുവിധത്തിലുള്ള ആഹ്ലാദപ്രകടനങ്ങളും നടത്താൻ പാടില്ല. കണ്ടെയ്ന്‍മെന്‍റ്, ക്രിട്ടിക്കൽ കണ്ടെയ്ന്‍മെന്‍റ് സോണുകളിലും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും കർശന നിയന്ത്രണമുണ്ടാകും.
പാർട്ടി ഓഫീസുകളിലും ആൾക്കൂട്ടം പാടില്ല. അവശ്യ സർവീസുകൾ അടക്കമുള്ള സ്ഥാപനങ്ങൾ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ തുറക്കരുതെന്നാണ് നിര്‍ദേശം. പടക്കം, മധുരവിതരണം എന്നിവയും പാടില്ല. ഇലക്ഷൻ റിസൾട്ട് എൽ.ഇ.ഡി വാളിൽ പ്രദർശിപ്പിക്കരുത്.
അഞ്ചിൽ കൂടുതൽ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങൾ കൈവശംവെക്കുന്നതും നിരോധിച്ചിരിക്കുകയാണ്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
Adjust Story Font
16