ഗിനിയയിൽ തടവിലാക്കിയ 15 നാവികരെ ജയിലിലേക്ക് മാറ്റി
അടിസ്ഥാന സൗകര്യം പോലുമില്ലാത്ത മുറിയിലാണ് പൂട്ടിയിട്ടിരിക്കുന്നതെന്ന് ചീഫ് ഓഫീസർ സനു ജോസ്
കൊച്ചി: ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ തടവിലാക്കിയ 15 നാവികരെ ജയിലിലേക്ക് മാറ്റി. തടവിലാക്കിയവരെ നൈജീരിയക്ക് കൈമാറുന്നത് തടഞ്ഞിട്ടുണ്ട്. 16 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 26 അംഗ നാവിക സംഘത്തെ തടവിലാക്കിയിരിക്കുന്നത്. ബാക്കി 11 നാവികർ കപ്പലിൽ തന്നെ തുടരുകയാണ്.
മലയാളിയായ ചീഫ് ഓഫീസർ സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചു. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത മുറിയിലാണ് പൂട്ടിയിട്ടിരിക്കുന്നതെന്ന് സനു മീഡിയവണിനോട് പറഞ്ഞു. വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ മൂന്ന് മലയാളികൾ സംഘത്തിലുണ്ട്.
നൈജീരിയൻ നേവിയുടെ നിർദേശപ്രകാരമാണ് ഗിനിയൻ നേവി കപ്പൽ കസ്റ്റഡിയിലെടുത്തിരുന്നത്. മോചനദ്രവ്യമായി ഗിനിയ ആവശ്യപ്പെട്ട ഇരുപത് ലക്ഷം ഡോളർ കപ്പൽ കമ്പനി നൽകിയിട്ടും ജീവനക്കാരെ മോചിപ്പിച്ചില്ല. കേന്ദ്രസർക്കാറിന്റെ ഉൾപ്പെടെയുള്ള ശക്തമായ ഇടപെടൽ ഉണ്ടെങ്കിലേ മോചനം സാധ്യമാവൂവെന്നും സനു ജോസിന്റെ കുടുംബം പറഞ്ഞു. കേന്ദ്ര സർക്കാരിൻറെ അടിയന്തര ഇടപെടൽ ഉണ്ടായിട്ടില്ലെങ്കിൽ ഇവരെ നൈജീരിയയ്ക്ക് കൈമാറുമെന്ന ഭയവും ഇവര്‍ക്കുണ്ട്. നൈജീരിയയ്ക്ക് കൈമാറുകയാണെങ്കിൽ കൂടുതൽ നിയമ പ്രശ്നങ്ങൾ അതുണ്ടാക്കുമെന്നാണ് തടവിലായവരും അവരുടെ കുടുംബവും പറയുന്നത്.
ആഗസ്റ്റ് എട്ടിനാണ് നോർവേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പൽ നൈജീരിയയിലെ എ.കെ.പി.ഒ ടെർമിനലിൽ എത്തുന്നത്. ക്രൂഡോയിൽ നിറക്കുന്നതിനായി ടെർമിനലിൽ കാത്ത് നിൽക്കുന്നതിനിടെയാണ് കപ്പൽ ലക്ഷ്യമാക്കി ഒരു ബോട്ട് വന്നത്. കടൽകൊള്ളക്കാരാണെന്ന ധാരണയിൽ കപ്പൽ സ്ഥലത്തുനിന്ന് ഉടൻ മാറ്റി. പിന്നീട് ഗിനിയൻ നേവി കപ്പൽ വളഞ്ഞ് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തപ്പോഴാണ് ബോട്ടിൽ വന്നത് നൈജീരിൻ നേവിയാണെന്ന് ജീവനക്കാർ അറിയുന്നത്. ക്രൂഡോയിൽ മോഷണത്തിന് വന്ന കപ്പൽ എന്ന നിലയിലായിരുന്നു അന്വേഷണം. കപ്പൽ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ഗിനിയൻ നേവി രണ്ടുലക്ഷം ഡോളർ മോചനദ്രവ്യം കപ്പൽ കമ്പനിയോട് ആവശ്യപ്പെട്ടു. കമ്പനി അത് നൽകിയിട്ടും ജീവനക്കാരെ വിട്ടുനൽകിയില്ല.
Adjust Story Font
16