ജനദ്രോഹ നടപടികള്‍ക്ക് അവസാനമില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നു
ആവശ്യത്തിന് അധ്യാപകരും ജീവനക്കാരും ഇല്ലെന്ന കാരണം പറഞ്ഞാണ് സ്കൂളുകൾ പൂട്ടുന്നത്.
ലക്ഷദ്വീപില്‍ സ്കൂളുകളും പൂട്ടുന്നു. വിവിധ ദ്വീപുകളിലായി 15 സ്കൂളുകൾ പൂട്ടാനാണ് നീക്കം. അധ്യാപക - അനധ്യാപക ജീവനക്കാരുടെ കുറവാണ് കാരണമായി പറയുന്നത്. താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് നടപടി. മീഡിയവണ്‍ എക്സ്ക്ലൂസീവ്.
അമിനി, അഗത്തി, കടമത്ത്, കില്‍ത്താന്‍ മിനിക്കോയി ദ്വീപുകളിലെ 3 സ്കൂള്‍ വീതം ആകെ 15 സ്കൂളുകളാണ് പൂട്ടുന്നത്. രണ്ട് ഹൈസ്കൂളുകള്‍, 4 സീനിയർ ബേസിക് സ്കൂളുകള്‍, 7 ജൂനിയർ ബേസിക് സ്കൂളുകള്‍, രണ്ട് നഴ്സറി സ്കൂളുകള്‍ എന്നിവ പൂട്ടുന്നവയില്‍പ്പെടും. അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും അഭാവമാണ് സ്കൂള്‍ പൂട്ടുന്നതിന് കാരണമായി പറയുന്നത്. എന്നാല്‍ കഴിഞ്ഞ മാസം 40 കരാർ അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. ജില്ലാ പഞ്ചായത്തുമായി ആലോചിക്കാതെയാണ് സ്കൂള്‍ പൂട്ടാന്‍ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടത്.
100 ശതമാനം എന്‍റോള്‍മെന്റുള്ള ദ്വീപിലെ വിദ്യാർഥികളുടെ പഠനത്തെ നേരിട്ട് ബാധിക്കുന്നതാണ് നടപടി. സമീപത്തെ സ്കൂള്‍ പൂട്ടുന്നതോടെ വിദ്യാർഥികള്‍ പഠിക്കാനായി കൂടുതല്‍ ദൂരേയ്ക്ക് പോകേണ്ടിവരും. വിദ്യാഭ്യാസ വകുപ്പിലെ സ്ഥിരം അധ്യാപകരുടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്.
രോഗികളോടും കരുണ ഇല്ല
ലക്ഷദ്വീപിലെ എയർ ആംബുലൻസുകൾ സ്വകാര്യവത്കരിക്കാനാണ് പുതിയ നീക്കം. ഇതിനായി സ്വകാര്യ കമ്പനികളിൽ നിന്നും ടെണ്ടർ വിളിച്ചു. എയർ ആംബുലൻസുകളിൽ രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ആശുപത്രി സൌകര്യം കുറവായതിനാല്‍ ഗുരുതരാവസ്ഥയിലുള്ളവരെ കേരളത്തിലെത്തിച്ചാണ് ചികിത്സ നല്‍കുന്നത്. രോഗി ഗുരുതരാവസ്ഥയിലാണോ എന്നു തീരുമാനിക്കാനുള്ള അവകാശം ദ്വീപിലെ മെഡിക്കൽ ഓഫീസർമാരിൽ നിന്ന് എടുത്തുമാറ്റി ഹെൽത്ത് സർവീസ് ഡയറക്ടർ ചെയർമാനായ നാലംഗ സമിതിക്ക് കൈമാറി. ഈ സമിതിയുടെ തീരുമാനത്തിന് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്റെ അംഗീകാരവും വേണമെന്ന് ഉത്തരവിൽ പറയുന്നു. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നിർദേശപ്രകാരം ഹെൽത്ത് സർവീസ് ഡയറക്ടർ കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്.
Adjust Story Font
16