Quantcast

ബീമാപള്ളി പൊലീസ് വെടിവെപ്പിന്‍റെ ദുരന്ത സ്മരണകൾക്ക് ഇന്ന് 15 വയസ്

ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും വെടിവെപ്പിന്‍റെ ദുരിതം പേറുന്ന ജീവിതങ്ങൾ ഇന്നും ബീമാപള്ളിയിൽ അവശേഷിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    17 May 2024 12:41 PM

Published:

17 May 2024 1:54 AM

beema palli
X

തിരുവനന്തപുരം: ബീമാപള്ളി പൊലീസ് വെടിവെപ്പിന്‍റെ ദുരന്ത സ്മരണകൾക്ക് ഇന്ന് 15 വയസ്. കേരളം കണ്ട ഏറ്റവും വലിയ പൊലീസ് വെടിവെപ്പുകളിൽ ഒന്നാണ് ബീമാപള്ളിയിലേത്. ആറു പേർ കൊല്ലപ്പെട്ടു. ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും വെടിവെപ്പിന്‍റെ ദുരിതം പേറുന്ന ജീവിതങ്ങൾ ഇന്നും ബീമാപള്ളിയിൽ അവശേഷിക്കുകയാണ്.

15 ദീർഘ വർഷങ്ങൾ. ബീമാപള്ളി എന്ന കടലോര ഗ്രാമം എല്ലാം മറന്നു തുടങ്ങിയിരിക്കുന്നു. കടലിരമ്പത്തെ മുറിച്ചുയർന്ന വെടിയൊച്ച... മണൽ തിട്ടയിൽ വീണ രക്തക്കറ. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽ മാത്രം വെടിവെപ്പിന്‍റെ ദുരന്തം ആവർത്തിച്ചു കൊണ്ടേയിരുന്നു. ബീമാപള്ളി പ്രദേശത്ത് അക്രമം അഴിച്ചുവിട്ട ഗുണ്ടയെ പിടികൂടാമെന്ന വാഗ്ദാനം ലംഘിച്ച പൊലീസിനെതിരായ പ്രതിഷേധമാണ് വെടിവപ്പിൽ കലാശിച്ചത്. ആൾക്കൂട്ടത്തിന് നേരെ പൊലീസ് മുന്നറിയിപ്പില്ലാതെ വെടിവെച്ചു.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന്‍റെ പിറ്റേന്നായിരുന്നു വെടിവപ്പ്. അന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ. ആറുപേർ തത്ക്ഷണം മരിച്ചു. 58 പേർക്ക് പരിക്കേറ്റു. 10 ഓളം പേർ ശരീരം തകർന്ന് കിടപ്പിലായി. വെടിവെപ്പിനെ കുറിച്ച് അന്വേഷണം നടത്തിയത് ജസ്റ്റിസ് രാമകൃഷ്ണൻ കമ്മീഷൻ ആയിരുന്നു.

എന്തിനായിരുന്നു വെടിവെച്ചത്?, പൊലീസ് നടപടിക്ക് ഉത്തരവിട്ടതാര്?, ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആവർത്തിക്കുമ്പോൾ ഈ മനുഷ്യർക്കുള്ളിൽ ഒരു നീറ്റലുണ്ട്. ബീമാപള്ളി ഇന്ന് അതിജീവിക്കുകയാണ്, ഭരണകൂടം പുറമ്പോക്കിൽ തള്ളിയ മനുഷ്യരുടെ ഭാഷയിൽ...



TAGS :

Next Story