കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
ചില ഉദ്യോഗസ്ഥർ ക്രമക്കേടുകൾ കണ്ടിട്ടും അതിനെതിരേ മൗനം പാലിച്ചതായും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്.
തൃശൂരിലെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്.
സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികളിലേക്ക് നീങ്ങിയത്. ഇന്നലെയാണ് ഇതുസംബന്ധിച്ച ഒരു ഇടക്കാല റിപ്പോർട്ട് സർക്കാരിന് ലഭിച്ചത്. അതിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.
ബാങ്ക് ഓഡിറ്റ് റിപ്പോർട്ട് പ്രകാരമുള്ള നടപടികളൊന്നും ബാങ്കിൽ നടത്തിയിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ചില ഉദ്യോഗസ്ഥർ ക്രമക്കേടുകൾ കണ്ടിട്ടും അതിനെതിരേ മൗനം പാലിച്ചതായും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. ഇതുമായി ബന്ധപ്പെട്ട് തുടർ നടപടികളിലേക്ക് കടക്കാനും ഉദ്യോഗസ്ഥർ തയാറായില്ല. ഇതിനെല്ലാം കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
തൃശൂർ ജോയിന്റ് രജിസ്ട്രാർ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ 104 കോടിയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. സംഭവത്തിൽ ഇ.ഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16