ചാലിയാറിൽനിന്ന് ഇതുവരെ കണ്ടെത്തിയത് 191 മൃതദേഹങ്ങൾ
ഉൾവനത്തിലേക്ക് പരിചയസമ്പന്നരായ രക്ഷാപ്രവർത്തകരെ ഇറക്കി കൂടുതൽ തിരച്ചിൽ നടത്തും.
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാർ പുഴയിൽനിന്ന് ഇതുവരെ കണ്ടെത്തിയത് 191 മൃതദേഹങ്ങൾ. ഇന്ന് ഒരു പെൺകുട്ടിയുടെ മൃതദേഹവും ഒരു മൃതദേഹത്തിന്റെ ഭാഗവുമാണ് കണ്ടെത്തിയത്. ഉൾവനത്തിലേക്ക് പരിചയസമ്പന്നരായ രക്ഷാപ്രവർത്തകരെ ഇറക്കി കൂടുതൽ തിരച്ചിൽ നടത്തും. ചാലിയാറിന്റെ തീരങ്ങളിലും തിരച്ചിൽ നടത്തുന്നുണ്ട്.
മുക്കം മുഖം എന്ന കടവ് കേന്ദ്രീകരിച്ചാണ് ഇനി തിരച്ചിൽ നടക്കുക. മുണ്ടേരിയിൽ പ്രദേശത്തെ കുറിച്ച് കൃത്യമായ ധാരണയുള്ള ആളുകളെയാണ് ഇനി തിരച്ചിലിന് നിയോഗിക്കുന്നത്. പുറത്തുനിന്നുള്ള രക്ഷാപ്രവർത്തകരെ ഇനി ഈ ഭാഗത്ത് തിരച്ചിലിന് അനുവദിക്കില്ല.
പുഴയിൽ വെള്ളം കുറയുന്നുണ്ടെങ്കിൽ കുത്തൊഴുക്കി വലിയ തോതിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു രക്ഷാപ്രവർത്തകൻ ഒഴുക്കിൽപ്പെട്ടിരുന്നു. അപകടങ്ങൾ ഒഴിവാക്കാനാണ് കൂടുതൽ ആളുകൾ തിരച്ചലിന് എത്തുന്നത് വിലക്കിയത്. പുഴയെക്കുറിച്ച് നന്നായി അറിയുന്ന തിരഞ്ഞെടുക്കപ്പെട്ട ആളുകളെയാണ് രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിട്ടുള്ളത്.
Adjust Story Font
16