20 ഹോട്ടലുകൾകൂടി പൂട്ടിച്ചു, 31 കിലോ പഴകിയ മാംസം നശിപ്പിച്ചു; പരിശോധന കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
കഴിഞ്ഞ ഒൻപതു ദിവസങ്ങളിലായി സംസ്ഥാനവ്യാപകമായി നടന്ന പരിശോധനകളിൽ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 201 കടകളാണ് അടപ്പിച്ചത്
തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമായി തുടരുന്നു. ഇന്ന് 253 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 20 എണ്ണം അടപ്പിച്ചു. 31 കി.ഗ്രാം പഴകിയ മാംസവും 35 കി.ഗ്രാം മത്സ്യവും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാംപയിനിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ റെയ്ഡ് തുടരുന്നത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 20 കടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 86 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. വൃത്തിഹീനമായ നിലയിൽ കണ്ടെത്തിയ 31 കിലോഗ്രാം മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാംപിളുകൾ പരിശോധനയ്ക്കയച്ചു.
ഈ മാസം രണ്ടുമുതൽ ഇന്നുവരെ കഴിഞ്ഞ ഒൻപതു ദിവസങ്ങളിലായി സംസ്ഥാനവ്യാപകമായി 2,183 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 201 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 717 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 314 കി.ഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 185 സാംപിളുകൾ പരിശോധനയ്ക്കയയ്ക്കുകയും ചെയ്തു.
'ഓപറേഷൻ മത്സ്യ'യുടെ ഭാഗമായി ഇതുവരെ 6,240 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4,169 പരിശോധനകളിൽ 2,239 സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 89 പേർക്ക് നോട്ടീസ് നൽകി. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച 'ഓപറേഷൻ ജാഗറി'യുടെ ഭാഗമായി 521 സ്ഥാപനങ്ങൾ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശർക്കരയുടെ 137 സർവയലൻസ് സാംപിൾ ശേഖരിച്ചിട്ടുണ്ട്.
Summary: 20 hotels were closed today in the state as part of food safety raid
Adjust Story Font
16