Quantcast

ഇനിയും തിരിച്ചറിയാതെ 18 മൃതദേഹങ്ങള്‍

MediaOne Logo

admin

  • Published:

    13 April 2016 9:47 AM GMT

ഇനിയും തിരിച്ചറിയാതെ 18 മൃതദേഹങ്ങള്‍
X

ഇനിയും തിരിച്ചറിയാതെ 18 മൃതദേഹങ്ങള്‍

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പരിക്കേറ്റവരില്‍ നിന്നും ചികിത്സക്കായി ഫീസ് ഈടാക്കിയ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടി ഉണ്ടായേക്കും.

ദുരന്തത്തില്‍ മരിച്ച 18പേരുടെ മൃതദേഹമാണ് ഇനി തിരിച്ചറിയാനുള്ളത്. ഇവരെ തിരിച്ചറിയുന്നതിനായുള്ള ഡിഎന്‍എ പരിശോധന ഇന്ന് ആരംഭിച്ചേക്കും. കഴിഞ്ഞ ദിവസം മൂന്ന് പേര്‍ കൂടി മരിച്ചതോടെ പരവൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 109 ആയി.

സംസ്ഥാനത്തെ ഞെട്ടിച്ച പരവൂര്‍ ദുരന്തം സംഭവിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ 18 മൃതശരീരങ്ങളാണ് തിരിച്ചറിയാനുള്ളത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ആശുപത്രികളിലെ ഫ്രീസറുകളിലായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന അല്ലാതെ മറ്റ് മാര്‍ഗമില്ല. കാണാതായവരുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും ഫലം ഉണ്ടായില്ല.

ഈ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധന ഉടന്‍ ആരംഭിക്കണമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി കെ ഇളങ്കോവനും നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പരിക്കേറ്റ മൂന്ന് പേര്‍ കൂടി മരിച്ചതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 109 ആയി. പരവൂര്‍ സ്വദേശി പ്രസന്നന്‍, പ്ലാച്ചിറയില്‍ വിനോദ്, തങ്കച്ചന്‍ എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്. ഇവരുടെ മൃതശരീശം പോസ്റ്റ്മോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ 11 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരെ വിദഗ്ധ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നത് പ്രായോഗികമല്ലെന്ന് നേരത്തെ മെഡിക്കല്‍സംഘവും വിലയിരുത്തിയരുന്നു.

അതേസമയം, സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പരിക്കേറ്റവരില്‍ നിന്നും ചികിത്സക്കായി ഫീസ് ഈടാക്കിയ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടി ഉണ്ടായേക്കും. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു.

പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. രാവിലെ ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദര്‍ശിക്കും. അതിനു ശേഷം മെഡിക്കല്‍ കോളജിലെ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഒമ്പത് മണിക്കാണ് യോഗം. ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കുന്ന കാര്യങ്ങള്‍ വിലയിരുത്തുകയാണ് യോഗത്തിലെ പ്രധാന അജണ്ട.

TAGS :

Next Story