Quantcast

പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കി മന്ത്രി പികെ ജയലക്ഷ്മി

MediaOne Logo

admin

  • Published:

    1 May 2016 3:28 AM

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഏകവനിതാ മന്ത്രിയാണ് പി.കെ.ജയലക്ഷ്മി. വയനാട് മാനന്തവാടി മണ്ഡലത്തില്‍ നിന്ന് വിജയിച്ചെത്തിയ ജയലക്ഷ്മി, പട്ടികവര്‍ഗ വികസന വകുപ്പ് കൈകാര്യം ചെയ്യുന്നു.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഏകവനിതാ മന്ത്രിയാണ് പി.കെ.ജയലക്ഷ്മി. വയനാട് മാനന്തവാടി മണ്ഡലത്തില്‍ നിന്ന് വിജയിച്ചെത്തിയ ജയലക്ഷ്മി, പട്ടികവര്‍ഗ വികസന വകുപ്പ് കൈകാര്യം ചെയ്യുന്നു. തന്റെ വിഭാഗത്തിനായി പ്രഖ്യാപിച്ചത്, നാല്‍പതില്‍ അധികം പുതിയ പദ്ധതികളാണ്. ഇതു പൂര്‍ണമായും നടപ്പാക്കുന്നതില്‍ മന്ത്രി വിജയിച്ചുവെന്നാണ് മണ്ഡലത്തിലുള്ളവര്‍ പറയുന്നത്.

പട്ടികവര്‍ഗ വിഭാഗത്തിനുള്ള സമ്പൂര്‍ണ ഭവന പദ്ധതിയായ സ്‌നേഹവീട്, ആശിയ്ക്കും ഭൂമി ആദിവാസിയ്ക്ക് സ്വന്തം, അരിവാള്‍ രോഗികള്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍, ഗോത്രസാരഥി, ഗര്‍ഭിണികള്‍ക്കുള്ള പോഷകാഹാര പദ്ധതിയായ ജനനി ജന്മരക്ഷ, കടാശ്വാസ പദ്ധതി, മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള പ്രത്യേക പാക്കേജ് ഇങ്ങനെ നീളുന്നു മന്ത്രി പി.കെ.ജയലക്ഷ്മി പട്ടികവര്‍ഗക്കാര്‍ക്കായി നടപ്പാക്കിയ പദ്ധതികള്‍.

കരാറുകാരെ പൂര്‍ണമായും ഒഴിവാക്കാനായതാണ് സ്‌നേഹവീട് പദ്ധതിയുടെ വലിയ നേട്ടമായി കാണുന്നത്. പൂര്‍ത്തീകരിക്കാത്ത ആദിവാസി ഭവനങ്ങള്‍ എന്ന ചീത്തപ്പേര് മാറ്റിയെടുക്കാന്‍ പദ്ധതിയിലൂടെ സാധിയ്ക്കുന്നു. പോഷകാഹാര കുറവുകാരണം കുട്ടികള്‍ മരിയ്ക്കുന്നത് തടയാനാണ് 18 മാസം പൂര്‍ണമായും സമ്പൂര്‍ണ പോഷണം ഗര്‍ഭിണിയ്ക്കും ജനിയ്ക്കുന്ന കുഞ്ഞിനും ലഭ്യമാക്കുന്ന ജനനി ജന്മരക്ഷ പദ്ധതി ആരംഭിച്ചത്. ആയിരം രൂപയാണ് പ്രതിമാസം ഇവര്‍ക്കായി നല്‍കുന്നത്. അരിവാള്‍ രോഗികള്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ പദ്ധതിയാണ് ശ്രദ്ധേയമായ മറ്റൊന്ന്.

ആദിവാസി വിഭാഗങ്ങളില്‍ തന്നെ പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗക്കാര്‍ക്കായി മന്ത്രി പി.കെ.ജയലക്ഷ്മി നടപ്പാക്കിയ പദ്ധതികള്‍ വിജയം കാണുന്നുണ്ടെന്നാണ് ഈ വിഭാഗത്തിലുള്ളവരുടെ അഭിപ്രായം. മുന്‍ കാലങ്ങളില്‍ ഇല്ലാത്ത വിധം ഈ മേഖലയില്‍ വികസനങ്ങള്‍ എത്തിയ്ക്കാന്‍ മന്ത്രിയ്ക്കായി. ഇതാണ് ബെസ്റ്റ് മിനിസ്റ്ററാവാന്‍ പി.കെ.ജയലക്ഷ്മി മത്സരിക്കുമ്പോള്‍ വോട്ടു നല്‍കുന്നതിന് ജനങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന കാരണങ്ങള്‍.

TAGS :

Next Story