Quantcast

നികുതി കുടിശ്ശിക വരുത്തിയവരില്‍ മുന്നില്‍ വന്‍കിടക്കാര്‍

MediaOne Logo

Sithara

  • Published:

    18 Jan 2017 12:54 PM GMT

നികുതി കുടിശ്ശിക വരുത്തിയവരില്‍ മുന്നില്‍ വന്‍കിടക്കാര്‍
X

നികുതി കുടിശ്ശിക വരുത്തിയവരില്‍ മുന്നില്‍ വന്‍കിടക്കാര്‍

1000 കോടിയിലധികം കുടിശ്ശികയുള്ള പൊതുമേഖലാ എണ്ണകമ്പനികളാണ് ഇക്കൂട്ടത്തില്‍ മുന്നില്‍.

സംസ്ഥാനത്ത് കഴിഞ്ഞ 5 വര്‍ഷം വാണിജ്യ നികുതി കുടിശ്ശിക വരുത്തിയവരില്‍ ഏറെയും വന്‍കിട സ്ഥാപനങ്ങള്‍. 1000 കോടിയിലധികം കുടിശ്ശികയുള്ള പൊതുമേഖലാ എണ്ണകമ്പനികളാണ് ഇക്കൂട്ടത്തില്‍ മുന്നില്‍. കുടിശ്ശിക തിരിച്ചു പിടിക്കാനുള്ള റവന്യൂ റിക്കവറി നടപടികള്‍ മിക്കതും കോടതി വ്യവഹാരങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.

2011 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 6884 കോടി രൂപയാണ് സംസ്ഥാനത്തിന് വാണിജ്യ നികുതിയായി പിരിഞ്ഞുകിട്ടാനുള്ളത്. എണ്ണകമ്പനികള്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം കുടിശ്ശിക. 2300 കോടിയിലധികം രൂപ. ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവും 100 കോടിയിലധികം രൂപ വീതം നികുതിയായി നല്‍കാനുണ്ട്. കൊച്ചി റിഫൈനറി, പെട്രോനെറ്റ്, ഇന്ത്യന്‍ ഓയില്‍ എന്നീ സ്ഥാപനങ്ങള്‍ 10 കോടിയിലധികം രൂപ കുടിശ്ശിക വരുത്തിയവരാണ്.

സ്വകാര്യ സ്ഥാപനങ്ങളും വാണിജ്യ നികുതി നല്‍കുന്നതില്‍ പിശുക്ക് കാണിക്കുന്നവരാണ്. പാലക്കാട് ജില്ലയില്‍ ബഹുരാഷ്ട്ര കമ്പനിയായ പെപ്സിക്കോ 10 കോടിയിലധികം രൂപ നികുതിയിനത്തില്‍ നല്‍കാനുണ്ട്. തൃശൂരില്‍ ശോഭാ സിറ്റിയും ഇടുക്കിയില്‍ ക്ലബ് മഹീന്ദ്രയുടെ ലേയ്ക്ക് വ്യൂ റിസോര്‍ട്ടും മലപ്പുറത്ത് കേരനാട് പോളിയോളും 10 കോടിയിലധികം കുടിശ്ശിക വരുത്തിയവരാണ്. ശ്രീ വിനായക മോട്ടേഴ്സും പോപുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസുമെല്ലാം ഇതേ ഗണത്തില്‍ പെടുന്നവര്‍ തന്നെ.

നികുതി കുടിശ്ശിക ഈടാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ പറയുന്നുവെങ്കിലും പെട്രോളിയം കമ്പനികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്.

TAGS :

Next Story