Quantcast

വയനാട്ടില്‍ കാട്ടാനയെ കൊന്നതിനു പിന്നില്‍ റിസോര്‍ട്ട്- ക്വാറി മാഫിയയെന്ന് ആരോപണം

MediaOne Logo

admin

  • Published:

    1 March 2017 1:12 AM GMT

വയനാട്ടില്‍ കാട്ടാനയെ കൊന്നതിനു പിന്നില്‍ റിസോര്‍ട്ട്- ക്വാറി മാഫിയയെന്ന് ആരോപണം
X

വയനാട്ടില്‍ കാട്ടാനയെ കൊന്നതിനു പിന്നില്‍ റിസോര്‍ട്ട്- ക്വാറി മാഫിയയെന്ന് ആരോപണം

വയനാട്ടില്‍ കാട്ടാന വെടിയേറ്റു കൊല്ലപ്പെട്ട സംഭവം, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ. ധനേഷ് കുമാറിനെതിരെ നടക്കുന്ന ഗൂഡാലോചനയുടെ ഫലമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മ.

വയനാട്ടില്‍ കാട്ടാന വെടിയേറ്റു കൊല്ലപ്പെട്ട സംഭവം, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ. ധനേഷ് കുമാറിനെതിരെ നടക്കുന്ന ഗൂഡാലോചനയുടെ ഫലമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മ. റിസോര്‍ട്ട്, ക്വാറി മാഫിയകള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുത്ത വാര്‍ഡനെ ജില്ലയില്‍ നിന്ന് സ്ഥലം മാറ്റുന്നതിന് ആക്കം കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ക്രൂരതയെന്നും ഇവര്‍ ആരോപിക്കുന്നു.

വേട്ടയ്ക്കു വേണ്ടിയല്ല, റോഡരികില്‍ വച്ച്, പിടിയാനയെ വെടിവെച്ചു കൊന്നത്. സംഭവം നടന്നപ്പോള്‍ തന്നെ കൊലപാതകത്തിന്റെ ഉദ്യേശ്യമായിരുന്നു പ്രധാന ചര്‍ച്ചയായത്. വന്യജീവി സങ്കേതത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മൂന്ന് റിസോര്‍ട്ടുകള്‍ ഇതിനിടെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇടപെട്ട് പൂട്ടിയിരുന്നു. രാഷ്ട്രീയ ഇടപെടലുകള്‍ക്കൊടുവില്‍, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ദിവസം ധനേഷ്‍ കുമാറിന് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കുമോ എന്ന ആശങ്കയാണ് കാട്ടാനയെ വകവരുത്തിയ നീക്കത്തിനു പിന്നിലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

വിനോദത്തിനായി വന്യമൃഗങ്ങളെ വേട്ടയാടുന്ന പ്രവണത ഇപ്പോള്‍ വര്‍ധിക്കുന്നുണ്ട്. കൂടാതെ, വേട്ടക്കാര്‍ പരിശീലനത്തിനായും പിടിയാനകളെ കൊല്ലാറുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം പരിശോധിക്കണം. കേസ്, വിജിലന്‍സ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നേരിട്ട് അന്വേഷിക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. നിലവില്‍ കേസന്വേഷിക്കുന്ന വനംവകുപ്പിന്റെ സംഘത്തോടൊപ്പം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തെ കൂടി ഉള്‍പ്പെടുത്തികൊണ്ട് കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഇന്നലെ ഉത്തരവിറക്കി. ഒരാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

TAGS :

Next Story