ആറന്മുളയില്‍ നവംബറില്‍ കൃഷിയിറക്കും: വി എസ് സുനില്‍ കുമാര്‍
ആറന്മുളയില്‍ നവംബറില്‍ കൃഷിയിറക്കും: വി എസ് സുനില്‍ കുമാര്‍
കെജിഎസ് ഗ്രൂപ്പ് അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയ സ്ഥലം മിച്ചഭൂമിയായി പ്രഖ്യാപിക്കും.
ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ 56 ഹെക്ടര്‍ നിലത്ത് നവംബറില്‍ കൃഷിയിറക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. പദ്ധതി പ്രദേശത്ത് കെജിഎസ് ഗ്രൂപ്പ് അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയ സ്ഥലം മിച്ചഭൂമിയായി പ്രഖ്യാപിക്കും. പദ്ധതി പ്രദേശത്തെ വ്യവസായ മേഖല പ്രഖ്യാപനം പിന്‍വലിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ച് കഴിഞ്ഞതായും കൃഷിമന്ത്രി അറിയിച്ചു.
വര്‍ഷങ്ങളായി തരിശുകിടക്കുകയും വിമാനത്താവളത്തിനായി മണ്ണിട്ടു നികത്തുകയും ചെയ്ത പാടശേഖരങ്ങളില്‍ കൃഷിയിറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ മുന്നൊരുക്കം വിലയിരുത്താനാണ് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ആറന്മുള സന്ദര്‍ശിച്ചത്. വിമാനത്താവളത്തിനായി മണ്ണിട്ട് നികത്തിയതിനാല്‍ നീരൊഴുക്ക് നിലച്ച കരിമാരം തോട് പുനസ്ഥാപിക്കാനുള്ള ഹൈക്കോടതി വിധി രണ്ട് വര്‍ഷമായി നിലിനില്‍ക്കുന്നുണ്ടെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
പദ്ധതി പ്രദേശത്ത് ഭൂപരിഷ്കരണ നിയമം ലംഘിച്ച് കെജിഎസ് ഗ്രൂപ്പ് അനധികൃതമായി സ്ഥലം കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിട്ട് 24 മാസമായിട്ടും താലൂക്ക് ലാന്റ് ബോര്‍ഡ് നടപടി സ്വീകരിച്ചിട്ടില്ല. ഈ മാസം ആറാം തീയതി ചേരുന്ന യോഗത്തില്‍ ഈ സ്ഥലം മിച്ചഭൂമിയായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ആറന്മുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിലായി 443 ഹെക്ടര്‍ നിലമുള്ളതില്‍ 20 ഹെക്ടറില്‍ മാത്രമാണ് ഇപ്പോള്‍ കൃഷിയുള്ളത്. നവംബറില്‍ തന്നെ പ്രാഥമിക ഘട്ട കൃഷി ആരംഭിക്കാനുളള നടപടികള്‍ വേഗത്തിലാക്കാന്‍ ആറന്മുള എംഎല്‍എ വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി.
Adjust Story Font
16