Quantcast

ലിമിറ്റഡ് സ്‌റ്റോപ് ഓര്‍ഡിനറി പെര്‍മിറ്റ് കാലാവധി നീട്ടി

MediaOne Logo

Subin

  • Published:

    24 April 2017 11:51 PM GMT

ലിമിറ്റഡ് സ്‌റ്റോപ് ഓര്‍ഡിനറി പെര്‍മിറ്റ് കാലാവധി നീട്ടി
X

ലിമിറ്റഡ് സ്‌റ്റോപ് ഓര്‍ഡിനറി പെര്‍മിറ്റ് കാലാവധി നീട്ടി

കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാവുന്ന നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വരാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.

സ്വകാര്യബസ്സുകള്‍ക്ക് നല്‍കിയ താത്കാലിക ലിമിറ്റഡ് സ്‌റ്റോപ് ഓര്‍ഡിനറി പെര്‍മിറ്റുകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. സ്വകാര്യ ബസ്സുടകള്‍ക്ക് അനുകൂലമായി കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ട ഭേദഗതി റദ്ദാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നുമില്ല. കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാവുന്ന നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വരാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.

ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സര്‍വീസുകളെ 2013 ലെ ഉത്തരവിലൂടെ കെഎസ്ആര്‍ടിസി ഏറ്റെടുത്തിരുന്നു. ഇതുമൂലം സര്‍വീസ് നഷ്ടപ്പെട്ട സ്വകാര്യ ബസ്സുകള്‍ക്കാണ് കഴിഞ്ഞ സര്‍ക്കാര്‍ ലിമിറ്റഡ് സ്‌റ്റോപ് ഓര്‍ഡിനറി പെര്‍മിറ്റ് നല്‍കിയത്. കുറുക്കുവഴികളിലൂടെയായിരുന്നു പെര്‍മിറ്റ് അനുവദിച്ചത്. ഓര്‍ഡിനറി സര്‍വീസുകളുടെ പരമാവധി ദൂരപരിധി 140 കിലോമീറ്ററാണ്, എല്ലാ ഫെയര്‍ സ്‌റ്റേജുകളിലും സ്‌റ്റോപ്പുകളും വേണം. എന്നാല്‍ ഈ നിബന്ധനകള്‍ ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനച്ചട്ടം ഭേദഗതി ചെയ്താണ് പുതിയ പെര്‍മിറ്റ് അനുവദിച്ചത്.

ആറ് മാസത്തേക്ക് നല്‍കിയ ഈ പെര്‍മിറ്റിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ പുതിയ സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ തന്നെ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകുന്ന ഭേദഗതി റദ്ദാക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കെയാണ് മുന്‍ സര്‍ക്കാറിന്റെ നയം തിരുത്താന്‍ ഈ സര്‍ക്കാറും മടിക്കുന്നത്.

TAGS :

Next Story