Quantcast

ചാക്കോയെ ചതിച്ച് വീഴ്ത്തിയവര്‍ മാണിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിച്ഛായ

MediaOne Logo

Sithara

  • Published:

    6 May 2017 3:57 PM GMT

ചാക്കോയെ ചതിച്ച് വീഴ്ത്തിയവര്‍ മാണിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിച്ഛായ
X

ചാക്കോയെ ചതിച്ച് വീഴ്ത്തിയവര്‍ മാണിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിച്ഛായ

കോണ്‍ഗ്രസിനെതിരെ വീണ്ടും കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായ.

കോണ്‍ഗ്രസിനെതിരെ വീണ്ടും കേരളാ കോണ്‍ഗ്രസ് എം മുഖപ്രസിദ്ധീകരണം പ്രതിച്ഛായ. പി ടി ചാക്കോയെ സ്ത്രീവിഷയം ഉയര്‍ത്തി ഇല്ലാതാക്കിയെങ്കില്‍ ഇന്ന് കെ എം മാണിയെ ബാര്‍ മുതലാളിമാരെക്കൊണ്ട് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. എല്‍ഡിഎഫ് നേതാക്കള്‍ കെ എം മാണിയെ പ്രശംസിച്ചത് യുഡിഎഫിലെ ചില നേതാക്കള്‍ക്ക് അങ്കലാപ്പുണ്ടാക്കിയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

അനുരഞ്ജന ശ്രമങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്നതിനിടെയാണ് കേരളാ കോണ്‍ഗ്രസ് എം രൂക്ഷവിമര്‍ശവുമായി വീണ്ടും രംഗത്തെത്തിയത്. മുഖമാസികയായ പ്രതിച്ഛായയില്‍ കോണ്‍‍ഗ്രസിന്‍റെ കടന്നുപോയ തലമുറയെയും ഇപ്പോഴത്തെ തലമുറയയെയും മാസിക വിമര്‍ശിക്കുന്നു. മുന്‍പ് ആഭ്യന്തരമന്ത്രിയായിരുന്ന പി ടി ചാക്കോയെ സ്ത്രീ വിഷയത്തില്‍ ചതിച്ച് ഇല്ലാതാക്കിയവരുടെ പിന്‍തലമുറക്കാര്‍ ഇന്ന് കെ എം മാണിയെ കൊല്ലാക്കൊല ചെയ്യുകയാണ്. അതിന് ബാര്‍ മുതലാളിമാരുമായി ഇവര്‍ കൂട്ടുചേര്‍ന്നു. ശ്രമം വിജയിച്ചതുകൊണ്ടാണ് കെ എം മാണിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത്. കെ എം മാണിയെക്കുറിച്ച് വാതോരാതെ സംസാരിച്ച എല്‍ഡിഎഫ് നേതാക്കളുടെ പ്രശംസാവചനങ്ങള്‍ യുഡിഎഫിലെ ചില നേതാക്കളെ അങ്കലാപ്പിലാക്കിയെന്നും ലേഖനം പറയുന്നു.

കെ എം മാണി എതിര്‍ത്തതുകൊണ്ടാണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനാകാത്തതെന്ന് യുഡിഎഫ് മന്ത്രിസഭയിലെ ഒരു പ്രമുഖന്‍ ബാര്‍ ഉടമകളെ അറിയിച്ചെന്നും ഇതേതുടര്‍ന്നാണ് ബാര്‍ മുതലാളിമാര്‍ കെ എം മാണിക്കെതിരെ തിരിഞ്ഞതെന്നും ലേഖനം പറയുന്നു. പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്- കേരളാ കോണ്‍ഗ്രസ് എം ബന്ധത്തെപ്പറ്റി കോണ്‍ഗ്രസ് നേതാക്കള്‍ സംയമനം പാലിച്ചുള്ള പ്രതികരണങ്ങള്‍ നടത്തുന്നതിനിടെയാണ് പ്രതിച്ഛായ വീണ്ടും കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്. ചരല്‍കുന്ന് ക്യാംപില്‍ സ്വീകരിക്കാനിരിക്കുന്ന രാഷ്ട്രീയ തീരമാനങ്ങളുടെ വ്യക്തമായ സൂചനകളാണ് പ്രതിഛായയിലൂടെ പുറത്തുവന്നത്.

TAGS :

Next Story