Quantcast

ശ്രീനാരായണ ഗുരു മഹാനായ ഹിന്ദു സന്യാസിയാണെന്ന് ബിജെപി

MediaOne Logo

Alwyn K Jose

  • Published:

    15 May 2017 10:08 PM GMT

ശ്രീനാരായണ ഗുരു മഹാനായ ഹിന്ദു സന്യാസിയാണെന്ന് ബിജെപി
X

ശ്രീനാരായണ ഗുരു മഹാനായ ഹിന്ദു സന്യാസിയാണെന്ന് ബിജെപി

162ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്തു.

കേരളം ലോകത്തിന് നല്‍കിയ മഹാനായ ഹിന്ദു സന്യാസിയാണ് ശ്രീനാരായണഗുരുദേവനെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി. പരിഷ്കാരത്തിന്റെ പേരില്‍ സംസ്കാരത്തെയും സ്വന്തം നാടിനെയും തള്ളി പറയാന്‍ മടി കാണിക്കാത്ത ഇന്നത്തെ കപട പുരോഗമന വാദികള്‍ക്കുള്ള പാഠമാണ് ഗുരുദേവന്റെ പ്രവര്‍ത്തികള്‍. അനാചാരങ്ങള്‍ക്കെതിരെ പോരാടുമ്പോഴും അത് സ്വന്തം ധര്‍മത്തിന് എതിരാവാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നതായി ചതയ ദിനത്തോടനുബന്ധിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റില്‍ ബിജെപി സംസ്ഥാന ഘടകം അഭിപ്രായപ്പെടുന്നു.

ഇതേസമയം, ശ്രീ നാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കി അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. വര്‍ഗീയത വളര്‍ത്താനുള്ള ശ്രമമാണ് ബിജെപി നീക്കത്തിന് പിന്നില്‍. തിരുവോണത്തെ വാമനജയന്തി ആക്കിയതുപോലുള്ള വക്രബുദ്ധിയാണ് ഇക്കാര്യത്തിലും ബിജെപിയുടേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

എന്നാല്‍ ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയെന്ന് വിശേഷിപ്പിക്കുന്നതില്‍ വൈരുദ്ധ്യമില്ലെന്ന് കുമ്മനം രാജേശേഖരന്‍ പറഞ്ഞു. ഹിന്ദവെന്ന വാക്കിന്റെ വിശാല അര്‍ഥങ്ങള്‍ അറിയാത്തവരാണ് ബിജെപിയുടെ നിലപാടിനെ വിവാദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുരു ഹിന്ദുമത വക്താവല്ല, ശ്രീനാരായണ ഗുരു ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ വക്താവായിരുന്നില്ലെന്ന് സ്വാമി ഋതംബരാനന്ദ. അത്തരത്തില്‍ ചുരുക്കിക്കാണുന്നത് തെറ്റാണ്. ശ്രീനാരായണ ദര്‍ശനം ഏകലോകസിദ്ധാന്തമാണെന്നും ശിവഗിരിമഠം ജനറല്‍സെക്രട്ടറി പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കാനുള്ള ബിജെപി നീക്കം തികഞ്ഞ ഗുരുനിന്ദയാണെന്ന് വി എം സുധീരന്‍ ഓണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത വര്‍ഗീയ അ‍ജണ്ട തന്നെയാണ് ഗുരുജയന്തിയിലും കാണുന്നത് ബിജെപി അജണ്ട കേരളത്തിലെ ജനങ്ങള്‍ പുച്ഛത്തോടെ തള്ളിക്കളയുമെന്നും സുധീരന്‍ പറഞ്ഞു.

മഹാബലിയുടെയും ശ്രീനാരായണ ഗുരുവിന്റെയും സമത്വത്തെ കുറിച്ചുശള്ള ആശയങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഗുരുദേവന്റെ നിര്‍ദേശങ്ങള്‍ യുവാക്കള്‍ക്ക് ഇപ്പോഴും മാര്‍ഗദീപമാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്കല ശിവഗിരി ആശ്രമത്തില്‍ 162ആമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിവഗിരിമഠത്തിന്റെ കവാടത്തില്‍ നിര്‍മിക്കുന്ന ഗോപുരത്തിന്റെ ശിലാസ്ഥാപന ചടങ്ങും അദ്ദേഹം നിര്‍വഹിച്ചു.

TAGS :

Next Story