കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം
കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം
ഗുരുതരമായ കരള്‍ രോഗത്തിനൊപ്പം അമിത മദ്യപാനവും പെട്ടന്നുള്ള മരണത്തിനിടയാക്കിയിരിക്കാം എന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍
കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഗുരുതരമായ കരള്‍ രോഗത്തിനൊപ്പം അമിത മദ്യപാനവും പെട്ടന്നുള്ള മരണത്തിനിടയാക്കിയിരിക്കാം എന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്. എങ്കിലും ശരീരത്തില്‍ മെഥനോളിന്റെ അംശം ഉണ്ടോ എന്ന് രാസപരിശോധന ഫലം വരും വരെ പോലീസ് അന്വേഷണം തുടരും.
ഗുരുതരമായ കരള്‍ രോഗത്തോടപ്പം അമിത മദ്യപാനവും മരണത്തിന് കാരണമായിരിക്കാം എന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന മണിയോട് അല്പം പോലും മദ്യപിക്കരുതെന്ന് സ്ഥിരമായി ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥയില്‍ മണിയെ ആശുപത്രിയിലാക്കുന്നതിന്റെ തലേദിവസം പോലും മദ്യപിച്ചിരുന്നതായാണ് പോലീസിന് മൊഴി ലഭിച്ചിരിക്കുന്നത്. ഈ കാരണങ്ങളാല്‍ പെട്ടെന്ന് കരള്‍രോഗം മൂര്‍ച്ഛിച്ചത് തന്നെയാണ് മരണത്തിനിടയാക്കിയത് എന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ നിഗമനം.
എങ്കിലും മണിയുടെ ശരീരത്തില്‍ വ്യാജമദ്യത്തിലും മറ്റും കാണുന്ന മെഥനോളിന്റ സാന്നിദ്ധ്യമുണ്ടന്ന് അവസാനം ചികിത്സിച്ച ഡോക്ടര്‍മാര്‍ രേഖമൂലം അറിയിച്ചത് പൊലീസ് ഗൌരവത്തോടെയാണ് കാണുന്നത്. മണിയുടെ വിശ്രമകേന്ദ്രം സീല്‍ ചെയ്തതും സുഹൃത്തുക്കളില്‍ നിന്ന് മൊഴിയെടുക്കുന്നത് തുടരുന്നതും ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുന്നതിനാണ്. എന്നാല്‍ ചാരായം പോലുള്ള മെഥനോളിന്റെ അംശമുണ്ടാകാന്‍ സാധ്യതയുള്ളതൊന്നും മണി കഴിച്ചിട്ടില്ലന്നാണ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി. ആത്മഹത്യ സാധ്യതയും സുഹൃത്തുക്കളും ബന്ധുക്കളും നിഷേധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രാസപരിശോധന ഫലം വരും വരെ കാത്തിരിക്കാനാണ് പൊലീസിന്റെ തീരുമാനം.
Adjust Story Font
16