മെത്രാന്‍ കായലില്‍ വിത്തിറക്കി
മെത്രാന്‍ കായലില്‍ വിത്തിറക്കി
മെത്രാന്‍ കായലില്‍ ഭൂമിയുള്ള സ്വകാര്യ കമ്പനി പാടം തരിശിട്ടാല്‍ അവിടെ കുടുംബശ്രീയ്ക്ക് കൃഷിയിറക്കാമെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു
മെത്രാന്‍ കായലില്‍ കൃഷിയല്ലാതെ മറ്റൊന്നും അനുവദിക്കില്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. മെത്രാന്‍ കായലില്‍ ഭൂമിയുള്ള സ്വകാര്യ കമ്പനി പാടം തരിശിട്ടാല്‍ അവിടെ കുടുംബശ്രീയ്ക്ക് കൃഷിയിറക്കാമെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. മെത്രാന്‍ കായലില്‍ കര്‍ഷകരുടെ ഭൂമിയില്‍ വിത്തു വിതച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തരിശുകിടന്ന 5967ഏക്കറില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ കൃഷിയിറക്കിയെന്നും മന്ത്രി പറഞ്ഞു.
എട്ട് വര്‍ഷമായി തരിശു കിടന്ന മെത്രാന്‍ കായലില്‍ കൃഷിയിറക്കാന്‍ മുന്നിട്ടിറങ്ങിയ കര്‍ഷരുടെ 25 ഏക്കര്‍ പാടശേഖരത്താണ് സര്‍ക്കാര്‍ സഹായത്തോടെ വിത്തു വിതച്ചത്. ബാക്കിയുള്ള 404 ഏക്കര്‍ കൃഷി ഭൂമി ദുബായ് ആസ്ഥാനമായുള്ള റാക്കിന്‍ഡോ കമ്പനിയുടെ പക്കലാണ്. കമ്പനിയോടും കൃഷിയിറക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ കമ്പനി അതിനു തയ്യാറായില്ലെങ്കില്‍ കുടുംബശ്രീ ഉള്‍പ്പെടെയുള്ളവര്‍ കൃഷിയിറക്കുമെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. ഭൂപരിധി നിയമം കമ്പനി ലംഘിച്ചിട്ടുണ്ടോയെന്ന് ജില്ലാ കലക്ടര്‍ പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മെത്രാന്‍ കായലില്‍ കൃഷിയിറക്കുമെന്ന് കഴിഞ്ഞ ജൂണ്‍ മാസമാണ് മന്ത്രി സുനില്‍കുമാര്‍ പ്രഖ്യാപനം നടത്തിയത്. പുറം ബണ്ട് ബലപ്പെടുത്തുന്നതിനും വെള്ളം വറ്റിക്കുന്നതിനുമായി 80 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പാടശേഖരം കൃഷിക്ക് യോഗ്യമാക്കിയ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. കൃഷിയിറക്കാന്‍ മുന്നിട്ടിറങ്ങിയ 94 വയസ്സുള്ള നെല്‍കര്‍ഷകന്‍ എം കെ കരുണാകരനെ ചടങ്ങില്‍ ആദരിച്ചു.
Adjust Story Font
16