നിരവധി പ്രതിസന്ധികള്‍ക്കിടെ ഇന്ന് മന്ത്രിസഭായോഗം
നിരവധി പ്രതിസന്ധികള്‍ക്കിടെ ഇന്ന് മന്ത്രിസഭായോഗം
മൂന്നാർ കയ്യേറ്റം, നോട്ട് പ്രതിസന്ധി, ചരക്ക് ലോറി സമരം തുടങ്ങിയ വിഷയങ്ങൾ മന്ത്രിസഭയുടെ പരിഗണനക്ക് വന്നേക്കും
മദ്യശാലകൾ തുറക്കുന്നതടക്കമുള്ള നിരവധി പ്രതിസന്ധികൾ നിലനിൽക്കുന്നതിനിടയിൽ മന്ത്രിസഭായോഗം ഇന്ന് ചേരും. മൂന്നാർ കയ്യേറ്റം, നോട്ട് പ്രതിസന്ധി, ചരക്ക് ലോറി സമരം തുടങ്ങിയ വിഷയങ്ങൾ മന്ത്രിസഭയുടെ പരിഗണനക്ക് വന്നേക്കും. ചോദ്യപേപ്പർ ചോർച്ചയും മന്ത്രിസഭ ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.
ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ അപ്പീൽ പോകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും നിലവിലുണ്ടായിരിക്കുന്ന പ്രതിസന്ധി മന്ത്രിസഭ ചർച്ച ചെയ്യും. താലൂക്കടിസ്ഥാനത്തിൽ ലൈസൻസ് നൽകുന്നതിന് ഓർഡിനൻസ് ഇറക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും യോഗത്തിൽ നടക്കുമെന്നാണ് സൂചന. മൂന്നാർ വിഷയം വിവാദമായിരിക്കെ ഇത് സംബന്ധിച്ച ചർച്ചകൾ യോഗത്തിൽ നടന്നേക്കും. നോട്ട് പ്രതിസന്ധി മൂലം പെൻഷൻ വിതരണമടക്കം മുടങ്ങുമെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ മന്ത്രിസഭായോഗം ഇക്കാര്യം ഗൗരവമായി പരിശോധിക്കുമെന്നാണ് സൂചന.
ചരക്ക് ലോറി സമരം മൂലം വിലക്കയറ്റം ഉണ്ടാകാനുള്ള സാധ്യതയുള്ളതുകൊണ്ട് വില നിയന്ത്രിക്കാനാവശ്യമായ ഇടപെടൽ മത്രിസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായേക്കും. ചോദ്യപേപ്പർ വിഷയം വിദ്യാഭ്യാസ മന്ത്രിയില്ലാത്തതിനാൽ കഴിഞ്ഞ മന്ത്രിസഭ ചർച്ച ചെയ്തിരുന്നില്ല. സർക്കാരിന്‍റെ പ്രതിഛായയെ തന്നെ ബാധിച്ച ഈ വിഷയവും മന്ത്രിസഭ യോഗം പരിഗണിച്ചേക്കും.
Adjust Story Font
16