സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തില്‍
സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തില്‍
കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്
സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനാണ് മെഡിക്കല്‍ മാനേജ്മെന്റുകളുടെ തീരുമാനം.
നീറ്റിന് ശേഷമുള്ള അധ്യയന വര്‍ഷമായതിനാല്‍ മുഴുവന്‍ മെഡിക്കല്‍ സീറ്റിലെയും പ്രവേശം സുതാര്യമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ വകുപ്പ് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. സ്വകാര്യ കോളജുകളിലെ മാനേജ്മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്ക് നീറ്റ് റാങ്ക് പട്ടികയില്‍ നിന്ന് സര്‍ക്കാര്‍ പ്രവേശം നടത്തണമെന്നാണ് ഉത്തരവിലുള്ളത്. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ സംസ്ഥാന പ്രവേശ കമ്മീഷണറോട് ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ സംസ്ഥാന റാങ്ക് പട്ടികയില്‍ നിന്നും ബാക്കി സീറ്റുകളിലേക്ക് നീറ്റ് റാങ്ക് പട്ടികയില്‍ നിന്നും പ്രവേശം നടത്തണമെന്നും ഉത്തരവിലുണ്ട്. സംവരണം മറ്റ് ക്വാട്ടകൾ എന്നിവ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ കരാറനുസരിച്ചായിരിക്കുമെന്നും ഉത്തരവ് പറയുന്നു.
അതേസമയം സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനാണ് വിവിധ മാനേജ്മെന്റുകളുടെ തീരുമാനം. ഈ മാസം 22ന് പ്രവേശ നടപടികള്‍ തുടങ്ങണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. എന്നാല്‍ കൃത്യ സമയത്ത് പ്രവേശ നടപടികള്‍ ആരംഭിക്കാനാകുമോയെന്ന കാര്യം സംശയമാണ്. പ്രവേശ നടപടികള്‍ കോടതി കയറുന്നതോടെ ഇത്തവണത്തെ മെഡിക്കല്‍ പ്രവേശ നടപടികള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
Adjust Story Font
16