ടോള്‍ രഹിത റോഡുകളും പാലങ്ങളുമായി തോമസ് ഐസക്
ടോള്‍ രഹിത റോഡുകളും പാലങ്ങളുമായി തോമസ് ഐസക്
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് മുഖേന നിര്‍മിക്കുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ ഉണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്
കേരള അടിസ്ഥാന സൌകര്യ നിക്ഷേപ നിധി കിഫ്ബി മുഖേന നിര്‍മിക്കുന്ന റോഡുകളിലും പാലങ്ങളിലും ടോള്‍ പിരിവ് ഉണ്ടാകില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കിഫ്ബി ഭേദഗതി ബില്ല് സംബന്ധിച്ച പ്രതിപക്ഷ ചോദ്യത്തിന് മറുപടി പറയുകയായിരുന്ന മന്ത്രി. കിഫ്ബി ബില്ല റിസര്‍വ് ബാങ്ക്, സെബി നിയമങ്ങള്‍ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കിഫ്ബി ബില്ലും ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ഭേദഗതി ബില്ലും നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
പ്രതിപക്ഷം ഉന്നയിച്ച തടസവാദങ്ങള്‍ തള്ളിയാണ് അടിസ്ഥാന സൌകര്യ നിക്ഷേപ നിധി ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചത്. നിശ്ചിത തുകയില്‍ മുകളിലായതിനാല്‍ നിയമസഭക്ക് പാസാക്കാന്‍ അധികാരമില്ലെന്നായിരുന്നു മുന്‍ ധനമന്ത്രി കെഎം മാണിയുടെ തടസവാദം. റിസര്‍വ്ബാങ്ക്, സെബി എന്നിവയുടെ മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനാല്‍ ബില്ല് അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് വിഡി സതീശനും പറഞ്ഞു. കിഫ്ബിയില്‍ നിന്നുള്ള തുക ഉപയോഗിച്ച് റോഡും പാലവും നിര്‍മിച്ചാല്‍ ടോളും യൂസര്‍ഫീയും ഏര്‍പ്പെടുത്തേണ്ടിവരുമെന്ന ആശങ്കയും പ്രതിപക്ഷം ഉന്നയിച്ചു. തുടര്‍ന്നാണ് കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഉണ്ടാകില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.
ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിലെ അംഗങ്ങളുടെ എണ്ണം 3 ആയി കുറക്കുന്ന ഭേദഗതി ഉള്‍പ്പെടെയുള്ള ബില്ലും ഇന്ന് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു. സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ 15000 ക്ഷേത്രങ്ങളിലെ 60 ശതമാനം നിയമവും ഇനി പുതിയ ബോര്‍ഡ് വഴിയായിരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അബ്കാരികള്‍ക്ക് റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അംഗമാകാനുള്ള അയോഗ്യത ഒഴിവാക്കുന്ന വകുപ്പില്‍ പ്രതിപക്ഷ വിമര്‍ശം ഉന്നയിച്ചു. രണ്ട് ബില്ലുകളും ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
Adjust Story Font
16