വരള്‍ച്ചാക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം പര്യടനം തുടങ്ങി
വരള്‍ച്ചാക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം പര്യടനം തുടങ്ങി
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് സംഘം രണ്ട് ദിവസം കൊണ്ട് പരിശോധന നടത്തുക.
സംസ്ഥാനത്തെ വരള്‍ച്ചാക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം പര്യടനം തുടങ്ങി. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് സംഘം രണ്ട് ദിവസം കൊണ്ട് പരിശോധന നടത്തുക.
നീതി ആയോഗ് ഡെപ്യൂട്ടി അഡ്വൈസര്‍ മനേഷ് ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തൃശൂര്‍ ജില്ലയിലെ വരള്‍ച്ചാ ദുരിത മേഖലകള്‍ പരിശോധിച്ചത്. കൊരട്ടി, നെറ്റിശ്ശേരി, ചെറുതുരുത്തി എന്നിവിടങ്ങളിലാണ് പ്രധാനമായും സംഘം പര്യടനം നടത്തിയത്. പിന്നീട് സംഘം എറണാകുളത്തേക്ക് തിരിച്ചു.
കേന്ദ്ര കൃഷിമന്ത്രാലയം ജോയിന്‍റ് സെക്രട്ടറിയും ഇന്‍റര്‍ മിനിസ്റ്റീരിയല്‍ ടീം ഫോര്‍ ഡ്രോട്ട് അസെസ്മെന്‍റ് ടീം ലീഡറുമായ അശ്വിന്‍ കുമാര്‍ ഐഎഎസിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പാലക്കാട് ജില്ലയില്‍ വരള്‍ച്ചാ വിലയിരുത്തലിനായി എത്തിയത്. ജില്ലയിലെ കൃഷിനാശം, ഡാമുകളിലെ താഴ്ന്ന ജലനിരപ്പ്, കുടിവെള്ളക്ഷാമം, വരള്‍ച്ചമൂലമുണ്ടായ പകര്‍ച്ചവ്യാധികള്‍, സൂര്യാഘാതം തുടങ്ങി വിവിധ പ്രശ്നങ്ങള്‍ സംഘം വിലയിരുത്തി. തൃശൂര്‍, പാലക്കാട് അതിര്‍ത്തിയായ വാണിയമ്പാറയില്‍ നിന്ന് യാത്ര പുറപ്പെട്ട സംഘം മംഗലം ചെക്ക് ഡാം, ഗായത്രി പുഴയിലെ വറ്റിയ തടയണകള്‍, ചുള്ളിയാര്‍ ഡാം, കോരയാര്‍ പുഴ, കൂടാതെ ഈ പ്രദേശങ്ങളിലെ കുടിവെള്ള വിതരണം എന്നിവ പരിശോധിച്ചു.
തുടര്‍ന്ന് പാലക്കാട് എംപി എംബി രാജേഷും ആയി കൂടിക്കാഴ്ച നടത്തി. വരള്‍ച്ചാ പ്രതിരോധമായി ജില്ലയ്ക്ക് 304.35 കോടി രൂപയുടെ സഹായം അഭ്യര്‍ത്ഥിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്ര സംഘത്തിന് ജില്ലാ കളക്ടര്‍ കൈമാറി. പാലക്കാട് ജില്ലയിലെ പര്യടനത്തിന് ശേഷം മലപ്പുറത്തേക്ക് തിരിച്ച സംഘം നാളെ മലപ്പുറത്ത് വരള്‍ച്ചാ വിലയിരുത്തല്‍ നടത്തും.
Adjust Story Font
16