Quantcast

മന്ത്രിസഭ രൂപീകരണം: പിണറായി ഇന്ന് ഗവര്‍ണറെ കാണും

MediaOne Logo

admin

  • Published:

    22 Aug 2017 1:41 PM GMT

മന്ത്രിസഭ രൂപീകരണം: പിണറായി ഇന്ന് ഗവര്‍ണറെ കാണും
X

മന്ത്രിസഭ രൂപീകരണം: പിണറായി ഇന്ന് ഗവര്‍ണറെ കാണും

മന്ത്രിസഭ രൂപീകരണത്തിന് അവകാശമുന്നയിച്ച് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റ നേതൃത്വത്തില്‍ ഇടതുമുന്നണി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും.

മന്ത്രിസഭ രൂപീകരണത്തിന് അവകാശമുന്നയിച്ച് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റ നേതൃത്വത്തില്‍ ഇടതുമുന്നണി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാകും നേതാക്കള്‍ രാജ്ഭവനിലെത്തുക. സിപിഐ, എന്‍സിപി, ജെഡിഎസ് മന്ത്രിമാരെയും ഇന്ന് നിശ്ചയിക്കും.

എകെജി സെന്ററില്‍ ഇന്ന് ഉച്ചക്കാണ് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്റെ അധ്യക്ഷതയിലാകും യോഗം. ശേഷം പിണറായിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിക്കും.

25ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പുറമെ 18 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരെ നിശ്ചയിക്കാന്‍ ഘടകകക്ഷികള്‍ ഇന്ന് യോഗം ചേരുന്നുണ്ട്. സിപിഐ സംസ്ഥാന എക്സിക്യുട്ടീവും കൌണ്‍സിലും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുമാണ് സിപിഐക്ക് നല്‍കിയിട്ടുള്ളത്.

ഇന്നത്തെ സംസ്ഥാന കൌണ്‍സിലിന് ശേഷം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് നേതാവിനെ തെരഞ്ഞെടുക്കും. മുതിര്‍ന്ന നേതാവ് സി ദിവാകരനാണ് സാധ്യത. ഓരോ മന്ത്രിസ്ഥാനം വീതം ലഭിച്ച എന്‍സിപി, ജെഡിഎസ് കക്ഷികളും മന്ത്രിമാരെ ഇന്ന് തീരുമാനിക്കും. എന്‍സിപിയില്‍ എ കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്നിവരാണ് പരിഗണനയില്‍. രണ്ട് ടേമായി ഇരുവര്‍ക്കും അവസരം നല്‍കാനും ആലോചനയുണ്ട്.

ജനതാദള്‍ എസില്‍ നിന്ന് മാത്യു ടി തോമസിനാണ് സാധ്യത. സംസ്ഥാന സെക്രട്ടേറിയറ്റ് നിശ്ചയിച്ച സിപിഎം മന്ത്രിമാരുടെ പേരുകള്‍ക്ക് ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കും. 25ന് രാവിലെയാകും വകുപ്പുകള്‍ പ്രഖ്യാപിക്കുക.

TAGS :

Next Story