ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധനകള്‍ പ്രതിസന്ധിയില്‍
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധനകള്‍ പ്രതിസന്ധിയില്‍
പരിശോധനയ്ക്ക് പോകാന്‍ ആവശ്യത്തിന് വാഹനങ്ങളില്ലാത്തത് വകുപ്പിന്‍റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം യഥാസമയം പരിശോധനകള്‍ നടത്താനാവാതെ പ്രതിസന്ധിയില്‍. പരിശോധനയ്ക്ക് പോകാന്‍ ആവശ്യത്തിന് വാഹനങ്ങളില്ലാത്തത് വകുപ്പിന്‍റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. ഇതിന് പുറമേ നിയമസഭാ മണ്ഡലങ്ങളിലായി പ്രത്യേകം പ്രവര്‍ത്തിക്കേണ്ട സര്‍ക്കിള്‍ ഓഫീസുകള്‍ കൂട്ടത്തോടെ ഒരിടത്ത് പ്രവര്‍ത്തിക്കുന്നതാണ് നിലവിലെ അവസ്ഥ. മീഡിയവണ്‍ എക്സ്ക്ലുസിവ്.
പരിമിതികളാല്‍ വലയുകയാണ് സംസ്ഥാന ഭക്ഷ്യസുരക്ഷ വിഭാഗം. പരിശോധനയ്ക്ക് പോകാന്‍ പോലും വാഹനങ്ങളില്ല. ഒരു ജില്ലയ്ക്ക് ഒരു വാഹനം മാത്രമാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. ആകെ ഉള്ള വാഹനം ജില്ലാ ആസ്ഥാനത്ത് നിന്ന് എത്തിയാലേ സര്‍ക്കിളുകളില്‍ പരിശോധന നടക്കൂ. അതാകട്ടെ കാലപ്പഴക്കം ഏറെയുള്ളതും. ഓരോ സര്‍ക്കിളിലും ഓഫീസ് എന്ന വ്യവസ്ഥയും ഇതുവരെ പാലിക്കാനായിട്ടില്ല.
ജില്ലാ ഓഫീസിന് പുറമേ കോഴിക്കോട് നോര്‍ത്ത്, എലത്തൂര്‍, ബേപ്പൂര്‍, തിരുവമ്പാടി, കോഴിക്കോട് സൌത്ത് തുടങ്ങിയ ആറ് ഓഫീസുകളാണ് ഈ ഒറ്റ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. വടകര സര്‍ക്കിള്‍ ഓഫീസിലാണ് കുറ്റ്യാടി, നാദാപുരം സര്‍ക്കിളുകളുടേയും പ്രവര്‍ത്തനം. കൊയിലാണ്ടി ഓഫീസില്‍ തന്നെയാണ് ബാലുശ്ശേരി, പേരാമ്പ്ര സര്‍ക്കിളുകളുടേയും പ്രവര്‍ത്തനം. ഇതൊക്കെ തന്നെയാണ് പലയിടത്തും അവസ്ഥ. ഭക്ഷ്യവസ്തുക്കളിലെ മായം അടക്കം കണ്ടെത്താനായി ജാഗ്രതയോടെ പരിശോധനകള്‍ നടത്തേണ്ട വിഭാഗമാണ് പരിമിതികളാല്‍ നട്ടം തിരിയുന്നത്.
Adjust Story Font
16