നടിയെ ആക്രമിച്ച സംഭവം: സുനിയുടെ അഭിഭാഷകന്‍റെ വീട്ടിലും ഓഫീസിലും റെയ്ഡ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു
നടിയെ ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രദീഷ് ചാക്കോയുടെ വീട്ടിലും ഓഫീസിലും പോലീസ് റെയ്ഡ് നടത്തി. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് സംശയിക്കുന്ന മെമ്മറി കാര്‍ഡും ഫോണും കണ്ടെടുക്കാനായിരുന്നു പരിശോധന.
മൊബൈല്‍ ഫോണ്‍ കായലില്‍ ഉപേക്ഷിച്ചെന്ന പള്‍സര്‍ സുനിയുടെ മൊഴി പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സുനിയെ സഹായിച്ച അഭിഭാഷകനായ പ്രദീഷ് ചാക്കോയുടെ വീട്ടിലും ഓഫീസിലും പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നുവെങ്കിലും ചില സംശയങ്ങള്‍ ബാക്കിയായിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും മെമ്മറി കാര്‍ഡും കണ്ടെടുക്കാനാണ് പോലീസ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ ഇവ കണ്ടെടുക്കാന്‍ സാധിച്ചില്ലെന്നാണ് വിവരം. ഓഫീസില്‍ നിന്നും നിര്‍ണ്ണായകമായ ചില രേഖകള്‍ കണ്ടെടുത്തതായാണ് പോലീസ് നല്‍കുന്ന സൂചന. ഇതിന്‍റെ വിശദമായ പരിശോധന നടത്തേണ്ട ആവശ്യമുണ്ട്.
നേരത്തെ പ്രദീഷിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തിയെങ്കിലും ഹൈക്കോടതി ഇരുപത്തിമൂന്നാം തിയ്യതി വരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിടുകയായിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ പ്രദീഷ് ചാക്കോ കൂട്ടുനിന്നതായി പോലീസ് സംശയിക്കുന്നുണ്ട്. നേരത്തെ പ്രദീഷ് ചാക്കോയുടെ ഓഫീസില്‍ നിന്നും പ്രതികളുടെ വസ്ത്രങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു.
Adjust Story Font
16