ഹയര്‍ സെക്കന്ററികളിലും പാഠപുസ്തക വിതരണം പാതിവഴിയില്‍
ഹയര്‍ സെക്കന്ററികളിലും പാഠപുസ്തക വിതരണം പാതിവഴിയില്‍
പ്ലസ് വണ്‍ പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ഉത്തരവ് നല്‍കിയതിലുണ്ടായ കാലതാമസമാണ് കാരണം
ഹയര്‍ സെക്കന്ററി സ്കൂളുകളിലും പാഠപുസ്തക വിതരണം പൂര്‍ത്തിയായില്ല. പ്ലസ് വണ്‍ പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ഉത്തരവ് നല്‍കിയതിലുണ്ടായ കാലതാമസമാണ് കാരണം. ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഹയര്‍ സെക്കന്ററി ഡയറക്ടര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഏജന്‍സിയായ സി ആപ്റ്റിനെയാണ് ഹയര്‍ സെക്കന്ററി പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ഡയറക്ടറേറ്റ് ചുമതലപ്പെടുത്തിയിരുന്നത്. പ്ലസ്ടു പുസ്തകങ്ങള്‍ സി ആപ്റ്റ് സ്വന്തമായി അച്ചടിച്ചു. പ്ലസ് വണ്‍ പുസ്തകങ്ങള്‍ കൂടി അച്ചടിക്കാന്‍ സൌകര്യമില്ലാത്തതിനാല്‍ ടെന്‍ഡര്‍ വിളിച്ച് സ്വകാര്യ ഏജന്‍സിയെ ഏല്‍പിക്കാനായിരുന്നു സി ആപ്റ്റിന്റെ നീക്കം. ടെന്‍ഡര്‍ പരാജയപ്പെട്ടതോടെ അച്ചടി കെബിപിഎസിനെ ഏല്‍പിച്ചു. പക്ഷെ അച്ചടിക്കാനുള്ള ഉത്തരവ് നല്‍കുന്നതില്‍ കാലതാമസമുണ്ടായി. മാര്‍ച്ചില്‍ നല്‍കേണ്ട ഉത്തരവ് മെയ് മാസത്തിലാണ് നല്‍കിയത്. സ്കൂളുകൾ ഇന്റന്റ് നല്‍കുന്നതില്‍ കാലതാമസം വരുത്തിയത് പ്രതിസന്ധിക്കിടയാക്കിയെന്നാണ് സി ആപ്റ്റിന്റെ വിശദീകരണം.
നാല് ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാനായിരുന്നു കെബിപിഎസിന് നല്‍കിയ നിര്‍ദേശം. കെബിപിഎസ് അച്ചടി പൂര്‍ത്തിയാക്കിയെങ്കിലും പുസ്തകങ്ങള്‍ ഇതുവരെയും വിതരണം ചെയ്തിട്ടില്ല. ഏതാനും പുസ്തകങ്ങള്‍ വിതരണം ചെയ്തതൊഴിച്ചാല്‍ അച്ചടിച്ച ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ ഇപ്പോഴും കെബിപിഎസില്‍ കെട്ടിക്കിടക്കുകയാണ്. സി ആപ്റ്റാണ് ഇത് വിതരണം ചെയ്യേണ്ടത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഹയര്‍ സെക്കന്ററി ഡയറക്ടര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 29ന് ഓണപ്പരീക്ഷ തുടങ്ങാനിരിക്കെയാണ് പ്ലസ് വൺ വിദ്യാര്‍ഥികളും പാഠപുസ്തകമില്ലാതെ വലയുന്നത്.
Adjust Story Font
16