ശമ്പളം കൊടുത്തെങ്കിലും കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി തീര്‍ന്നില്ല
ശമ്പളം കൊടുത്തെങ്കിലും കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി തീര്‍ന്നില്ല
അടുത്ത മാസം ശമ്പളവും പെന്‍ഷനും എങ്ങനെ നല്‍കുമെന്നതിന് കോര്‍പ്പറേഷനോ ഗതാഗതമന്ത്രിക്കോ വ്യക്തമായ മറുപടിയില്ല
എസ്ബിടി 70 കോടി രൂപ വായ്പ നല്‍കിയാലും കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് പരിഹാരമാകില്ല. നിലവിലെ ശമ്പള പ്രതിസന്ധിക്ക് മാത്രമേ ഇതുകൊണ്ട് പരിഹാരമാകൂ. ഈ മാസം 15ന് പെന്‍ഷന്‍ നല്‍കാനായി 27.5 കോടി രൂപ കെഎസ്ആര്‍ടിസി കണ്ടെത്തണം. 2016 ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം 3371.42 കോടി രൂപയാണ് കോര്‍പറേഷന്റെ ആകെ കടം.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രം ഒരു മാസം 75 കോടി രൂപ വേണം. കോര്‍പ്പറേഷന്റെ കൈവശം ഈ മാസം 22 കോടി മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിനായി വിവിധ ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും നിലവിലെ കുടിശ്ശികകള്‍ കാരണം അവര്‍ കൈമലര്‍ത്തുകയായിരുന്നു. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഈ മാസം 15ന് പെന്‍ഷന്‍ നല്‍കാനായി 27.5 കോടി രൂപ വേണം. അടുത്ത മാസത്തെ ശമ്പളത്തിനും പണം കണ്ടെത്തേണ്ടതുണ്ട്. ചുരുക്കത്തില്‍ ഇപ്പോള്‍ എസ്ബിടി നല്‍കിയ വായ്പ കടം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന കെഎസ്ആര്‍ടിസിയുടെ നിലവിലെ പ്രതിസന്ധിക്ക് മാത്രമേ പരിഹാരമാകൂവെന്ന് ചുരുക്കം.
വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള കുടിശികയായ 2823.42 കോടി രൂപയും സര്‍ക്കാര്‍ വായ്പ ഇനത്തിലുള്ള 548 കോടിയും ചേര്‍ത്ത് 3371.42 കോടി രൂപയുടെ ബാധ്യതയിലാണ് നിലവില്‍ കെഎസ്ആര്‍ടിസി. ഇതില്‍ 240 കോടി രൂപ ഈ വര്‍ഷം ജൂണ്‍ - ആഗസ്റ്റ് കാലത്തെ ശമ്പള - പെന്‍ഷന്‍ വിതരണത്തിനു മാത്രം വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടമെടുത്തതാണ്. ജൂണ്‍ മാസത്തെ ശമ്പളത്തിന് 140 കോടി രൂപയാണ് കെടിഡിഎഫ്സി, എസ്ബിടി എന്നിവിടങ്ങളില്‍ നിന്ന് കടമെടുത്തത്. ആഗസ്റ്റ് മാസത്തെ ശമ്പള - പെന്‍ഷന്‍ വിതരണത്തിന് മാത്രമായി 100 കോടി രൂപയും കടമെടുത്തു. 12 ശതമാനം പലിശയ്ക്ക് എറണാകുളം ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക്, പാലക്കാട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നായി 50 കോടി രൂപ വീതം കടമെടുക്കുകയായിരുന്നു. ഇതടക്കമാണ് 2823.42 കോടി രൂപയുടെ ബാധ്യത കണക്കാക്കിയിട്ടുള്ളത്.
Adjust Story Font
16