കണ്ണൂരില്‍ റവന്യൂ ഭൂമി കയ്യേറി ചെങ്കല്‍ ഖനനം
കണ്ണൂരില്‍ റവന്യൂ ഭൂമി കയ്യേറി ചെങ്കല്‍ ഖനനം
സിപിഎം നേതൃത്വത്തിലുളള സഹകരണ സംഘത്തിന്റെ അടക്കം പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്നത് 138 ചെങ്കൽ ക്വാറികളാണ്.
കണ്ണൂര്‍ ജില്ലയിലെ കല്യാട് വില്ലേജില്‍ 500 ഏക്കറോളം റവന്യൂ ഭൂമി കയ്യേറി ചെങ്കല്‍ ഖനനം. സിപിഎം നേതൃത്വത്തിലുളള സഹകരണ സംഘത്തിന്റെ അടക്കം പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്നത് 138 ചെങ്കൽ ക്വാറികളാണ്. ഖനനം നിരോധിച്ചു കൊണ്ടുളള ഹൈക്കോടതി വിധിയും നടപ്പിലായില്ല. മീഡിയവണ്‍ എക്സ്ക്ലുസിവ്.
ഇരിട്ടി താലൂക്കിലെ കല്യാട് വില്ലേജില് 46/1, 46/4, 23/1 എന്നീ സര്‍വ്വെ നമ്പറുകളില്‍ ഉള്‍പ്പെട്ട 500 ഏക്കറോളം വരുന്ന റവന്യൂ ഭൂമിയിലാണ് ചെങ്കല്‍ ഖനനം നടക്കുന്നത്. ഒന്നും രണ്ടുമല്ല 138 ചെങ്കല്‍ ക്വാറികളാണ് ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സ് ഉളളതാവട്ടെ ഒരു ക്വാറിക്ക് മാത്രം. സിപിഎം നേതൃത്വത്തിലുളള ബക്കളം കല്ല് കൊത്ത് തൊഴിലാളി വ്യവസായ സഹകരണ സംഘത്തിന്‍റേതടക്കം മറ്റ് ക്വാറികളെല്ലാം പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായി. 350 ലോഡ് ചെങ്കല്ലുകളാണ് പ്രതിദിനം ഇവിടെ നിന്നും പുറത്തേക്ക് പോകുന്നത്. പോലീസ് നടത്തുന്ന പരിശോധനയില്‍ വിരലിലെണ്ണാവുന്ന ലോറികള്‍ പിടിച്ചെടുക്കാറുണ്ടങ്കിലും 5000 രൂപ പിഴയടച്ചാല്‍ വാഹനം വിട്ടുനല്‍കുകയാണ് പതിവ്. 2017ല്‍ ഖനനം നിര്‍ത്തിവെച്ച് ഹൈക്കോടതി വിധി പുറപ്പെടുവിച്ചെങ്കിലും ഈ ഉത്തരവ് നടപ്പിലായില്ല.
സര്‍വ്വെ നമ്പര്‍ 46/1 മാത്രം കഴിഞ്ഞ ദിവസം തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വെയില്‍ 200 ഏക്കറോളം മിച്ചഭൂമി കണ്ടെത്തിയിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി എവിടെയുമെത്തിയില്ല. രാത്രിയും പകലുമില്ലാതെ തുടരുന്ന ഖനനം മൂലം പ്രദേശത്ത് പാരിസ്ഥിതിക പ്രശ്നങ്ങളും രൂക്ഷമാണ്.
Adjust Story Font
16