Quantcast

സുപ്രധാന വകുപ്പുകള്‍ സിപിഎമ്മിന്

MediaOne Logo

admin

  • Published:

    22 Feb 2018 7:16 AM GMT

സുപ്രധാന വകുപ്പുകള്‍ സിപിഎമ്മിന്
X

സുപ്രധാന വകുപ്പുകള്‍ സിപിഎമ്മിന്

എല്‍ഡിഎഫ് മന്ത്രിസഭയില്‍ ആഭ്യന്തരവും ധനകാര്യവും ഉള്‍പ്പെടെയുളള പ്രധാന വകുപ്പുകള്‍ സിപിഎം തന്നെ കയ്യാളും.

എല്‍ഡിഎഫ് മന്ത്രിസഭയില്‍ ആഭ്യന്തരവും ധനകാര്യവും ഉള്‍പ്പെടെയുളള പ്രധാന വകുപ്പുകള്‍ സിപിഎം തന്നെ കയ്യാളും. റവന്യു, വനം, ഭക്ഷ്യ-സിവില്‍ സപ്ലൈസ്, കൃഷി വകുപ്പുകള്‍ സിപിഐക്ക് ലഭിച്ചു. ജെഡിഎസിന് ജലവിഭവവും എന്‍സിപിക്ക് ഗതാഗതവും കോണ്‍ഗ്രസ് എസിനാണ് തുറമുഖ വകുപ്പ്.

വിഎസ് സര്‍ക്കാറില്‍ കൈവശം വെച്ച റവന്യു, കൃഷി,ഭക്ഷ്യ-സിവിൽ സപ്ലൈസ്, വനം വകുപ്പുകള്‍ തന്നെയാണ് ഈ മന്ത്രിസഭയിലും സിപിഐക്ക് ലഭിച്ചത്. നിയമ-ജലവിഭവ വകുപ്പുകള്‍ കൂടി സിപിഐ ചോദിച്ചെങ്കിലും സൂ-മ്യൂസിയം വകുപ്പുകള്‍ മാത്രമാണ് അധികമായി സിപിഎം അനുവദിച്ചത്. ആഭ്യന്തരം, ധനകാര്യം, വിദ്യാഭ്യാസം, തദേശം ഉള്‍പ്പടെയുളള 16ഓളം പ്രധാന വകുപ്പുകള്‍ സിപിഎം വഹിക്കും. കഴിഞ്ഞ തവണ ആര്‍എസ്‍പിക്കുണ്ടായിരുന്ന ജലസേചന വകുപ്പ് ജെഡിഎസിന് കിട്ടിയപ്പോള്‍ ജെഡിഎസ് വഹിച്ചിരുന്ന ഗതാഗതം എന്‍സിപിക്ക് തിരികെ നല്‍കി. മാത്യു ടി തോമസ് ജലവിഭവ വകുപ്പു മന്ത്രിയും എ കെ ശശീന്ദ്രന്‍ ഗതാഗത വകുപ്പ് മന്ത്രിയുമാകും. ജലവിഭവ വകുപ്പിനായി എന്‍സിപി ശക്തമായി സമ്മര്‍ദം ചെലുത്തിയെങ്കിലും മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായ ജെഡിഎസിനെയാണ് സിപിഎം പരിഗണിച്ചത്. വിഎസ് സര്‍ക്കാറില്‍ ദേവസ്വം മന്ത്രിയായിരുന്ന കടന്നപ്പളളി രാമചന്ദ്രന് ഇത്തവണ സുപ്രധാനമായ തുറമുഖ വകുപ്പാണ് അനുവദിച്ചത്. ദേവസ്വം വകുപ്പ് സിപിഎം ഏറ്റെടുക്കുകയും ചെയ്തു.

സിപിഎമ്മിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനവും പൂര്‍ത്തിയായി. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ക്ക് പുറമേ ഐടി വകുപ്പും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വഹിക്കും. തോമസ് ഐസക് ധനകാര്യവും എ കെ ബാലന്‍ നിയമ- സാംസ്കാരിക- പിന്നോക്കക്ഷേമ വകുപ്പും കൈകാര്യം ചെയ്യും. മറ്റു മന്ത്രിമാരുടെ വകുപ്പുകള്‍ ഇപ്രകാരം- ഇ പി ജയരാജന്‍- വ്യവസായം- സ്പോര്‍ട്സ്, കെ കെ ശൈലജ- ആരോഗ്യം കുടുബക്ഷേമം, ടി പി രാമകൃഷ്ണന്‍- എക്സൈസ് തൊഴിൽ, ജി സുധാകരന്‍-പൊതുമരാമത്ത്, രജിസ്ട്രേഷന്‍, സി. രവീന്ദ്രനാഥ്- വിദ്യാഭ്യാസം, ജെ മേഴ്സികുട്ടിയമ്മ- ഫിഷറീസ്, കശുവണ്ടി വ്യവസായം, എ സി മൊയ്തീന്‍ - സഹകരണം, ടൂറിസം, കടകമ്പള്ളി സുരേന്ദ്രന്‍ -വൈദ്യുതി, ദേവസ്വം.

എല്‍ഡിഎഫ് സ്വതന്ത്രനായി ജയിച്ച കെ ടി ജലീലിന് സുപ്രധാനമായ തദ്ദേശ വകുപ്പാണ് സിപിഎം നല്‍കിയത്. സിപിഐ മന്ത്രിമാരില്‍ ഇ ചന്ദ്രശേഖരന്‍ റവന്യു വകുപ്പും വി എസ് സുനില്‍ കുമാര്‍ കൃഷി വകുപ്പും പി തിലോത്തമന്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പും കെ രാജു വനം-പരിസ്ഥിതി വകുപ്പും കൈകാര്യം ചെയ്യും.

TAGS :

Next Story