Quantcast

കോണ്‍ഗ്രസിന്റെ ആറ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കൂടി ധാരണ

MediaOne Logo

admin

  • Published:

    7 March 2018 2:45 PM GMT

കോണ്‍ഗ്രസിന്റെ ആറ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കൂടി ധാരണ
X

കോണ്‍ഗ്രസിന്റെ ആറ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കൂടി ധാരണ

കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയും തെരഞ്ഞെടുപ്പ് സമിതിയും ഇന്ന് വീണ്ടും ചേരും

കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മറ്റിയില്‍ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളില്‍ കൂടി തീരുമാനം ആയി. അമ്പലപ്പുഴ ജെഡിയുവിന് നല്‍കില്ല. പകരം ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ഥി ആകും. കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയില്‍ രാജ്മോഹന്‍ ഉണ്ണിത്താനും മത്സരിക്കും. പത്തനാപുരത്ത് ജഗദീഷ്, കൊട്ടാരക്കരയില്‍ രശ്മി ആര്‍ നായര്‍, ചാത്തന്നൂരില്‍ ശൂരനാട് രാജശേഖരന്‍ എന്നിവരുടെ കാര്യത്തിലും സ്ക്രീനിങ് കമ്മറ്റിയില്‍ ധാരണയായിട്ടുണ്ട്.

തെരഞ്ഞെടുപ്പ് സമിതിയും ഇന്ന് ചേരും. കഴിഞ്ഞദിവസം ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ തര്‍ക്കമണ്ഡലങ്ങളില്‍ തീരുമാനമായില്ല. തര്‍ക്ക സീറ്റുകളില്‍ വി എം സുധീരനും ഉമ്മന്‍ചാണ്ടിയും നിലപാടുകളില്‍ ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. അറുപത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇന്നലെ നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു.

അനുരജ്ഞന ശ്രമങ്ങള്‍ക്കൊടുവില്‍ ഇന്നലെ വൈകിട്ട് മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നത്. യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയും വി എം സുധീരനും തമ്മിലുള്ള തര്‍ക്കം നടക്കുന്ന സീറ്റുകളെ സംബന്ധിച്ചുള്ള ചര്‍ച്ച നടന്നില്ല. ഘടകകക്ഷികളുമായി തര്‍ക്കം നിലനില്‍ക്കുന്ന സീറ്റുകള്‍ ഒഴിച്ചിട്ട് ബാക്കി മണ്ഡലങ്ങളില്‍ തീരുമാനമെടുത്ത് ആറ് മണിയോടെ യോഗം പിരിയുകയായിരുന്നു. ഇതിന് ശേഷമാണ് തര്‍ക്കമണ്ഡലങ്ങളെകുറിച്ച് മാത്രം ചര്‍ച്ച ചെയ്യാന്‍ സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ പ്രത്യേകം യോഗം ചേര്‍ന്നത്. എന്നാല്‍ വിഎം സുധീരനും ഉമ്മന്‍ചാണ്ടിയും നിലപാടുകളില്‍ ഉറച്ചുനിന്നു. ഇതോടയൊണ് ഇന്ന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത്.

ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ 60 സീറ്റുകളിലാണ് തീരുമാനമായത്. ടി എന്‍ പ്രതാപന്‍ കൈപ്പമംഗലത്തും എം ലിജു കായംകുളത്തും റോജി എം ജോണ്‍ അങ്കമാലിയിലും ആര്യാടന്‍ ഷൌകത്ത് നിലമ്പൂരിലും മത്സരിക്കും. കോന്നി, ഇരിക്കൂര്‍, തൃപ്പൂണിത്തുറ, തൃക്കാക്കര, കൊച്ചി എന്നീ മണ്ഡലങ്ങള്‍ക്ക് പുറമെ കണ്ണൂരും വടക്കാഞ്ചേരിയുമാണ് തീരുമാനമാവാത്ത സിറ്റിംഗ് സീറ്റുകള്‍.

TAGS :

Next Story