ജിഷ്ണുവിന്റെ മരണം: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് മുന്‍കൂര്‍ജാമ്യം
ജിഷ്ണുവിന്റെ മരണം: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് മുന്‍കൂര്‍ജാമ്യം
കൃഷ്ണദാസിനെതിരെ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി. വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്ക് നയിച്ചത് കോളജിലെ അന്തരീക്ഷമായിരിക്കാമെന്നും കോടതി
ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് വ്യവസ്ഥകളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ആത്മഹത്യാപ്രേരണ കുറ്റത്തിന് കൃഷ്ണദാസിനെതിരെ തെളിവുകളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോളജിലെ അന്തരീക്ഷമായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന് തിരിച്ചടിയേകിയാണ് ഹൈക്കോടതി പി കൃഷ്ണദാസിന് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. പി കൃഷ്ണദാസിനെതിരെ ആത്ഹത്യാപ്രേരണകുറ്റം ചുമത്താന്‍ വേണ്ട തെളിവുകള്‍ നിലവില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് ആയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംഭവദിവസം പി കൃഷ്ണദാസ് കോളേജിലുണ്ടായിരുന്നില്ല. ജിഷ്ണുവിന് മര്‍ദ്ദനം ഏറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പി കൃഷ്ണദാസിനെതിരെയുള്ള സാക്ഷിമൊഴികളെല്ലാം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണെന്നും അത്തരം മൊഴികളുടെ അടിസ്ഥാനത്തില്‍ ഒരാളെ കുറ്റക്കാരനാക്കാനാകില്ലെന്നും കേസ് ഡയറി പരിശോധിച്ചശേഷം ഹൈക്കോടതി കണ്ടെത്തി. വെള്ളപ്പേപ്പറില്‍ ജിഷ്ണുവില്‍ നിന്ന് കോളജ് അധികൃതര്‍ ഒപ്പിട്ടുവാങ്ങിയെന്നത് എതിരായ തെളിവായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സംഭവത്തില്‍ സജീവമായ ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തം കൃഷ്ണദാസിനുണ്ടെന്നും തെളിയിക്കാനായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. മറിച്ച് കോളജിലെ അന്തരീക്ഷമാകാം ജിഷ്ണുവിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കോടതി പറഞ്ഞു. അതിനാല്‍ തന്നെ കേസിലെ ഒന്നാം പ്രതിയായ കൃഷ്ണദാസിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി. കോളജില്‍ പ്രവേശിക്കരുത്, കോളജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുത്, വിചാരണ കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടരുത്, അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അന്വേഷണസംഘം ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നിവയാണ് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് കോടതി മുന്നോട്ട് വെച്ച വ്യവസ്ഥകള്‍.
Adjust Story Font
16