തോമസ് ചാണ്ടിക്കെതിരായ പരാതിയില്‍ മലക്കം മറിഞ്ഞ് വിജിലന്‍സ്
തോമസ് ചാണ്ടിക്കെതിരായ പരാതിയില്‍ മലക്കം മറിഞ്ഞ് വിജിലന്‍സ്
നിയമോപദേശത്തിനായി വിജിലൻസ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷന് കൈമാറിയിരുന്ന പരാതി എജിക്ക് കൈമാറി
മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ മലക്കം മറിഞ്ഞ് വിജിലൻസ്. നിയമോപദേശത്തിനായി വിജിലൻസ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷന് കൈമാറിയിരുന്ന പരാതി എജിക്ക് കൈമാറി. ഒന്നര മാസം മുന്‍പാണ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കിയത്.
സാധാരണ വിജിലന്‍സിന് ഒരു പരാതി ലഭിച്ചാല്‍ അതിന്മേല്‍ അന്വേഷണം വേണമോ വേണ്ടയോയെന്ന കാര്യത്തില്‍ ഒരു മാസത്തിനകം തീരുമാനം എടുക്കുകയാണ് ചെയ്യുക. പക്ഷെ രമേശ് ചെന്നിത്തല തോമസ് ചാണ്ടിക്കെതിരെ നല്‍കിയ പരാതിയില്‍ ഒന്നര മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഇതുവരെയെടുത്തില്ല. പരാതിയിന്മേല്‍ എന്ത് നടപടിയെടുക്കണമെന്ന് ചോദിച്ച് വിജിലൻസ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്‍ കെ ഡി ബാബുവിനോട് ഡയറക്ടര്‍ നിയമോപദേശം ചോദിച്ചെങ്കിലും ഇതുവരെ മറുപടി കൊടുത്തിരുന്നില്ല. കലക്ടറുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷം മറുപടി നല്‍കിയാല്‍ മതിയെന്ന നിര്‍ദ്ദേശമായിരുന്നു കെ ഡി ബാബുവിന് നല്‍കിയിരുന്നത്.
പക്ഷെ കലക്ടറുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ നിയമോപദേശം തേടി അഡ്വക്കേറ്റ് ജനറലിനെ സമീപിക്കുകയാണ് വിജിലന്‍സ് ഡയറക്ടര്‍ ചെയ്തത്. വിശദമായ നിയമോപദേശത്തിന് വേണ്ടിയാണിതെന്നാണ് വിശദീകരണം. ഇത് അസാധാരണ നടപടിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കോടതിയെ നേരിട്ട് സമീപിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.
Adjust Story Font
16