Quantcast

വേനലില്‍ വന്‍ കൃഷിനാശം; നഷ്ടപരിഹാര മാനദണ്ഡങ്ങളില്‍ കേരളം ഇളവ് തേടും

MediaOne Logo

Sithara

  • Published:

    22 March 2018 5:07 PM GMT

വേനലില്‍ വന്‍ കൃഷിനാശം; നഷ്ടപരിഹാര മാനദണ്ഡങ്ങളില്‍ കേരളം ഇളവ് തേടും
X

വേനലില്‍ വന്‍ കൃഷിനാശം; നഷ്ടപരിഹാര മാനദണ്ഡങ്ങളില്‍ കേരളം ഇളവ് തേടും

നഷ്ടപരിഹാരം സംബന്ധിച്ചുള്ള കേന്ദ്ര മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നതിന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍

സംസ്ഥാനത്ത് വേനലില്‍ ഇത്തവണ ഉണ്ടായത് റെക്കോര്‍ഡ് കൃഷിനാശം. 42000 ഹെക്ടറിലെ കൃഷി നശിച്ചെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. നഷ്ടപരിഹാരം സംബന്ധിച്ചുള്ള കേന്ദ്ര മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നതിന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ മീഡിയവണിനോട് പറഞ്ഞു.

സംസ്ഥാന കൃഷിവകുപ്പ് മാര്‍ച്ച് അവസാനവാരം ശേഖരിച്ച കണക്ക് പ്രകാരം 30,000 ഹെക്ടറിലെ 1200 കോടി രൂപ മൂല്യം വരുന്ന കൃഷി നശിച്ചു. എന്നാല്‍ ഒടുവിലത്തെ കണക്ക് പ്രകാരം ഇത് 42,000 ഹെക്ടര്‍ കവിയും. നിലവില്‍ വരള്‍ച്ച, കൃഷിനാശം വിലയിരുത്തുന്നതിനുള്ള കേന്ദ്രസംഘം സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ തെളിവെടുപ്പ് നടത്തുകയാണ്. ഇതിന് ശേഷം 21ന് കേന്ദ്രസംഘം തിരുവനന്തപുരത്ത് എത്തി കൃഷിമന്ത്രി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ തവണത്തേതും ഈ വര്‍ഷത്തെയും വിളവ് താരതമ്യം ചെയ്തുകൊണ്ടുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസംഘത്തിന് കൈമാറും.

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ മാനദണ്ഡത്തിലാണ് കേരളത്തിലും കേന്ദ്രം നഷ്ടപരിഹാരതുക നിശ്ചയിക്കുന്നത്. ഇതില്‍ ഇളവ് വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും. കാര്‍ഷിക വിളകള്‍ക്ക് വില ഇടിയുമ്പോള്‍ കൃഷി വകുപ്പ് വിപണിയില്‍ ഇടപെട്ട് ന്യായവില ഉറപ്പ് വരുത്തുന്നതിനുള്ള നടപടിയെടുക്കുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി.

TAGS :

Next Story