മഴ കനത്തു: തിരുവനന്തപുരത്ത് ജാഗ്രതാനിര്‍ദേശം; ഇടുക്കിയില്‍ മണ്ണിടിഞ്ഞ് മരണം
മഴ കനത്തു: തിരുവനന്തപുരത്ത് ജാഗ്രതാനിര്‍ദേശം; ഇടുക്കിയില്‍ മണ്ണിടിഞ്ഞ് മരണം
തിരുവനന്തപുരം ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് കാലവര്‍ഷമെത്തി. മഴ കനത്തതോടെ മഴക്കെടുതികളും തുടങ്ങി. ഇടുക്കിയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
വേനല്‍ മഴ കാലവര്‍ഷത്തിന് വഴിമാറിയതോടെ ശക്തമായ മഴയാണ് സംസ്ഥാനത്തൊട്ടാകെ ലഭിച്ചിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഇതിനകം 7 സെന്റി മീറ്റര്‍ വരെ മഴ ലഭിച്ചു. തിരുവനന്തപുരത്ത് വരും മണിക്കൂറുകളിലും കനത്ത മഴ പ്രതീക്ഷിക്കുന്നതിനാല്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം നല്‍കി. പൊന്മുടി പോലുള്ള മലന്പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളിലേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കടലാക്രമണ ഭീഷണിയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം. കടല്‍തീരങ്ങളില്‍ പോകുന്ന സഞ്ചാരികള്‍ക്കും മുന്നറിയിപ്പ് നല്‍കി.
ഇടുക്കി വാഴവരയില്‍ രാവിലെ ആറരയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സംഭവത്തില്‍ എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ ജോബി ജോണ്‍ മരിച്ചു. ജേബിയുടെ അമ്മയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കോട്ടയം താഴത്തങ്ങാടി തളിക്കോട്ടയില്‍ ഗവണ്‍മെന്റ് മുഹമ്മദന്‍സ് യുപി സ്കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. അംഗനവാടി കെട്ടിടം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഭാഗമാണ് തകര്‍ന്നു വീണത്. ഫിറ്റ്നസിന് അപേക്ഷിച്ചിരുന്ന കെട്ടിടത്തില്‍നിന്ന് ഇന്ന് രാവിലെ പ്രധാനാധ്യാപകന്‍ ഇടപെട്ട് കുട്ടികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി.
കൊല്ലത്ത് കനത്തമഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇരവിപുരം കാക്കത്തോട്ടിലാണ് രൂക്ഷമായ കടലാക്രമണമുണ്ടായത്. തെന്‍മല ഡാമില്‍ ജലനിരപ്പുയര്‍ന്നു.
Adjust Story Font
16